ചെന്നൈ: ഓസ്‌ട്രേലിയക്കെതിരേ ആറ് വിക്കറ്റിന്റെ വിജയത്തോടെ ഏകദിന ലോകകപ്പിലേക്കുള്ള വരവറിയിച്ചിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഓസീസിനെ 199ലേക്ക് ചുരുട്ടിക്കൂട്ടിയ ഇന്ത്യ മറുപടിക്കിറങ്ങി 52 പന്ത് ബാക്കിയാക്കി വിജയിക്കുകയായിരുന്നു. രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും കെ എല്‍ രാഹുലും (97*) വിരാട് കോലിയും (85) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
സെഞ്ച്വറി നേടാനായി അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് കോലി പുറത്തായത്. 116 പന്ത് നേരിട്ട് 6 ബൗണ്ടറി ഉള്‍പ്പെടെയാണ് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്. വലിയ തകര്‍ച്ചയെ ഇന്ത്യ മുന്നില്‍ക്കണ്ട സമയത്ത് കോലി അവസരത്തിനൊത്തുയര്‍ന്നതാണ് ഇന്ത്യക്ക് കരുത്തായത്. എന്നാല്‍ സെഞ്ച്വറി നേടാനാവാത്തതില്‍ കടുത്ത നിരാശ കോലിക്കുണ്ടായിരുന്നു. ഡ്രസിങ് റൂമിലെത്തിയ ശേഷവും ഏറെ നേരം നിരാശനായാണ് കോലിയെ കാണപ്പെട്ടത്.
സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡിനെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന കോലിക്ക് ഓസീസിനെതിരായ സെഞ്ച്വറി വളരെ വിലപ്പെട്ടതായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മൂന്നക്കം കാണാനായില്ല. ജോഷ് ഹെയ്‌സല്‍വുഡാണ് സെഞ്ച്വറിയിലേക്ക് കുതിച്ച കോലിയെ വീഴ്ത്തിയത്. ഏകദിനത്തില്‍ 80-90നുമിടയില്‍ കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ ആരാണെന്ന് അറിയാമോ? അത് ജോഷ് ഹെയ്‌സല്‍വുഡാണ്. ഇത് മൂന്നാം തവണയാണ് ഹെയ്‌സല്‍വുഡ് 80-90നുമിടയില്‍ കോലിയുടെ വിക്കറ്റ് നേടുന്നത്.
അതിവേഗ ബൗളറല്ലെങ്കിലും മികച്ച ലൈനും ലെങ്തും അവകാശപ്പെടാന്‍ സാധിക്കുന്ന ബൗളറാണ് ഹെയ്‌സല്‍വുഡ്. പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിയാനും വിക്കറ്റ് നേടാനും ഹെയ്‌സല്‍വുഡ് മിടുക്കനാണ്. അതുകൊണ്ടുതുന്നെ പലപ്പോഴും കോലിക്ക് ഹെയ്‌സല്‍വുഡിന് മുന്നില്‍ അടിപതറി. 80-90നുമിടയില്‍ കോലിയെ ഒരു തവണ പുറത്താക്കാന്‍ പല ബൗളര്‍മാര്‍ക്കും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം തവണ ഈ നേട്ടം കൈവരിക്കാന്‍ ഹെയ്‌സല്‍വുഡിന് മാത്രമെ സാധിച്ചിട്ടുള്ളൂ.

വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജേസന്‍ ഹോള്‍ഡര്‍ ഒരു തവണ ഈ നേട്ടത്തിലേക്കെത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ അന്തോണി മാര്‍ട്ടിന്‍, രവി രാംപോള്‍, ദേവേന്ദ്ര ബിഷു എന്നിവരും ഓരോ തവണ കോലിയെ സെഞ്ച്വറിക്കരികെ മടക്കി.
ഓസീസ് പേസര്‍ നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ അല്‍സാരി ജോസഫ്, ഓസീസ് താരം മാര്‍ക്കസ് സ്‌റ്റോയിണിസ്, ജെയിംസ് ഫോക്‌നര്‍, ശ്രീലങ്കയുടെ സൂരജ് രന്ദീവ്, വെസ്റ്റ് ഇന്‍ഡീസിന്റെ കീമോ പോള്‍, ന്യൂസീലന്‍ഡിന്റെ നതാന്‍ മക്കല്ലം, ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ എന്നിവരും ഓരോ തവണ വീതം കോലിയെ സെഞ്ച്വറിക്കരികെ മടക്കി. വളരെ അപൂര്‍വ്വമായാണ് കോലി സെഞ്ച്വറിക്കരികെ പുറത്തായിട്ടുള്ളത്.
50 കടന്നാല്‍ മിക്ക സമയത്തും അത് സെഞ്ച്വറിയാക്കി മാറ്റാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച ബാറ്റിങ് സാങ്കേതികതയും പ്രതിഭയും കോലിക്കുണ്ടെന്നതാണ് വസ്തുത. 282 ഏകദിനത്തില്‍ നിന്ന് 47 സെഞ്ച്വറികള്‍ കോലി നേടിയിട്ടുണ്ട്. 67 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ ഏകദിന ലോകകപ്പിലൂടെ സച്ചിന്റെ ആരും തകര്‍ക്കില്ലെന്ന് കരുതിയ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കോലിക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.
ഓസ്‌ട്രേലിയക്കെതിരായ ബാറ്റിങ് പ്രകടനത്തോടെ ഐസിസി ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ റണ്‍സ് എന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ വിരാട് കോലിക്കായി. കൂടാതെ റണ്‍ ചേസില്‍ തന്നെക്കാള്‍ മികച്ചവനില്ലെന്ന് ഒരിക്കല്‍ കൂടി കോലി തെളിയിച്ചു. ഏകദിനത്തില്‍ വിജയകരമായി റണ്‍സ് പിന്തുടര്‍ന്ന മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് എന്ന റെക്കോഡിലും കോലി തലപ്പത്തേക്കെത്തി.
5517 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 5490 റണ്‍സ് നേടിയ സച്ചിനെയാണ് കോലി മറികടന്നത്. 4186 റണ്‍സോടെ റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്താണ്.