മുംബൈ: 2019ലെ ഏകദിന ലോകകപ്പ് ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. രോഹിത് ശര്‍മയെന്ന വെടിക്കെട്ട് ഓപ്പണര്‍ അഞ്ച് സെഞ്ച്വറികളുമായി കസറിയ ലോകകപ്പില്‍ ഇന്ത്യ വലിയ കിരീട പ്രതീക്ഷയിലായിരുന്നു. ഗംഭീര കുതിപ്പുമായി സെമിയിലെത്തിയ ഇന്ത്യ കിവീസ് നിരക്ക് മുന്നില്‍ മുട്ടുമടക്കിയാണ് അന്ന് മടങ്ങിയത്. ഇന്ന് ഇന്ത്യയുടെ സ്വന്തം തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ടീമിന് മുന്നിലുള്ളത്.
ഇത്തവണ കൂടുതല്‍ ശക്തമായ താരനിരയാണ് ഇന്ത്യക്കുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. ഏഷ്യയിലെ രാജാക്കന്മാരായാണ് ഇന്ത്യയുടെ വരവ്. രോഹിത് ശര്‍മക്ക് കീഴില്‍ സ്ഥിരതയോടെ കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. 2019ല്‍ നിന്ന് 2023ലേക്കെത്തുമ്പോള്‍ ഇന്ത്യയുടെ ചില താരങ്ങളുടെ വളര്‍ച്ച ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ വലിയ വളര്‍ച്ച കൈവരിച്ച ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ഇന്ത്യയുടെ മധ്യനിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍, ഭേദപ്പെട്ട ബൗളര്‍ എന്നത് മാത്രമായിരുന്നു 2019ലെ ഹാര്‍ദിക്കിന്റെ ടീമിലെ സ്ഥാനം. നിര്‍ണ്ണായകമായ കളിക്കാരനെന്ന നിലയിലേക്ക് വളരാന്‍ അപ്പോള്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ടീമിലെ സുപ്രധാന താരങ്ങളിലൊരാളുമാണ് ഹാര്‍ദിക്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരോടൊപ്പം ഹാര്‍ദിക്കിന് ഇന്ന് സ്ഥാനം ലഭിക്കുന്നു.
പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും തിളങ്ങുന്നതോടൊപ്പം താരങ്ങള്‍ക്ക് നിര്‍ണ്ണായക ഉപദേശങ്ങള്‍ നല്‍കി മത്സരത്തെ വിജയത്തിലേക്കടുപ്പിക്കാന്‍ ഹാര്‍ദിക് നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഇന്ത്യയുടെ വിശ്വസ്തനായ നായകനായി ഇക്കാലയളവില്‍ വരാന്‍ ഹാര്‍ദിക്കിന് സാധിച്ചു. രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാവാന്‍ ഹാര്‍ദിക് തയ്യാറെടുക്കുകയാണ്.

രണ്ടാമത്തെ താരം കുല്‍ദീപ് യാദവാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കുല്‍ദീപ് യാദവ് ഇപ്പോള്‍ സ്പിന്‍ മികവുകൊണ്ട് വിസ്മയിപ്പിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയുടെ വജ്രായുധമായാണ് കുല്‍ദീപിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിന്റെ മികവ് ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. കൂട്ടുകെട്ടുകള്‍ പൊളിക്കാനും സ്ഥിരതയോടെ വിക്കറ്റ് നേടാനും കുല്‍ദീപിന് സാധിക്കുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായി ഇപ്പോള്‍ കുല്‍ദീപിനെ വിശേഷിപ്പിക്കാം.
16 മത്സരത്തില്‍ നിന്ന് 31 വിക്കറ്റാണ് 2019ന് ശേഷം കുല്‍ദീപ് വീഴ്ത്തിയത്. അതും 4.54 എന്ന മികച്ച ഇക്കോണമിയില്‍. നായകന്റെ ഏറ്റവും വിശ്വസ്തനായ ബൗളറായി മാറാന്‍ കുല്‍ദീപിനായി. ഏഷ്യാ കപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ കുല്‍ദീപിന്റെ പങ്ക് വളരെ വലുതായിരുന്നു. ടൂര്‍ണമെന്റിലെ താരമായത് കുല്‍ദീപ് യാദവാണ്. ഏകദിന ലോകകപ്പിലും കുല്‍ദീപിന്റെ പ്രകടനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.
ബൗളറെന്ന നിലയില്‍ രവീന്ദ്ര ജഡേജയുടെ വളര്‍ച്ചയും എടുത്തു പറയേണ്ടതാണ്. സ്ഥിരതയോടെ വിക്കറ്റ് നേടുന്ന ബൗളറെന്ന നിലയില്‍ ഗംഭീര വളര്‍ച്ചയാണ് ജഡേജ കൈവരിച്ചത്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ജഡേജ പിന്നോട്ട് പോയി. അടുത്തകാലത്തൊന്നും പ്രതീക്ഷക്കൊത്ത ബാറ്റിങ് ജഡേജ കാഴ്ചവെച്ചിട്ടില്ല. ഏഷ്യാ കപ്പിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ജഡേജ കാര്യമായൊന്നും ചെയ്തിട്ടില്ല. ഏകദിന ലോകകപ്പില്‍ ജഡേജ ബാറ്റിങ് മെച്ചപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
2019ലെ ടീമില്‍ ഇന്ത്യക്കില്ലാതെ പോയ മികച്ച മധ്യനിര ഇത്തവണ ടീമിനൊപ്പമുണ്ട്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന മികച്ച മധ്യനിര ഇത്തവണ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. മുഹമ്മദ് സിറാജിനെപ്പോലൊരു സൂപ്പര്‍ പേസറേയും ഇപ്പോള്‍ ഇന്ത്യക്കൊപ്പം കാണാനാവും. ഇതെല്ലാം ഇത്തവണ ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ സജീവമാക്കുന്നു.