ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനം വന്‍ ദുരന്തമായി മാറി. ക്യാച്ചുകള്‍ കൈവിട്ടും സിംഗിളുകള്‍ ഡബിളാക്കിക്കൊടുത്തുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ കിവി ബാറ്റര്‍മാരെ നന്നായി സഹായിക്കുന്നത് കാണാമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനത്തെ പലരും ട്രോളുകയും വിമര്‍ശിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലു മല്‍സരങ്ങളിലും ഫീല്‍ഡിങില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ ചോരുന്ന കൈകുകളുമായിട്ടാണ് കിവികള്‍ക്കെതിരേ ഇറങ്ങിയത്.
ഓരോ മല്‍സരത്തിലും ടീമിനായി ഫീല്‍ഡിങില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരു താരത്തിനു മെഡല്‍ സമ്മാനിക്കുന്ന പുതിയൊരു മാറ്റത്തിനു ഈ ലോകകപ്പില്‍ ഇന്ത്യ തുടക്കമിട്ടിരുന്നു. വിരാട് കോലി, ശര്‍ദ്ദുല്‍ ടാക്കൂര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കായിരുന്നു മുന്‍ മല്‍സരങ്ങളില്‍ മെഡല്‍ ലഭിച്ചത്. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള ഇന്നത്തെ മല്‍സരത്തിനു ശേഷം ഫീല്‍ഡിങ് കോച്ച് ടി ദിലീപ് മെഡല്‍ മാറ്റി പകരം ബെല്‍റ്റ് കൊണ്ടു വന്നിട്ടുണ്ടെന്നായിരുന്നു തമാശരൂപേണ ആരാധകര്‍ കുറിച്ചത്.

മൂന്നു ക്യാച്ചുകളായിരുന്നു മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടത്. ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയായിരുന്നു ആദ്യ ക്യാച്ച് പാഴാക്കിയത്. മുഹമ്മദ് ഷമിയുടെ ബൗളിങില്‍ രചിന്‍ രവീന്ദ്രയുടെ ഒരു സിംപിള്‍ ക്യാച്ച് ജഡേജ താഴെയിടുകയായിരുന്നു. അതിനു ശേഷം ക്യാച്ച് പാഴാക്കിയത് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലായിരുന്നു. പക്ഷെ അതു അല്‍പ്പം ദുഷ്‌കരമായ അവസരമായിരുന്നു. 30ാം ഓവറില്‍ ജഡേജയുടെ ബോളില്‍ എഡ്ജായ ഡാരില്‍ മിച്ചെലിനെ പിടികൂടാന്‍ രാഹുലിനായില്ല.
അടുത്ത ക്യാച്ച് പാഴാക്കിയത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. കുല്‍ദീപ് യാദവിന്റെ ബൗളിങിലായിരുന്നു അദ്ദേഹം ക്യാച്ച് നഷ്ടപ്പെടുത്തിയത്. 33ാം ഓവറിലായിരുന്നു സംഭവം. ഡാരില്‍ മിച്ചെലാണ് ഒരിക്കല്‍ക്കൂടി പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്. അല്‍പ്പം വൈഡായ ഒരു ബോളായിരുന്നു കുല്‍ദീപ് പരീക്ഷിച്ചത്. ലോങ്ഓഫില്‍ ബുംറ ഒരു റണ്ണിങ് ക്യാച്ചിലൂടെ അതു വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും വഴുതിപ്പോവുകയും ബൗണ്ടറിയില്‍ കലാശിക്കുകയുമായിരുന്നു.

ഈ ക്യാച്ച് കൂടി ഇന്ത്യ പാഴാക്കിയതോടെയാണ് ആരാധകരുടെ നിയന്ത്രണം വിട്ടത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ടീമിനെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഫീല്‍ഡിങില്‍ ഇന്ത്യ ഇന്നു ദയനീയ പരാജയമായി മാറിയിരിക്കുകയാണ്. പാകിസ്താന്റെ ഫീല്‍ഡിങ് പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ ഇന്ത്യ ഇറങ്ങിയതെന്നു സംശയിക്കുന്നതായും ആരാധകര്‍ പരിഹസിച്ചു.
മികച്ച ഫീല്‍ഡര്‍ക്കു മെഡല്‍ സമ്മാനിക്കുന്ന ഇന്ത്യന്‍ ഡ്രസിങ് റൂമിലെ മെഡല്‍ദാന ചടങ്ങ് ടിവിയിലും അതിനു ശേഷം ഗ്രൗണ്ടിലെ വലിയ സ്‌ക്രീനിലുമെല്ലാം നേരത്തേ കാണിച്ചിരുന്നു. ഇനി ഇന്ത്യന്‍ കളിക്കാരെ മോശം ഫീല്‍ഡിങിന്റെ പേരില്‍ ബെല്‍റ്റൂരിയടിക്കുന്നതും ടിവിയില്‍ കാണിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍.