12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയില്‍ വിരുന്നെത്തുകയാണ്. ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യ തനിച്ചു ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. 2011ല്‍ സംയുക്ത ആതിഥേയരായിരുന്നു ഇന്ത്യ. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടമുയര്‍ത്തുകയും ചെയ്തു. മുംബൈയിലെ വാംഖഡെയില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം കൂടിയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ടൂര്‍ണമെന്റ് നാട്ടില്‍ വിരുന്നെത്തുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്. രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയും രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങളും വീണ്ടുമൊരു ലോക കിരീടം തങ്ങള്‍ക്കു നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പക്ഷെ രോഹിത്തും ദ്രാവിഡും മാത്രം മനസ്സുവച്ചാല്‍ ഇന്ത്യ ചാംപ്യന്‍മാരാവാന്‍ സാധ്യത കുറവാണ്. മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ ധോണിയെക്കൂടി ഉപദേശകനായി ടൂര്‍ണമെന്റില്‍ ഇന്ത്യ ഒപ്പം കൂട്ടണം. അതു ഇന്ത്യയുടെ കിരീടസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം എല്ലായ്‌പ്പോഴും ശാന്തമാക്കി നിലനിര്‍ത്താന്‍ സാധിക്കുന്നയാളാണ് ധോണിയെന്നതാണ് ആദ്യത്തെ കാരണം. രണ്ടു ലോകകപ്പുള്‍പ്പെടെ ഐസിസിയുടെ മൂന്നു ട്രോഫികള്‍ സ്വന്തമാക്കിയിട്ടുള്ള ക്യാപ്റ്റനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ എങ്ങനെ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കണമെന്നതു ധോണിയേക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരു നായകനെ നമുക്കു ചൂണ്ടിക്കാണിക്കാനുമില്ല.
സമ്മര്‍ദ്ദ ഘട്ടങ്ങളില്‍, വളരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ ക്യാപ്റ്റനാണ് ധോണി. അതിനാല്‍ ഡ്രസിങ് റൂമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു നല്‍കുന്ന ആത്മവിശ്വാസവും ധൈര്യവും വളരെ വലുതായിരിക്കും.
അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ധോണിക്കുള്ള അനുഭവസമ്പത്താണ് രണ്ടാമത്തെ കാരണം. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ സേവനം ടീമിനു ലഭിക്കുകയുമില്ല. അതുകൊണ്ടു തന്നെ പകരക്കാരായി ചില യുവതാരങ്ങള്‍ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്.

ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ അതു യുവതാരങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാനും അതു അവരുടെ പ്രകടനത്തെ ബാധിക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ധോണി ടീമിനൊപ്പമുണ്ടെങ്കില്‍ അതു ഈ യുവതാരങ്ങളെ ഏറെ സഹായിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്നു ഇവരെ ഉപദേശിക്കാന്‍ ധോണിയേക്കാള്‍ മികച്ചൊരാളെ ഇന്ത്യക്കു ലഭിക്കാനുമില്ല.
ഓരോ മല്‍സരത്തിലെയും സാഹചര്യങ്ങളെ വായിച്ചെടുക്കാനുള്ള ധോണിയുടെ കഴിവാണ് അദ്ദേഹം ഉപദേശകനായി ടീമിനൊപ്പം വേണ്ടതിന്റെ മൂന്നാമത്തെ കാരണം. ഓരോ കളിയെയും സൂക്ഷ്മമായി വായിച്ചെടുക്കാനും അതിന് അനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും അസാധാരണ മിടുക്കുള്ള ക്യാപ്റ്റനായിരുന്നു ധോണി.
ഈ ലോകകപ്പില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കളിക്കളത്തില്‍ ഗെയിം ചേഞ്ചിങ് മുഹൂര്‍ത്തമായി മാറാനുള്ള സാധ്യതയും അതിനാല്‍ കൂടുതലാണ്. നേരത്തേ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പല നിര്‍ദേശങ്ങളും ഇന്ത്യയെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ലോകകപ്പിലും വഴികാട്ടിയായി ധോണി കൂടെയുണ്ടെങ്കില്‍ വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിടാന്‍ അതു ടീമിനെ സഹായിക്കും.