ലോകകപ്പില്‍ ഇത്തവണ കിരീട ഫേവറിറ്റുകളില്‍ തങ്ങളുമുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയാണ് പാകിസ്താന്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയവും കൊയ്തിരിക്കുന്നത്. അസാധ്യമെന്നു കരുതപ്പെട്ടിരുന്ന വിജയലക്ഷ്യം വളരെ അനായാസം പാക് പട മറികടക്കുകയായിരുന്നു. ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റണ്‍ചേസെന്ന റെക്കോര്‍ഡ് ഇതോടെ പാകിസ്താന്‍ തങ്ങളുടെ പേരിലാക്കുകയും ചെയ്തു. ശ്രീലങ്കയ്ക്കെതിരേ 345 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം 48.2 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ മറികടക്കുകയായിരുന്നു.
പുറത്താവാതെ 131 റണ്‍സ് സ്‌കോര്‍ ചെയ്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനായിരുന്നു പാക് വിജയശില്‍പ്പി. 121 ബോളില്‍ എട്ടു ഫോറുകളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ പ്രകടനത്തോടെ വമ്പന്‍ റെക്കോര്‍ഡും റിസ്വാനെ തേടിയെത്തിയിക്കുകയാണ്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലും അദ്ദേഹം പിന്നിലാക്കിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

ലോകകപ്പില്‍ ടീം വിജയിച്ച റണ്‍ചേസില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന നാലാമത്തെ സ്‌കോറിനാണ് റിസ്വാന്‍ അവകാശിയായത്. മാത്രമല്ല ഒരു പാകിസ്താന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും കൂടിയിയായിരുന്നു അദ്ദേഹത്തിന്റേത്. ഓള്‍ടൈം റെക്കോര്‍ഡ് ലിസ്റ്റില്‍ നേരത്തേ നാലാംസ്ഥാനത്തു സച്ചിനായിരുന്നു. പുറത്താവാതെ 127 റണ്‍സായിരുന്നു വിജയകരമായ റണ്‍ചേസില്‍ അദ്ദേഹം നേടിയത്. ഇതാണ് പുറത്താവാതെ 131 റണ്‍സുമായി റിസ്വാന്‍ തിരുത്തിയത്.
ഈ ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയും ശ്രീലങ്കയുടെ ലഹിരു തിരിമന്നെയും മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങുമാണ്. റണ്‍ചേസില്‍ പുറത്താവാതെ 152 റണ്‍സുമായാണ് കോണ്‍വേ ചരിത്രം കുറിച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള ഉദ്ഘാടന മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ കിടിലന്‍ പ്രകടനം. തിരിമന്നെ പുറത്താവാതെ 139 റണ്‍സും ഫ്‌ളെമിങ് പുറത്താവാതെ 134 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.
ലങ്കയ്‌ക്കെതിരായ കളിയിലെ ഇന്നിങ്‌സോടെ ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ വിക്കറ്റ് കീപ്പറായി റിസ്വാന്‍ മാറിയിരിക്കുകയാണ്. നേരത്തേ തലപ്പത്തുണ്ടായിരുന്ന ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസിനെയാണ് അദ്ദേഹം പിന്തള്ളിയത്. മെന്‍ഡിസ് 23 ഇന്നിങ്‌സുകളില്‍ നിന്നും 39.85 ശരാശരിയില്‍ 797 റണ്‍സായിരുന്നു സ്‌കോര്‍ ചെയ്തത്. എന്നാല്‍ റിസ്വാന്‍ വെറും 17 ഇന്നിങ്‌സുകളില്‍ നിന്നും 75.18 ശരാശരിയില്‍ അടിച്ചെടുത്തത് 827 റണ്‍സാണ്.

പാകിസ്താന്‍ ക്രിക്കറ്റില്‍ നിലവിലെ ചേസ് മാസ്റ്റര്‍ റിസ്വാന്‍ തന്നെയാണെന്നാണ് സമീപകാലത്തെ കണക്കുകള്‍ തെളിയിക്കുന്നത്. അവസാനത്തെ വിജയകരമായ ആറു റണ്‍ചേസുകളിലും അദ്ദേഹം പുറത്തായിട്ടില്ലെന്നതാണ് ശ്രദ്ധേയായ കാര്യം. 69* റണ്‍സ് (82 ബോള്‍), 77* (86), 42* (34), 54* (41), 63* (79), 131* (121) എന്നിങ്ങനെയാണ് റിസ്വാന്റെ സ്‌കോറുകള്‍.
അതേസമയം കളിയിലേക്കു വന്നാല്‍ പാകിസ്താനെതിരേ ടോസിനു ശേഷം ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഒമ്പതു വിക്കറ്റിനു 344 റണ്‍സെന്ന വന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. കുശാല്‍ മെന്‍ഡിസിന്റെയും (122) സദീര സമരവിക്രമയുടെയും (108) സെഞ്ച്വറികളാണ് ലങ്കയെ വലിയ ടോട്ടലിലെത്താന്‍ സഹായിച്ചത്.
മറുപടിയില്‍ റിസ്വാനോടൊപ്പം ഓപ്പണര്‍ അബ്ദുള്ള ഷഫീഖും (113) സെഞ്ച്വറി നേടിയതോടെ പാകിസ്താന്‍ വിജയത്തിനു അടിത്തറയിടുകയായിരുന്നു. 103 ബോളില്‍ 10 ഫോറുകളും മൂന്നു സിക്‌സറും അബ്ദുള്ളയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.