ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഷെഡ്യൂള്‍ ഇന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റ് പ്രേമികളെ ഹരംകൊള്ളിക്കാന്‍ വീണ്ടുമൊരു ലോകകപ്പ് വരുന്നത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ ലോകകപ്പില്‍ ഇംഗ്ലണ്ട് തന്നെയായിരുന്നു കിരീടമുയര്‍ത്തിയത്.
ഇത്തവണ ഇന്ത്യയിലേക്കു ടൂര്‍ണമെന്റ് വിരുന്നെത്തുമ്പോള്‍ വീണ്ടും ഒരു ആതിഥേയ ടീം ചാംപ്യന്മാരാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011ല്‍ മുംബൈയിലെ വാംഖഡെയില്‍ വച്ചായിരുന്നു ഇന്ത്യ അവസാനമായി ലോക കിരീടത്തില്‍ മുത്തമിട്ടത്. അന്നു അയല്‍ക്കാരായ ശ്രീലങ്കയെ വീഴ്ത്തിയായിരുന്നു എംഎസ് ധോണിയും സംഘവും വിശ്വവിജയികളായത്.

ഫൈനലില്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുള്‍പ്പെട്ട ടീമിനെയായിരുന്നു ധോണിപ്പട കശാപ്പ് ചെയ്തത്. റണ്‍ചേസില്‍ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുമായി ധോണി അന്നു ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മിന്നുന്ന ഫോമിലുള്ള ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു ടീമിനായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടയിരുന്നത്.
പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് യുവിക്കു പകരം ധോണി ഈ പൊസിഷനില്‍ ക്രീസിലേക്കു വരികയായിരുന്നു. പുറത്താവാതെ 91 റണ്‍സോടെ ധോണി വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.
275 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ലങ്ക നല്‍കിയത്. 22 ഓവറില്‍ 35 റണ്‍സെടുത്ത കോലി മടങ്ങുമ്പോള്‍ ഇന്ത്യ മൂന്നിന് 114. മല്‍സരം എവിടേക്കും മാറാമെന്ന ഈ ഘട്ടത്തിലായിരുന്നു ധോണിയുടെ വരവ്. ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളിലെല്ലാം ബാറ്റിങില്‍ തിളങ്ങാന്‍ കളിയാതെ പോയതിന്റെ ക്ഷീണം ധോണി ഫൈനലില്‍ തീര്‍ക്കുകയായിരുന്നു. 79 ബോളില്‍ 91 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഒടുവില്‍ സിക്‌സര്‍ പറത്തിയായിരുന്നു ധോണി ഇന്ത്യയുടെ വിജയറണ്‍സും ലോകകപ്പ് വിജയവും പൂര്‍ത്തിയാക്കിയത്്.
യുവരാജിനു പകരം ധോണി ക്രീസിലെത്തിയ തീരുമാനത്തെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍സി നീക്കങ്ങളിലൊന്നായാണ് ലോകം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ധോണി അന്നു യുവരാജിനേക്കാള്‍ നേരത്തേ ക്രീസിലേക്കു വരുമെന്നു തനിക്കു അറിയാമായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. വരാനിരിക്കുന്ന ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപനച്ചടങ്ങില്‍ അതിഥിയായി വന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവരാജ് സിങ് എനിക്കെതിരേ കളിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല. 2011ലെ ലോകകപ്പിലെ ഏറ്റവും മികച്ച താരം യുവിയായിരുന്നെങ്കിലും എനിക്കെതിരേ റണ്‍സ് നേടാന്‍ വിഷമിച്ചിരുന്നു. ഫൈനലില്‍ യുവിക്കു മുമ്പ് ധോണിയായിരിക്കും ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാനെത്തുകയെന്നു എനിക്കറിയാമായിരുന്നു. കാരണം ഞാന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരിക്കെ ധോണിക്കെതിരേ നെറ്റ്‌സില്‍ ഒരുപാട് ബൗള്‍ ചെയ്തിരുന്നു.
അതുകൊണ്ടു തന്നെ അദ്ദേഹം എനിക്കു ഇന്ത്യയുടെ ഒരു വിക്കറ്റും ഫൈനലില്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നു എനിക്കു തോന്നി. നന്നായി ബൗള്‍ ചെയ്തിട്ടും എനിക്കു അന്നു വിക്കറ്റൊന്നും ലഭിച്ചില്ലെന്നും മുരളീധരന്‍ വിശദമാക്കി.
ഫൈനലില്‍ ഒരുപാട് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കു ബോള്‍ ഒരുപാട് സ്പിന്‍ ചെയ്യിക്കാനുമായില്ല. ഗൗതം ഗംഭീര്‍ ക്രീസിന്റെ മറുവശത്തുണ്ടായിരുന്നു. അന്നു ഞങ്ങള്‍ക്കു വിക്കറ്റ് ലഭിച്ചപ്പോള്‍ അടുത്തതായി ധോണിയായിരിക്കും ബാറ്റ് ചെയ്യാനെത്തുകയെന്നു എനിക്കറിയാമായിരുന്നു. കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരുമിച്ച് കളിച്ചതിനാല്‍ എനിക്കെതിരേ എങ്ങനെ കളിക്കണമെന്നു ധോണിക്കു നന്നായി അറിയാമായിരുന്നെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.