ലോകകപ്പില്‍ വമ്പമാര്‍ക്കൊന്നും സാധിക്കാതെ പോയ റെക്കോര്‍ഡുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സ്. ശ്രീലങ്കയ്‌ക്കെതിരേ ഇന്നു ലഖ്‌നൗവില്‍ നടന്ന മല്‍സരത്തിലാണ് അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി ഡച്ച് ടീം ചരിത്രം കുറിച്ചത്. വാലറ്റത്ത് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് അവര്‍ തങ്ങളുടെ പേരിലാക്കിയത്.
ഏഴാം വിക്കറ്റില്‍ ഡച്ച് ടീം കൂട്ടിച്ചേര്‍ത്തത് 135 റണ്‍സായിരുന്നു. 48 വര്‍ഷത്തെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏഴാം വിക്കറ്റില്‍ ഒരു ടീം ആദ്യമായാണ് ഇത്രയും വലിയ കെട്ടുകെട്ടുണ്ടാക്കിയത്. സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ട്- ലോഗന്‍ വാന്‍ബീക്ക് സഖ്യമായിരുന്നു ലോക റെക്കോര്‍ഡ് കൂട്ടുകെട്ടുമായി ചരിത്രത്താളുകളില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഡച്ച് ടീം വന്‍ തകര്‍ച്ച നേരിട്ട് ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിനു 91 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു.

ഇതോടെ നെതര്‍ലാന്‍ഡ്‌സ് 150 റണ്‍സ് പോലും തികയ്ക്കുമോയെന്നു സംശയിച്ചു. എന്നാല്‍ എംഗെല്‍ബ്രെക്ട്- വാന്‍ബീക്ക് സഖ്യം അവിശ്വസനീയ കൂട്ടുകെട്ടുമായി ഡച്ച് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. ടീം സ്‌കോര്‍ 91ല്‍ നില്‍ക്കെ ക്രീസില്‍ ഒരുമിച്ച സഖ്യം 46ാം ഓവറില്‍ 221 റണ്‍സില്‍ വച്ചാണ് വേര്‍പിരിഞ്ഞത്.
അപ്പോഴേക്കും ചരിത്രം വഴിമാറിയിരുന്നു. മല്‍സരത്തില്‍ എംഗെല്‍ബ്രെക്ട് 70 റണ്‍സ് നേടി പുറത്തായപ്പോള്‍ വാന്‍ബീക്ക് 59 റണ്‍സുമെടുത്തു. 82 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു എംഗെല്‍ബ്രെക്ടിന്റെ ഇന്നിങ്‌സ്. വാന്‍ബീക്ക് 75 ബോളില്‍ ഓരോ ഫോറും സിക്‌സറുമടിച്ചു.
ഈ ലോകകപ്പിലെ ഇതുവരെയുള്ള മല്‍സരങ്ങളില്‍ ഏഴാം നമ്പറിലോ അതിനു താഴെയോ കൂടുതല്‍ ഫിഫ്റ്റി നേടിയ താരങ്ങളെയെടുത്താല്‍ മൂന്നു പേര്‍ നെതര്‍ലാന്‍ഡ്‌സുകാരാണ്. മറ്റെല്ലാ ടീമിലുമായി ഒരാള്‍ക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ.
മല്‍സരത്തില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു നെതര്‍ലാന്‍ഡ്‌സ് നല്‍കിയത്.ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡച്ച് ടീം രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 262 റണ്‍സിനു പുറത്താവുകയായിരുന്നു. വാലറ്റത്ത് എംഗെല്‍ബ്രെക്ടും വാന്‍ബീക്കും നല്‍കിയ സംഭാവനകളൊഴിച്ചു നിര്‍ത്തിയാല്‍ ഡച്ച് നിരയില്‍ മറ്റാരും തിളങ്ങിയില്ല.

കോളിന്‍ ആക്കര്‍മാന്‍ (29), മാക്‌സ് ഒഡൗഡ് (16), ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (16) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. ലങ്കന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് രണ്ടു പേരായിരുന്നു. പേസ് ജോടികളായ ദില്‍ഷന്‍ മധുഷങ്കയും കസുന്‍ രജിതയും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്ലെയിങ് ഇലവന്‍
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെന്‍ക, ധനഞ്ജയ ഡിസില്‍വ, ദുഷന്‍ ഹേമന്ത, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക.
നെതര്‍ലാന്‍ഡ്സ്-വിക്രംജീത്ത് സിങ്, മാക്സ് ഒഡൗഡ്, കോളിന്‍ ആക്കര്‍മാന്‍, ബാസ് ഡിലീഡെ, സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ട്, തേജ നിദാമണുരു, സ്‌കോട്ട് എഡ്വാര്‍ഡ്സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലോഗന്‍ വാന്‍ബീക്ക്, റോള്‍ഫ് വാന്‍ഡര്‍മെര്‍വ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍മീക്കെറന്‍.