ധരംശാല: ഏകദിന ലോകകപ്പിലെ ആദ്യ നാല് മത്സരത്തിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മുഹമ്മദ് ഷമി ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലൂടെ വരവറിയിച്ചിരിക്കുകയാണ്. എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ വില്‍ യങ്ങിനെ ക്ലീന്‍ബൗള്‍ഡാക്കിയാണ് ഷമി കൈയടി നേടിയത്. ഇതോടെ വമ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ഷമി.
ഏകദിന ലോകകപ്പിലെ ഷമിയുടെ 32ാം വിക്കറ്റായിരുന്നു ഇത്. 31 വിക്കറ്റുകളായിരുന്നു കുംബ്ലെയുടെ പേരിലുണ്ടായിരുന്നത്. 18 ഇന്നിങ്‌സില്‍ നിന്നാണ് കുംബ്ലെ 31 വിക്കറ്റ് നേടിയതെങ്കില്‍ വെറും 12 ഇന്നിങ്‌സില്‍ നിന്നാണ് ഷമിയുടെ നേട്ടം. 23 ഇന്നിങ്‌സില്‍ നിന്ന് 44 വിക്കറ്റുമായി ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാനാണ് തലപ്പത്ത് നില്‍ക്കുന്നത്. 33 ഇന്നിങ്‌സില്‍ നിന്ന് മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥും 44 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 14 ഇന്നിങ്‌സില്‍ നിന്ന് 28 വിക്കറ്റുകളാണ് ജസ്പ്രീത് ബുംറയുടെ പേരിലുള്ളത്.
ഈ ലോകകപ്പ് കഴിയുമ്പോള്‍ ഷമിയെ മറികടക്കാന്‍ ബുംറക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ സീനിയര്‍ പേസറായ ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്യുന്നതിലാണ് കൂടുതല്‍ മിടുക്കുകാട്ടുന്നത്. അവസാന ആറ് ഏകദിന വിക്കറ്റുകളില്‍ അഞ്ച് എണ്ണവും ഷമി നേടിയത് ക്ലീന്‍ബൗള്‍ഡിലൂടെയായിരുന്നു എന്നതാണ് കൗതുകമുണ്ടാക്കുന്ന കാര്യം. ധരംശാലയില്‍ തുടക്കം മുതല്‍ നല്ല സ്വിങ് ലഭിച്ചിരുന്നു. ഇത്തരം പിച്ചുകളില്‍ മികവ് കാട്ടാന്‍ ഷമിക്ക് സാധിക്കാറുണ്ട്.
ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് രോഹിത് ന്യൂബോളില്‍ പരീക്ഷിച്ചത്. ഒമ്പതാം ഓവറിലാണ് ഷമിക്ക് അവസരം നല്‍കിയത്. ന്യൂബോളില്‍ വേണ്ടത്ര അവസരം രോഹിത് ഷമിക്ക് നല്‍കിയില്ല. ഇന്ത്യയുടെ സൂപ്പര്‍ പേസറാണ് ഷമിയെങ്കിലും ശാര്‍ദ്ദുല്‍ ടാക്കൂറിനായാണ് ഷമിയെ പുറത്തിരുത്തിയത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഇന്ത്യക്ക് അധിക പേസറെ ആവശ്യമായി വരികയായിരുന്നു. ഇതോടെ ശാര്‍ദ്ദുലിനെ പുറത്തിരുത്തി ഷമിക്ക് അവസരം ലഭിക്കുകയായിരുന്നു.

ജസ്പ്രീത് ബുംറ ന്യൂബോളില്‍ മികച്ച പ്രകടനം തുടരുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുന്നു. ന്യൂബോളില്‍ സ്ഥിരതയോടെ വിക്കറ്റ് നേടാന്‍ സാധിക്കുന്നില്ലെങ്കിലും റണ്ണൊഴുക്ക് തടുത്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരേ 4 ഓവറില്‍ 11 റണ്‍സ്, അഫ്ഗാനിസ്ഥാനെതിരേ 4 ഓവറില്‍ 9 റണ്‍സ്, പാകിസ്താനെതിരേ 4 ഓവറില്‍ 14 റണ്‍സ്, ബംഗ്ലാദേശിനെതിരേ 4 ഓവറില്‍ 13 റണ്‍സ്, ന്യൂസീലന്‍ഡിനെതിരേ 4 ഓവറില്‍ 11 റണ്‍സ് എന്നിങ്ങനെയാണ് പവര്‍പ്ലേയിലെ ബുംറയുടെ പ്രകടനം.
ബുംറ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തെ മുഹമ്മദ് സിറാജ് മുതലാക്കുകയും വിക്കറ്റ് നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ട് പേരുടേയും കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്താവുകയും ചെയ്യുന്നു. ന്യൂസീലന്‍ഡിനെതിരേയും ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 19 റണ്‍സില്‍ ന്യൂസീലന്‍ഡിന്റെ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യ കൂടാരം കയറ്റി. ഡെവോണ്‍ കോണ്‍വേയെ മുഹമ്മദ് സിറാജ് ഡെക്കാക്കിയപ്പോള്‍ വില്‍ യങ്ങിനെ (17) മുഹമ്മദ് ഷമി എല്‍ബിയിലും കുരുക്കി.
വന്‍ തകര്‍ച്ചയെ ന്യൂസീലന്‍ഡ് മുന്നില്‍ കണ്ടിരുന്നെങ്കിലും രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടോടെ സന്ദര്‍ശകര്‍ക്ക് അടിത്തറ പാകിയിരിക്കുകയാണ്. രവീന്ദ്ര ജഡേജ ക്യാച്ച് പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. വമ്പന്‍ സ്‌കോറിലേക്ക് കിവീസ് പോയാല്‍ പിന്തുടര്‍ന്ന് ജയിക്കുക ഇന്ത്യക്ക് പ്രയാസമാവും.
ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങി കരുത്തുറ്റ പേസ് നിരയാണ് കിവീസിന്റേത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.