മുംബൈ: ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് രോഹിത് ശര്‍മയുടെ പേരിലാണ്. ആറ് ഏകദിന ലോകകപ്പുകളില്‍ നിന്ന് ആറ് സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിനെയാണ് രോഹിത് ശര്‍മ മറികടന്നത്. അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറി പ്രകടനത്തോടെയാണ് ഹിറ്റ്മാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. പാകിസ്താനെതിരേ സെഞ്ച്വറി നേടുമെന്ന് കരുതിയെങ്കിലും 14 റണ്‍സകലെ രോഹിത് വീണു.
നിലവില്‍ ഏഴ് സെഞ്ച്വറിയാണ് രോഹിത്തിന്റെ പേരിലുള്ളത്. ഏകദിന ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ഏഴ് സെഞ്ച്വറി നേടുകയെന്നത് ഒട്ടും എളുപ്പമല്ല. അതുകൊണ്ടുതന്നെ ഈ റെക്കോഡ് തകര്‍ക്കുകയെന്നതും അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ലോകകപ്പിലെ രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ നിലവിലെ ആര്‍ക്കെങ്കിലും സാധിക്കുമോ? ഭാവിയില്‍ രോഹിത്തിനെ മറികടക്കാന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം ഇന്ത്യയുടെ ശുബ്മാന്‍ ഗില്ലാണ്. കന്നി ഏകദിന ലോകകപ്പ് കളിക്കുന്ന ഗില്ലിന്റെ പ്രായം 24 മാത്രമാണ്. ഇനിയും മൂന്നോ നാലോ ലോകകപ്പുകള്‍ കളിക്കാനുള്ള പ്രതിഭ ശുബ്മാനുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡിനെ ശുബ്മാന്‍ ഗില്‍ തകര്‍ക്കാനുള്ള സാധ്യതയുണ്ട്. ഈ വര്‍ഷം കൂടുതല്‍ സെഞ്ച്വറി, റണ്‍സ് എന്നീ റെക്കോഡുകള്‍ സ്വന്തമാക്കിയ ഗില്ലിന് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും നഷ്ടമായിരുന്നു.
മികച്ച ഫോമില്‍ കളിക്കുന്ന ശുബ്മാന്‍ നല്ല ഫിറ്റ്‌നസുള്ള താരം കൂടിയാണ്. ഏകദിനത്തില്‍ ഇതിനോടകം ഇരട്ട സെഞ്ച്വറിയടക്കം നേടാന്‍ ഗില്ലിനായി. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന് ഇതിനോടകം പേരെടുക്കാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. രണ്ടാമത്തെ താരം ഇന്ത്യയുടെ റിഷഭ് പന്താണ്. പരിക്കേറ്റ് നിലവില്‍ വിശ്രമത്തിലുള്ള റിഷഭ് ഈ വര്‍ഷം അവസാനത്തോടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തും. ഫിറ്റ്‌നസുണ്ടായിരുന്നെങ്കില്‍ എക്‌സ്ഫാക്ടര്‍ താരമായി റിഷഭും ഒപ്പം ഉണ്ടാകുമായിരുന്നു.

ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ റിഷഭ് ഇതിനോടകം തന്റെ മികവ് തെളിയിച്ചതാണ്. അടുത്ത രണ്ടോ മൂന്നോ ലോകകപ്പ് കളിക്കാനുള്ള ബാല്യം ശേഷിക്കുന്ന താരമാണ് റിഷഭ്. അതുകൊണ്ടുതന്നെ വമ്പന്‍ പ്രകടനത്തോടെ രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ റിഷഭിന് സാധിച്ചേക്കും. മൂന്നാമത്തെ താരം ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കാണ്. യുവതാരമായ ബ്രൂക്ക് ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിക്കഴിഞ്ഞു.
തന്റേതായ ശൈലിയില്‍ കസറാന്‍ ശേഷിയുള്ള ബ്രൂക്ക് തലിപ്പറത്തുന്ന ബാറ്റ്‌സ്മാനാണ്. ക്ലാസിക് ശൈലിയില്‍ നിലയുറപ്പിച്ച് കളിക്കാനും ബ്രൂക്കിന് മികവുണ്ട്. ഇത്തവണ ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. വരുന്ന മത്സരങ്ങളിലും മികവ് കാട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഭാവിയില്‍ ഇംഗ്ലണ്ടിന്റെ സുപ്രധാന ബാറ്റ്‌സ്മാന്‍മാരിലൊരാളായിരിക്കും ബ്രൂക്കെന്ന് നിസംശയം പറയാം. രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ ബ്രൂക്കിന് സാധിച്ചേക്കും.
ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസും ഇതിന് ശേഷിയുള്ള താരമാണ്. വെടിക്കെട്ട് ബാറ്റിങ് നടത്താനും നിലയുറപ്പിച്ച് കളിക്കാനും ശേഷിയുള്ള താരമാണ് കുശാല്‍ മെന്‍ഡിസ്. 28കാരനായ താരത്തിന് ഇനിയും രണ്ട് ലോകകപ്പെങ്കിലും കളിക്കാന്‍ സാധിച്ചേക്കും. അതിനുള്ള ഫിറ്റ്‌നസും മെന്‍ഡിസിനുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ശ്രീലങ്കയുടെ അടുത്ത നായകനായി എത്താന്‍ സാധ്യതയുള്ള താരമാണ് മെന്‍ഡിസ്. ബാറ്റിങ് പ്രതിഭ വിലയിരുത്തുമ്പോള്‍ രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ മെന്‍ഡിസിനായേക്കും.
ന്യൂസീലന്‍ഡിന്റെ യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ള യുവതാരമാണ്. ഇത്തവണ കന്നി ലോകകപ്പിനിറങ്ങിയ താരം ഇതിനോടകം സെഞ്ച്വറി നേടിക്കഴിഞ്ഞു. ഓള്‍റൗണ്ടറെന്ന നിലയില്‍ വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് രചിന്‍. യുവതാരത്തിന് മുന്നില്‍ ഇനിയും കരിയര്‍ ഏറെ ബാക്കി നില്‍ക്കെ രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.