മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ സെമി എതിരാളികളായി നാലാം സ്ഥാനക്കാരായ ന്യൂസീലന്‍ഡ് എത്താനാണ് സാധ്യത. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലാവും മറ്റൊരു സെമി. ഇത്തവണ ആതിഥേയരായ ഇന്ത്യ വലിയ കിരീട പ്രതീക്ഷയിലാണുള്ളത്. കളിച്ച എട്ട് മത്സരത്തിലും ഇന്ത്യ തോറ്റിട്ടില്ല. ഒമ്പതാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനേയും ഇന്ത്യ തോല്‍പ്പിക്കുമെന്നുറപ്പാണ്.
ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക ടീമുകളെയെല്ലാം അനായാസമായി ഇന്ത്യ തോല്‍പ്പിച്ചു. ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കാന്‍ എതിരാളികളില്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന തകര്‍പ്പനൊരു 11നുണ്ട്. ഇത്തവണ പല കാരണങ്ങളാല്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ പോയ താരങ്ങളെ പരിഗണിച്ച് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ബെസ്റ്റ് 11 പരിശോധിക്കാം.
ഓപ്പണര്‍മാരായി ഇംഗ്ലണ്ടിന്റെ ജേസന്‍ റോയിയും ബംഗ്ലാദേശിന്റെ തമിം ഇക്ബാലുമാണ്. രണ്ട് പേര്‍ക്കും പരിക്കിനെത്തുടര്‍ന്നാണ് ലോകകപ്പ് നഷ്ടമായത്. ജേസന്‍ റോയ് ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുന്ന താരമാണ്. ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ കെല്‍പ്പുള്ളവനാണ്. തമിം ഇക്ബാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ലോകകപ്പിന് മുമ്പ് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു.
മൂന്നാം നമ്പറില്‍ സഞ്ജു സാംസണാണ് അവസരം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്ന താരമാണ് സഞ്ജു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പരിഗണിച്ചപ്പോള്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. നാലാം നമ്പറില്‍ ശ്രീലങ്കയുടെ ബനുക രാജപക്‌സെയാണുള്ളത്. പരിക്കാണ് താരത്തിന് ലോകകപ്പ് നഷ്ടപ്പെടുത്തിയത്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ഏകദിനത്തില്‍ ഭേദപ്പെട്ട റെക്കോഡുള്ളവനാണ്. മധ്യനിരയില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിക്കും. അഞ്ചാം നമ്പറില്‍ ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമായി റിഷഭ് പന്തുണ്ടാവും. ലോകകപ്പിന് മുമ്പ് കാര്‍ അപകടത്തില്‍ റിഷഭിന് പരിക്കേല്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് റിഷഭ് പന്ത്. ദൗര്‍ഭാഗ്യം കാര്‍ അപകടത്തിന്റെ രൂപത്തില്‍ റിഷഭിനെ വേട്ടയാടുകയായിരുന്നു.
മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ്. ആറാം നമ്പറില്‍ ന്യൂസീലന്‍ഡിന്റെ മിച്ചല്‍ ബ്രാസ്വെല്ലിനാണ് അവസരം. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. പരിക്കാണ് താരത്തിനും തിരിച്ചടിയായത്. അല്ലാത്ത പക്ഷം കിവീസ് നിരയില്‍ സ്ഥാനം ഉറപ്പുള്ളവനായിരുന്നു ബ്രാസ്വെല്‍. ഏഴാം നമ്പറില്‍ വനിന്‍ഡു ഹസരങ്കയ്ക്കാണ് അവസരം. ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരത്തിനും പരിക്കാണ് വില്ലനായത്.
എട്ടാം നമ്പറില്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലാണ്. ഇത്തവണത്തെ ലോകകപ്പ് ടീമില്‍ നിന്ന് ഇന്ത്യ തഴഞ്ഞ താരമാണ് ചഹാല്‍. ഒമ്പതാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചര്‍ക്കാണ് അവസരം. സ്റ്റാര്‍ പേസര്‍ക്ക് പരിക്കാണ് വില്ലനായത്. അതിവേഗ പേസര്‍ ഏറെ നാളുകളായി പരിക്കിന്റെ പിടിയിലാണ്. ആര്‍ച്ചറുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനത് കൂടുതല്‍ കരുത്ത് പകരുമായിരുന്നു. 10ാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോക്കിയേയാണുള്ളത്.
ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസറേയും പരിക്ക് വേട്ടയാടുകയായിരുന്നു. ഇത്തവണ ഗംഭീര പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം നോക്കിയേയും കൂടി ഉണ്ടായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക ഒന്നുകൂടി ശക്തമാകുമായിരുന്നു. 11ാം നമ്പറില്‍ പാകിസ്താന്റെ നസീം ഷാക്കാണ് അവസരം. ഏഷ്യാ കപ്പിനിടെ പരിക്കേറ്റതാണ് നസീം ഷായുടെ ഏകദിന ലോകകപ്പിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്.