World Cup 2023: ലോകകപ്പിന് പിന്നാലെ ഇവരുടെ ചീട്ട് കീറും! ഇന്ത്യ പുറത്താക്കും- ഹതഭാഗ്യവാന്മാരിതാ
മുംബൈ: ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. കളിച്ച അഞ്ച് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണുള്ളത്. രോഹിത് ശര്‍മക്ക് കീഴില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നത് ടീമിന്റെ കിരീട സാധ്യതകള്‍ ഉയര്‍ത്തുകയാണ്. രോഹിത്തും കോലിയും രാഹുലുമെല്ലാം മുന്നില്‍ നിന്ന് ടീമിനെ നയിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
എന്നാല്‍ ഇത്തവണത്തെ ഏകദിന ലോകകപ്പോടെ ചില ഇന്ത്യന്‍ താരങ്ങളുടെ ചീട്ടുകീറാനാണ് സാധ്യത. ഇനിയൊരിക്കലും ഏകദിന ടീമില്‍ ഇവര്‍ക്ക് ഇടം ലഭിച്ചേക്കില്ല. ഇത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മുഹമ്മദ് ഷമിയാണ്. വെറ്ററന്‍ പേസറായ ഷമി മികച്ച വേഗവും സ്വിങ്ങുമുള്ള ബൗളര്‍മാരിലൊരാളാണ്. ഇത്തവണത്തെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഷമിയും ഇടം നേടിയിട്ടുണ്ട്.
ആദ്യത്തെ നാല് മത്സരവും കളിക്കാതിരുന്ന ഷമിയെ ന്യൂസീലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ കളിപ്പിച്ചിരുന്നു. അഞ്ച് വിക്കറ്റുമായാണ് ഷമി കസറിയത്. ഇംഗ്ലണ്ടിനെതിരേയും ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ ഷമി പ്ലേയിങ് 11ല്‍ തുടര്‍ന്നേക്കും. പക്ഷെ ഈ ലോകകപ്പിന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ നിന്ന് ഷമി പൂര്‍ണ്ണമായും പുറത്താവാനാണ് സാധ്യത. ടെസ്റ്റിലേക്ക് മാത്രമായി ഷമി ഒതുങ്ങിയേക്കും.
നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഷമിക്ക് അവസരമില്ല. ഏകദിന ലോകകപ്പിലും ഷമിക്ക് അപ്രതീക്ഷിതമായാണ് വിളി ലഭിച്ചതെന്ന് പറയാം. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണ്ണായക ബൗളറാണ് ഷമി. ടെസ്റ്റില്‍ കൂടുതല്‍ കാലം മുന്നോട്ട് പോകാന്‍ ഷമിക്ക് പരിമിത ഓവര്‍ ഒഴിവാക്കേണ്ടി വരും. പ്രസിദ്ധ് കൃഷ്ണ ഉള്‍പ്പെടെ യുവതാരങ്ങള്‍ അവസരം കാത്തിരിക്കവെ ഈ ലോകകപ്പോടെ ഷമിയുടെ പരിമിത ഓവറിലെ ചീട്ടുകീറുമെന്നുറപ്പാണ്.

രണ്ടാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. ഇന്ത്യയുടെ വെടിക്കെട്ട് ഫിനിഷറായ സൂര്യകുമാര്‍ ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നതെങ്കിലും ഏകദിനത്തില്‍ അത്ര മികവില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ടെങ്കിലും സ്ഥിരതയുള്ള ബാറ്റ്‌സ്മാനല്ല സൂര്യകുമാര്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് ഏകദിന ഫോര്‍മാറ്റില്‍ സൂര്യ കാഴ്ചവെച്ചിരിക്കുന്നത്.
മികച്ച യുവതാരങ്ങള്‍ വളര്‍ന്നുവരവെ ഫിനിഷര്‍ റോളില്‍ സൂര്യക്ക് തുടരുക പ്രയാസം. ഏകദിനത്തില്‍ സൂര്യക്ക് ഇനി ഭാവി കാണുന്നില്ല. ഇത്തവണ ന്യൂസീലന്‍ഡിനെതിരേ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സൂര്യ റണ്ണൗട്ടായാണ് പുറത്തായത്. സൂര്യയെ ടീമില്‍ നിലനിര്‍ത്തുന്നതിന് പിന്നില്‍ മുംബൈ ലോബിയുടെ ഇടപെടല്‍ ആരോപണവും ശക്തമാണ്. അക്കാരണത്താല്‍ത്തന്നെ ഏകദിന ലോകകപ്പിന് ശേഷം സൂര്യകുമാറിനെ ഇന്ത്യ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍.
ആര്‍ അശ്വിനെ ഇന്ത്യ ഒഴിവാക്കുമെന്നത് 100 ശതമാനം ഉറപ്പാണ്. ഇന്ത്യയുടെ ഏകദിന പദ്ധതികളുടെ ഭാഗമല്ലായിരുന്ന അശ്വിനെ അപ്രതീക്ഷിതമായാണ് ഇന്ത്യ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത്. അക്ഷര്‍ പട്ടേലിന് പരിക്കേറ്റതോടെ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യക്കായി ഒരു മത്സരം ഇത്തവണ കളിക്കാന്‍ അശ്വിനായി. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളിലെല്ലാം സീറ്റ് ബെഞ്ചിലാണ്.
സ്പിന്നിന് മുന്‍തൂക്കമുള്ള പിച്ചില്‍ മാത്രമേ അശ്വിന് ഇന്ത്യ അവസരം നല്‍കുന്നുള്ളൂ. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ നിര്‍ണ്ണായക താരമാണ് അശ്വിന്‍. എന്നാല്‍ പരിമിത ഓവറില്‍ ഇനി അവസരം ലഭിച്ചേക്കില്ല. അശ്വിന്റെ പ്രായം പരിഗണിക്കുമ്പോള്‍ ടെസ്റ്റില്‍ കൂടുതല്‍ കാലം കളിക്കാന്‍ പരിമിത ഓവര്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications