ഇന്ത്യ വേദിയാവുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. മൂന്നു പേരെയാണ് റണ്‍വേട്ടക്കാരായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 2019ലെ കഴിഞ്ഞ എഡിഷനിലെ ടോപ്‌സ്‌കോററായ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ ഉള്‍പ്പെട്ടിട്ടില്ലെന്നതു ശ്രദ്ധേയമാണ്.
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 648 റണ്‍സായിരുന്നു ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ എഡിഷനില്‍ ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ സെന്റ് റെഗിസ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ചായിരുന്നു ലോകകപ്പിന്റെ വേദികളും ഫിക്‌സ്ചറും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ ചടങ്ങില്‍ അതിഥിയായി വന്നപ്പോഴായിരുന്നു മുരളി വമ്പന്‍ പ്രവചനം നടത്തിയത്.

ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടാന്‍ സാധ്യതയുള്ള മൂന്നു താരങ്ങളെയാണ് മുരളീധരന്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി, ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്, പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം എന്നിവരായിരിക്കും ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നാണ് ലങ്കന്‍ സ്പിന്‍ വിസ്മയം പ്രവചിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ അടിച്ചെടുത്ത് രോഹിത് ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇത്തവണ ആരെങ്കിലും ഹിറ്റ്മാന്റെ ഈ റെക്കോര്‍ഡ് തിരുത്തുമോയെന്ന ചോദ്യത്തിനു മുരളിയുടെ മറുപടി ഇങ്ങനെയായിരുന്നു.
ലോകകപ്പിന്റെ ഒരു എഡിഷനില്‍ അഞ്ചു സെഞ്ച്വറികളെന്ന രോഹിത് ശര്‍മ സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ക്കുകയെന്നത് വളരെയധികം കടുപ്പമായിരിക്കും. കാരണം ഒരു താരത്തിനു ലോകകപ്പില്‍ പരമാവധി ലഭിക്കുക ഒമ്പതു മുതല്‍ 11 മല്‍സരങ്ങള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ രോഹിത്തിന്റെ റെക്കോര്‍ഡ് തിരുത്തുക ദുഷ്‌കരം തന്നെയായിരിക്കുമെന്നും മുത്തയ്യ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തുമെന്നാണ് മുത്തയ്യ മുരളീധരന്റെ പ്രവചനം. ടൂര്‍ണമെന്റില്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സ്പിന്നര്‍മാര്‍ നിര്‍ണാക റോളായിരിക്കും വഹിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്താന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദും ഈ ലോകകപ്പില്‍ ഒരുപാട് വിക്കറ്റുകള്‍ വീഴ്ത്തുമെന്നും മുരളീധരന്‍ പറയുന്നു. ഇവരെക്കൂടാതെ ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയ്ക്കും ഈ ലോകകപ്പ് മികച്ചതായിരിക്കുമെന്നു അദ്ദേഹം നിരീക്ഷിച്ചു.
ഈ ലോകകപ്പില്‍ സ്പിന്നര്‍മാരായിരിക്കും ആധിപത്യം പുലര്‍ത്തുക. ഏറ്റവുമധികം വിക്കറ്റുകളെടുക്കാന്‍ സാധ്യതയുള്ളവരായി ഞാന്‍ തിരഞ്ഞെടുക്കുന്നവര്‍ റാഷിദ് ഖാനും ആദില്‍ റഷീദുമായിരിക്കും. രവീന്ദ്ര ജഡേജ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുകയാണെങ്കില്‍ അദ്ദേഹത്തിനും വിക്കറ്റ് വേട്ടക്കാരനാവാന്‍ നല്ല സാധ്യയതയുണ്ടെന്നും മുത്തയ്യ മുരളീധരന്‍ വ്യക്തമാക്കി.
ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ അരങ്ങേറുക. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. ഫൈനലും ഇവിടെ തന്നെയാണ് നടക്കുക. ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്.