മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനമാണ് പേസര്‍ മുഹമ്മദ് ഷമി കാഴ്ചവെക്കുന്നത്. ആദ്യത്തെ നാല് മത്സരത്തിലും കളിക്കാന്‍ ഷമിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കളിച്ച മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് അഞ്ച് വിക്കറ്റ് പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. ഇന്ത്യയുടെ വിജയങ്ങളില്‍ ഷമിക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ് ഇപ്പോള്‍ ഷമി. സെമിയിലും ഷമിയുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.
ഇന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന് ഷമി തകര്‍പ്പന്‍ പ്രകടനം തുടരവെ ബോളിവുഡില്‍ നിന്ന് ഷമിക്ക് ഒരു വിവാഹ അഭ്യര്‍ത്ഥന എത്തിയിരിക്കുകയാണ്. പ്രമുഖ ബോളിവുഡ് നായിക പായല്‍ ഘോഷാണ് ഷമിക്ക് വിവാഹ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. 'നിങ്ങളെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്' എന്നാണ് എക്‌സിലൂടെ പായല്‍ ഘോഷ് തുറന്ന് പറഞ്ഞത്. ഇതിനോടകം ഈ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. നിരവധിയാളുകളാണ് പായല്‍ ഘോഷിന്റെ പോസ്റ്റിന് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്.
പായല്‍ ഘോഷിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ് ആരാധകര്‍. 1992ല്‍ കൊല്‍ക്കത്തയിലാണ് പായല്‍ ഘോഷിന്റെ ജനനം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ നിന്നാണ് പായല്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അഭിനയത്തിലായിരുന്നു പായലിന് കൂടുതല്‍ താല്‍പര്യം. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം താരം മുംബൈയിലെത്തി സംവിധായകന്‍ ചന്ദ്രശേഖര്‍ യെലീറ്റിയെ കാണുകയും അദ്ദേഹത്തിലൂടെ സിനിമയില്‍ അവസരം നേടുകയും ചെയ്തു.
അദ്ദേഹത്തിന്റെ പ്രയാണം എന്ന സിനിമയില്‍ പായല്‍ അഭിനയിച്ചു. വര്‍ഷാധരേ, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബ് ഷാദി തുടങ്ങിയവയാണ് പായലിന്റെ മറ്റ് പ്രധാന സിനിമകള്‍. 2020ല്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലും പായല്‍ ഒരു കൈനോക്കി. ഇപ്പോള്‍ സിനിമയിലും രാഷ്ട്രീയത്തിലും പായല്‍ സജീവമാണ്. അതുകൊണ്ടുതന്നെ പായല്‍ വളരെ പ്രശസ്തയുമാണ്. വലിയ ഫോളോവേഴ്‌സുള്ള പായല്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. ഇതോടെ ഷമിയോടുള്ള വിവാഹ അഭ്യര്‍ത്ഥന വൈറലായി.

എന്നാല്‍ ഷമിയുടെ ആദ്യത്തെ വിവാഹം വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് വേര്‍പിരിഞ്ഞത്. പ്രണയത്തിനൊടുവില്‍ ഹസിന്‍ ജഹാനെ 2014ലാണ് ഷമി വിവാഹം ചെയ്തത്. 2015ല്‍ ഇവര്‍ക്ക് പെണ്‍കുഞ്ഞും പിറന്നിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധത്തിന് വിള്ളല്‍ വീഴുകയും ഷമിക്കെതിരേ ഹസിന്‍ ഗാര്‍ഹിക പീഡനത്തിനടക്കം കേസ് കൊടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വലിയ വിവാദമായി മാറുകയും ചെയ്തു. ഈ കേസുകള്‍ ഇപ്പോഴും നടക്കുകയാണ്.
ഈ വിവാഹ ബന്ധത്തിന്റെ പേരില്‍ താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് ഷമി കഴിഞ്ഞിടെ തുറന്ന് പറഞ്ഞിരുന്നു. മൂന്ന് തവണ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചടക്കം താന്‍ ചിന്തിച്ചിരുന്നുവെന്ന് ഷമി പറഞ്ഞിരുന്നു. എന്തായാലും ഹസിനുമായി ബന്ധത്തിന്റെ പേരില്‍ കരിയറിലടക്കം വലിയ തിരിച്ചടി താരം നേരിട്ടിരുന്നു. എന്നാല്‍ ഈ പ്രതിസന്ധിയെയടക്കം മറികടന്ന് ഇപ്പോള്‍ ഷമി ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്ന് പുറത്തുപോയിരുന്ന ഷമിയെ ഇത്തവണത്തെ ലോകകപ്പിന് മുമ്പ് ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമിയെ ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിച്ചത്. ന്യൂസീലന്‍ഡിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനവുമായി ഷമി തിരിച്ചുവരവ് ആഘോഷിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് പ്രകടനവും ഷമി നടത്തി. ശ്രീലങ്കയ്‌ക്കെതിരേ അഞ്ച് വിക്കറ്റുകളുമായി വീണ്ടും കസറി.
സെമിയില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായിത്തന്നെ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 2019ലേതിന് സമാനമായി ഇത്തവണയും ഇന്ത്യ-ന്യൂസീലന്‍ഡ് സെമി ഫൈനലിനാണ് സാധ്യത. ഇത്തവണ സെമി കടമ്പ കടന്ന് ഇടവേളക്ക് ശേഷം ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.