മുംബൈ: ഏകദിന ലോകകപ്പില്‍ തോല്‍വി അറിയാതെ കുതിക്കുകയാണ് ഇന്ത്യ. ആദ്യത്തെ എട്ട് മത്സരത്തിലും ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായി ഇത്തവണയും സെമി കളിക്കും. ഇന്ത്യയുടെ എതിരാളികളായി ആരെത്തുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ കരുത്തുറ്റ നിരയാണെങ്കിലും സെമി ശാപം ഏറെക്കാലമായി ഇന്ത്യയെ വേട്ടയാടുകയാണ്. 2015, 2019 ഏകദിന ലോകകപ്പുകളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി കളിച്ചത്. എന്നാല്‍ സെമിയില്‍ തോറ്റ് പുറത്തായി.
എന്നാല്‍ ഇത്തവണ തട്ടകത്തില്‍ ഇറങ്ങുന്ന ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. എന്നാല്‍ ഇത്തവണ ഇന്ത്യ കിരീടം നേടില്ലെന്നും ഓസ്‌ട്രേലിയയോട് തോല്‍ക്കുമെന്നും ഇന്ത്യ തോല്‍ക്കുമ്പോള്‍ നല്‍കാനുള്ള സമ്മാനം താന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയുടെ മത്സരങ്ങളുടെ പേരില്‍ മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറുമായി മിക്കപ്പോഴും മൈക്കല്‍ വോണ്‍ ഏറ്റുമുട്ടാറുണ്ട്.
ഇത്തവണയും നിരവധി തവണ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ പോരടിച്ചിരുന്നു. ഇപ്പോഴിതാ സെമി ഫൈലിന് മുമ്പ് ഇന്ത്യയെ പരിഹസിക്കുന്ന തരത്തിലാണ് വോണ്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. 'എന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് വസിം ജാഫറാണ്. ലോര്‍ഡ്‌സില്‍ എന്റെ ബൗളിങ്ങില്‍ കെവിന്‍ പീറ്റേഴ്‌സണ് ക്യാച്ച് നല്‍കിയാണ് അവന്‍ മടങ്ങിയത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒന്നിലധികം തവണ അവന്‍ എന്നെ പുറത്താക്കിയിട്ടുണ്ട്.
എന്നാല്‍ ജാഫറല്ല അവന്റെ സാമൂഹ്യ മാധ്യമത്തിലെ അക്കൗണ്ട് ഉപയോഗിക്കുന്നത്. അത് പ്രൊഫഷനല്‍ ആളുകളെക്കൊണ്ട് ചെയ്യിക്കുന്നതാണ്. ഇന്ത്യ തോല്‍ക്കുമ്പോഴുള്ള സമ്മാനം ഞാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിക്കുമെന്നാണ് കരുതുന്നത്'-എക്‌സിലൂടെ മൈക്കല്‍ വോണ്‍ പറഞ്ഞു. എന്നാല്‍ സെമിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സെമി മത്സരത്തിന് ഇനി സാധ്യതയില്ല. ഇന്ത്യ ഒന്നാം സ്ഥാനക്കാരായാവും സെമി കളിക്കുക.

ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍ നാലാം സ്ഥാനക്കാരാവും. അങ്ങനെ വരുമ്പോള്‍ ന്യൂസീലന്‍ഡ് എതിരാളികളായി എത്താനാണ് കൂടുതല്‍ സാധ്യത. പാകിസ്താനും സെമി സാധ്യത നിലനില്‍ക്കുന്നു. എന്തായാലും ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ ഇന്ത്യ-ഓസീസ് ഫൈനല്‍ നടക്കണം. ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ തോല്‍പ്പിക്കുകയും ഇന്ത്യ നാലാം സ്ഥാനക്കാരെ മറികടക്കുകയും ചെയ്താല്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ നടക്കാന്‍ സാധ്യതയുണ്ട്.
ഗ്രൂപ്പുഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രേലിയ ഫൈനലിലെത്തിയാല്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ വലിയ അനുഭവസമ്പത്തുള്ള നിരയാണ് ഓസ്‌ട്രേലിയ. അതുകൊണ്ടുതന്നെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമായിരിക്കില്ല. നിലവിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ അനായാസം കിരീടത്തിലേക്കെത്തേണ്ടതാണ്.
എന്നാല്‍ അവസാന രണ്ട് ഏകദിന ലോകകപ്പിലേയും കഴിഞ്ഞ ടി20 ലോകകപ്പുകളിലേയും പ്രകടനം നോക്കുമ്പോള്‍ സെമിയില്‍ നിന്ന് മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. അതുവരെ മികച്ച പ്രകടനം നടത്തിയിരുന്ന താരങ്ങള്‍ക്ക് സെമിയില്‍ കാലിടറുന്നതാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും ഈ ദുരന്തം ഇന്ത്യയെ വേട്ടയാടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് ലോകകപ്പ് എന്നതാണ് പ്രതീക്ഷ നല്‍കുന്നത്.
രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കം നല്‍കുമ്പോള്‍ വിരാട് കോലി ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നു. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അടിത്തറയില്‍ നിന്ന് സ്‌കോര്‍ ഉയര്‍ത്തുമ്പോള്‍ വെടിക്കെട്ട് ഫിനിഷിങ്ങിന് സൂര്യകുമാര്‍ യാദവുണ്ട്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്.