മുംബൈ: ഏകദിന ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ട് ആതിഥേയരായ ഇന്ത്യ കുതിക്കുകയാണ്. കളിച്ച എട്ട് മത്സരത്തിലും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. 2015, 2019ലെ ഏകദിന ലോകകപ്പിലേതിന് സമാനമായി ഗ്രൂപ്പുഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുകയാണ്. സെമിയിലെ ഇന്ത്യയുടെ എതിരാളികളായി ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരിലൊരാള്‍ എത്താനാണ് സാധ്യത. ഗ്രൂപ്പുഘട്ടത്തില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യ ഇത്തവണ കപ്പിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്.
വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ മുന്നേറുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിത പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യക്ക് സാധിക്കുന്നു. എന്നാല്‍ മുന്‍ ലോകകപ്പുകളില്‍ സംഭവിച്ചതുപോലെ ഗ്രൂപ്പുഘട്ടത്തില്‍ ഒന്നാമനായ ശേഷം സെമിയില്‍ ഇന്ത്യ തോല്‍ക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ സെമിയില്‍ ഇന്ത്യ തോല്‍ക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ മിസ്ബാഹ് ഉല്‍ ഹഖ്.
'ഒരു കാര്യം ഉറപ്പിച്ചുപറയാം. ഗ്രൂപ്പുഘട്ടം പോലെയല്ല നോക്കൗട്ട്. എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ഫേവറേറ്റുകളെന്ന നിലയിലും ആതിഥേയരെന്ന നിലയിലും ഇന്ത്യക്ക് മുകളില്‍ സമ്മര്‍ദ്ദമുണ്ടാവും. ആദ്യത്തെ 1,2 ഓവറിനുള്ളില്‍ ഏതെങ്കിലും ടീം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ തോല്‍ക്കും. മറ്റ് ടീമുകള്‍ക്ക് ഇപ്പോഴും മികച്ച അവസരമാണ് മുന്നിലുള്ളത്'-മിസ്ഹാബ് ഉല്‍ഹഖ് പറഞ്ഞു. മുന്‍ പാക് നായകന്റെ വാക്കുകള്‍ പ്രധാനപ്പെട്ടതാണ്.
ഇന്ത്യക്ക് ഇത്തവണ കരുത്താവുന്നത് ടോപ് ഓഡറിന്റെ മികച്ച പ്രകടനമാണ്. കൃത്യമായി പറഞ്ഞാല്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ പ്രകടനം. രോഹിത് പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് ഇന്ത്യക്ക് അടിത്തറ പാകുമ്പോള്‍ പിന്നാലെയെത്തുന്ന വിരാട് കോലി ഇന്നിങ്‌സ് നന്നായി മുന്നോട്ട് കൊണ്ടുപോയി മികച്ച സ്‌കോറിലേക്കെത്തിക്കുന്നു. മറ്റ് താരങ്ങളെല്ലാം മികവിലേക്കെത്തുന്നതിന് കാരണം രോഹിത്തും കോലിയും നല്‍കുന്ന അടിത്തറയാണ്.

ഇരുവരും പെട്ടെന്ന് പുറത്തായാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളുമായി കസറിയ രോഹിത് സെമിയില്‍ ഫ്‌ളോപ്പായി. വിരാട് കോലിയും മികവ് കാട്ടാതെ പോയതോടെ താരതമ്യേനെ ചെറിയ സ്‌കോറായിട്ടും ഇന്ത്യക്ക് മറികടക്കാന്‍ സാധിക്കാതെ പോയി. ഇന്ത്യയെ സംബന്ധിച്ച് ഈ വെല്ലുവിളി ഇപ്പോഴും മുന്നിലുണ്ട്. രോഹിത്തിനേയും കോലിയേയും തുടക്കത്തിലേ നഷ്ടമാകരുതേയെന്ന പ്രാര്‍ത്ഥനയാണ് നിലവില്‍ ഇന്ത്യക്കുള്ളത്.
മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം സെമിയിലാണ് ഇന്ത്യയെ കൂടുതല്‍ ബാധിക്കുക. ഹാര്‍ദിക്കിന്റെ അഭാവത്തോടെ വിശ്വസ്തനായ ഫിനിഷറെയാണ് ഇന്ത്യക്ക് നഷ്ടമാവുന്നത്. സൂര്യകുമാര്‍ യാദവുണ്ടെങ്കിലും വലിയൊരു പ്രകടനം പ്രതീക്ഷിക്കാനാവില്ല. കെ എല്‍ രാഹുല്‍ അവസാന രണ്ട് മത്സരത്തിലും ഫ്‌ളോപ്പാണ്. രവീന്ദ്ര ജഡേജ ബാറ്റിങ്ങില്‍ ഫോമിലേക്കെത്തിയിട്ടുണ്ട്. എന്നിരുന്നാലും തുടക്കം പാളിയാല്‍ ഇന്ത്യ തകര്‍ന്നടിയാന്‍ സാധ്യത ഏറെയാണ്.
ഇന്ത്യയെക്കാളും കിരീട ഫേവറേറ്റുകള്‍ ഓസ്‌ട്രേലിയയാണെന്നാണ് മുന്‍ പാക് നായകനായ ഷുഹൈബ് മാലിക്ക് പറയുന്നത്. ഇന്ത്യക്ക് വലിയ തലവേദനയാലാന്‍ ഓസ്‌ട്രേലിയക്ക് സാധിക്കുമെന്നും മാലിക് അഭിപ്രായപ്പെട്ടു. 'ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ മാനസികമായി തയ്യാറെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്ത്യ മത്സരങ്ങളെല്ലാം ജയിച്ചത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കിയാണ്. അതുകൊണ്ടുതന്നെ ജയിക്കണമെങ്കില്‍ ഇന്ത്യക്കെതിരേ മാനസികമായ മുന്‍തൂക്കം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കണം.
അല്ലാത്ത പക്ഷം ജയിക്കാന്‍ പ്രയാസമാണ്'-മാലിക് പറഞ്ഞു. ഇന്ത്യ തട്ടകത്തിന്റെ ആധിപത്യം നന്നായി മുതലാക്കിയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ എതിരാളികള്‍ വേഗത്തില്‍ സമ്മര്‍ദ്ദത്തിലാവുന്നു. ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷ ജയം ഉറപ്പിച്ചുവെന്ന നിലയിലാണ്. അതുകൊണ്ടുതന്നെ എതിരാളികളെ പെട്ടെന്ന് സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുന്നു. ഇന്ത്യയുടെ പ്രകടന മികവിനൊപ്പം മാനസികമായ കരുത്തും ഇത്തവണത്തെ ടീമിന്റെ കുതിപ്പില്‍ നിര്‍ണ്ണായകമാവുന്നു.