ഡല്‍ഹി: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം നാളെ അഫ്ഗാനിസ്ഥാനെതിരേ നടക്കാന്‍ പോവുകയാണ്. ഏകദിന ലോകകപ്പില്‍ ഇതുവരെ ജയിക്കാനാവാത്ത അഫ്ഗാന്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഓസ്‌ട്രേലിയയെ 199ല്‍ ഒതുക്കുകയും ആറ് വിക്കറ്റിന് വിജയിക്കുകയും ചെയ്ത ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല. ഇന്ത്യ-അഫ്ഗാന്‍ പോരാട്ടത്തില്‍ എല്ലാവരും വലിയ ആകാംക്ഷയോടെ കാണുന്നത് വിരാട് കോലി-നവീന്‍ ഉള്‍ ഹഖ് പോരാട്ടമാണ്.
അവസാന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ താരമായിരുന്നു നവീന്‍ ഉല്‍ ഹഖ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ നവീനും വിരാട് കോലിയും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ശക്തമായ വാക്കേറ്റമുണ്ടാവുകയും ഗൗതം ഗംഭീര്‍ ഇടപെട്ടതോടെ കൈയാങ്കളിയുടെ വക്കോളം സംഘര്‍ഷമെത്തുകയും ചെയ്തിരുന്നു. കോലിയുടെ സൂപ്പര്‍ താര പദവി നോക്കാതെ സ്ലെഡ്ജിങ്ങിന് അതേ നാണയത്തില്‍ നവീന്‍ മറുപടി നല്‍കിയിരുന്നു.
പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി തവണ നവീന്‍ കോലിയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം വീണ്ടും കോലിയും നവീന്‍ ഉള്‍ ഹഖും നേര്‍ക്കുനേര്‍ എത്താന്‍ പോവുകയാണ്. രണ്ട് പേര്‍ക്കും ഉള്ളില്‍ പകയുണ്ടെന്നുറപ്പ്. അതുകൊണ്ടുതന്നെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ചൂടേറും. കലിപ്പുള്ള ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന താരമാണ് കോലി. അതുകൊണ്ടുതന്നെ നവീനെയും കോലി പഞ്ഞിക്കിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ ഇപ്പോഴിതാ കോലിയെ നവീന്‍ പുറത്താക്കുമെന്ന മുഹമ്മദ് ഹനാന്‍ എന്ന ട്വിറ്റര്‍ യൂസറുടെ പ്രവചനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കോലി ആരാധകര്‍ നവീനെ കോലി തല്ലിപ്പറത്തുമെന്നും നവീന്‍ ഇനി പ്ലേയിങ് 11ല്‍ ഇടം നേടാത്ത വിധം കിങ് കരയിപ്പിക്കുമെന്നെല്ലാമാണ് കമന്റിടുന്നത്. കോലി ആരാധകര്‍ നിരവധി പ്രതികരണങ്ങളാണ് മുഹമ്മദ് ഹനാന്റെ പോസ്റ്റിന് താഴെ രേഖപ്പെടുത്തുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ട്വീറ്റ് ചര്‍ച്ചയായിക്കഴിഞ്ഞു.

നവീന്‍ ഉല്‍ ഹഖ് മോശം ബൗളറല്ല. ഡല്‍ഹിയിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവും. അതുകൊണ്ടുതന്നെ കോലിയാണ് ഭയക്കേണ്ടതെന്നാണ് ചില ആരാധകരുടെ പ്രതികരണം. എന്നാല്‍ കോലിയുടെ ഹോം ഗ്രൗണ്ടാണ് ഡല്‍ഹി. അദ്ദേഹത്തിന് മികച്ച റെക്കോഡ് ഈ മൈതാനത്തുണ്ട്. അതുകൊണ്ടുതന്നെ കോലിയുടെ ബാറ്റിങ് ചൂട് അഫ്ഗാന്‍ ബൗളര്‍മാര്‍ നന്നായി അറിയാനാണ് സാധ്യത. കോലിയുടെ ഫോം വളരെ മികച്ചതാണ്.
ഏഷ്യാ കപ്പിലും മികച്ച പ്രകടനം നടത്തിയ കോലി ഓസ്‌ട്രേലിയക്കെതിരേ 85 റണ്‍സ് നേടിയാണ് പുറത്തായത്. ഓസീസിനെതിരേ സെഞ്ച്വറി നേടാനാവാത്തതില്‍ കോലി വളരെ നിരാശനായിരുന്നു. അതുകൊണ്ടുതന്നെ കോലി അഫ്ഗാനെതിരേ സെഞ്ച്വറിയോടെ ഈ നിരാശ മായ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കോലിക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. റാഷിദ് ഖാനെപ്പോലെ മികച്ച ബൗളര്‍മാര്‍ അഫ്ഗാനൊപ്പമുണ്ട്. സ്വന്തം മൈതാനത്ത് തിളങ്ങേണ്ടതിന്റെ സമ്മര്‍ദ്ദവും കോലിയെ വേട്ടയാടിയേക്കാം.
ഈ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് നവീന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തോടെ നവീന്റെ കരിയര്‍ അവസാനിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. വിരാട് കോലിയെപ്പോലൊരു താരത്തെ പ്രകോപിപ്പിച്ചതില്‍ നവീന്‍ ഭയക്കുന്നുണ്ടാവുമെന്നാണ് എബി ഡിവില്ലിയേഴ്‌സടക്കം പറയുന്നത്. എന്നാല്‍ കളത്തില്‍ കോലിയെപ്പോലെ തന്നെ വിട്ടുവീഴ്ചയില്ലാത്ത താരമാണ് നവീന്‍.
പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ നവീനും മടിയില്ല. അതുകൊണ്ടുതന്നെ മൈതാനത്ത് വീണ്ടുമൊരു വാക് പോരാട്ടം പ്രതീക്ഷിക്കാമെന്നും ആരാധകര്‍ പറയുന്നു. എന്തായാലും കോലി നവീനെ ഉന്നം വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലെ ഫോമില്‍ കോലി നവീനെതിരേ ആധിപത്യം കാട്ടാനുള്ള സാധ്യതയാണുള്ളത്. മറിച്ച് സംഭവിക്കുമോയെന്നത് കാത്തിരുന്ന് കാണാം.