മുംബൈ: ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നഷ്ടമായത് ആരാധകര്‍ക്ക് വലിയ നിരാശയാണുണ്ടാക്കിയത്. ആതിഥേയരായ ഇന്ത്യ തോല്‍വി അറിയാതെ ഫൈനലിലെത്തിയിട്ടും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു. 2013ന് ശേഷം ഐസിസി ട്രോഫി നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. എങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന മനോഹര മുഹൂര്‍ത്തങ്ങള്‍ ടൂര്‍ണമെന്റിലുണ്ടായി.
അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് മുഹമ്മദ് ഷമിയുടെ പ്രകടനമാണ്. ഇന്ത്യന്‍ സീനിയര്‍ പേസര്‍ ആദ്യത്തെ നാല് മത്സരത്തിലും പ്ലേയിങ് 11ന് പുറത്തായിരുന്നു. എന്നാല്‍ പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനത്തോടെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനാവാന്‍ ഷമിക്ക് സാധിച്ചു. 24 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഷമിയുടെ വീര പ്രകടനങ്ങള്‍ക്ക് വലിയ പ്രശംസ ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ഷമി ലോകകപ്പ് കളിച്ചത് പരിക്ക് വകവെക്കാതെയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
ഷമിയുടെ കാല്‍ക്കുഴക്ക് പരിക്കേറ്റിരുന്നു. ഇത് വകവെക്കാതെയാണ് ഷമി ലോകകപ്പ് കളിച്ചതെന്നാണ് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകകപ്പ് കളിക്കുന്നതിനായി ഷമി ത്യാഗം സഹിക്കുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പരിക്ക് ഷമിയെ തളര്‍ത്തിയില്ല. മികച്ച ലൈനും ലെങ്തും സ്വിങ്ങും ഉപയോഗിച്ച് ഷമി കത്തിക്കയറുകയാണ് ചെയ്തത്. ലോകകപ്പിന് ശേഷം ഷമി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
കാല്‍ക്കുഴക്കേറ്റ പരിക്ക് ഗുരുതരമല്ലെങ്കിലും അദ്ദേഹത്തിന് വിശ്രമം വേണ്ടിവരും. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഷമിക്ക് നഷ്ടമായേക്കുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ഷമിക്ക് ഇടമില്ല. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നിര്‍ണ്ണായക സ്ഥാനം കല്‍പ്പിക്കുന്ന താരമാണ് ഷമി. എന്നാല്‍ ഇപ്പോള്‍ പരിക്കേറ്റതോടെ ഷമി ടെസ്റ്റ് പരമ്പരക്കുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഷമി കളിക്കാതെ വന്നാല്‍ പകരം പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തിയേക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയിലേ പേസ് പിച്ചില്‍ ഷമിയുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഇന്ത്യക്കൊപ്പമുണ്ട്. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളാണ്. അതുകൊണ്ടുതന്നെ ഷമിയുടെ വിടവ് നികത്താന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.
മുഹമ്മദ് ഷമിയുടെ അപ്രതീക്ഷിത കുതിപ്പാണ് ഏകദിന ലോകകപ്പില്‍ കണ്ടത്. ഷമി ലോകകപ്പ് ടീമിലേക്കെത്തിയത് തന്നെ വളരെ യാദൃശ്ചികമായാണ്. ഇനി പരിമിത ഓവറില്‍ ഷമിക്ക് അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നതാണ് മറ്റൊരു വസ്തുത. ടെസ്റ്റിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് താരവും ആഗ്രഹിക്കുന്നത്. പ്രായവും പരിക്കും ഷമിയെ കാര്യമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനി ടെസ്റ്റിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഷമിയും ആഗ്രഹിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണെന്ന കാര്യം ഉറപ്പാണ്. ഇത്തവണ പരിമിത ഓവറില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമിനൊപ്പമില്ല. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ എന്ത് അത്ഭുതം സൃഷ്ടിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഏകദിനത്തില്‍ കെ എല്‍ രാഹുലും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയും കോലിയും കളിക്കുന്നുണ്ട്.
എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളിയെക്കുറിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. ബാറ്റ് ചെയ്യാന്‍ വളരെ പ്രയാസമുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കയിലേതെന്നാണ് ദ്രാവിഡ് പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായുണ്ട്. സീനിയര്‍ താരങ്ങളില്ലാതെ പരിമിത ഓവര്‍ പരമ്പരക്കിറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.