മുംബൈ: എംഎസ് ധോണിയെന്ന നായകന്‍ പടിയിറങ്ങിയതോടെ ഇന്ത്യക്ക് ഐസിസി ട്രോഫി കിട്ടാക്കനിയായിരിക്കുകയാണ്. 2013ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ടീമിന്റെ അവസാനത്തെ ഐസിസി കിരീടം. ഇതിന് ശേഷം കളിച്ച ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം നോക്കൗട്ട് കടമ്പയില്‍ ഇന്ത്യ വീഴുകയായിരുന്നു. ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് വിരുന്നെത്തുകയാണ്. ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല.
മികച്ച താരനിരയും മികച്ച പരിശീലകരും ഉണ്ടായിട്ടും കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കാതെ പോവുന്നു. ഇതിന് പല കാരണങ്ങള്‍ പറയാം. പ്രധാനമായും എംഎസ് ധോണിയെപ്പോലൊരു മികച്ച നായകന്റെ അഭാവമാണ് എടുത്തു പറയേണ്ടത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം നായകന്മാരെന്ന നിലയില്‍ മികച്ചവരാണെങ്കിലും ഐസിസി ടൂര്‍ണമെന്റുകളിലെ പ്രധാന മത്സരങ്ങളില്‍ മുട്ടിടിക്കുന്നതായാണ് കാണാനാവുന്നത്.
ഇപ്പോഴിതാ ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 'ലോകകപ്പില്‍ ധോണി മികച്ച നേട്ടങ്ങള്‍ ഇന്ത്യക്ക് നേടികൊടുത്തിട്ടുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം മികച്ച നായകന്മാരാണെന്ന വിശ്വാസവുമുണ്ട്. രാഹുല്‍ ദ്രാവിഡിനെപ്പോലെ മികച്ചൊരു പരിശീലകന്‍ അവിടെയില്ലേ. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്?. എംഎസ് ധോണിയെ ഇന്ത്യ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്.
എന്നാല്‍ ധോണി ടീമിനെ കൊണ്ടുപോയതുപോലെ രോഹിത്തിനും ടീമിനെ കൊണ്ടുപോകാനാവും. ഐസിസി കിരീടം നേടാന്‍ കെല്‍പ്പുള്ള താരങ്ങളും ടീം സപ്പോര്‍ട്ടും ഇന്ത്യക്കുണ്ട്. എന്നാല്‍ ടീം തിരഞ്ഞെടുപ്പില്‍ പലപ്പോഴും ഇന്ത്യക്ക് പിഴക്കുന്നു. ഓസ്‌ട്രേലിയയില്‍ പോയപ്പോള്‍ ചഹാലിന് പകരം അശ്വിനെയാണ് ഇന്ത്യ പരിഗണിച്ചത്. ചഹാലിനെ ടി20യിലെ പ്രധാന സ്പിന്നറായി വളര്‍ത്തുകയും പെട്ടെന്ന് ചഹാലിനെ മാറ്റി അശ്വിനെ കളിപ്പിക്കുകയും ചെയ്തു.

അടിസ്ഥാനപരമായ ഇത്തരം ചില പിഴവുകളാണ് ഇന്ത്യ വരുത്തുന്നത്. ഇവിടെയാണ് ധോണിയുടെ പ്രസക്തി. തന്റെ പ്രധാന 11 ഏതാണെന്നത് ധോണിക്ക് കൃത്യമായി അറിയാം. ആ താരങ്ങളെ ധോണി കൃത്യമായി പിന്തുണച്ചു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ അത് കാണാനാവുന്നില്ല'- ഡിഡി ഇന്ത്യയോട് സംസാരിക്കവെ മുഹമ്മദ് കൈഫ് പറഞ്ഞു.
2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് വിരാട് കോലി പടിയിറങ്ങിയതും ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തിയതും. പരിശീലകനായി രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡുമെത്തി. രോഹിത്തിന് കീഴില്‍ 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലെത്തിയപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ റണ്ണറപ്പുകളുമായി. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച നായകനാണ് രോഹിത്.
ഇന്ത്യയുടെ നായകനായെത്തിയപ്പോള്‍ ഈ മികവ് ആവര്‍ത്തിക്കപ്പെടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. രാഹുല്‍ ദ്രാവിഡ് പരിശീലക റോളില്‍ ശരാശരി മാത്രമാണ്. യുവതാരങ്ങളെ വളര്‍ത്തുന്നതിലടക്കം ദ്രാവിഡ് പരാജയമാണ്. ഇതുവരെ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇത്തവണത്തെ ഏകദിന ലോകകപ്പ് കൈവിട്ടാല്‍ ദ്രാവിഡിന്റെ കസേര തെറിക്കുമെന്ന കാര്യം ഉറപ്പാണ്.
ഏകദിന ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ ഇന്ത്യക്ക് പരിഹരിക്കാന്‍ ഇനിയും പ്രശ്‌നങ്ങളേറെ. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാര്?, സ്പിന്‍ കൂട്ടുകെട്ട് എങ്ങനെ? നാലാം നമ്പറില്‍ ആര് ബാറ്റു ചെയ്യണം? തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഉത്തരം വേണം. റിഷഭ് പന്തിന് ഏകദിന ലോകകപ്പിന് മുമ്പായി ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത.