മുംബൈ: ഏകദിന ലോകകപ്പിന്റെ പോരാട്ട ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകമെത്താന്‍ ഇനി നാല് ദിവസം മാത്രമാണ് ബാക്കി. അഞ്ചാം തീയ്യതിയാണ് ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാവും ഇത്തവണത്തെ ഏകദിന ലോകകപ്പ് ആരംഭിക്കുക. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണ് വരാനിരിക്കുന്നത്.
ഇത്തവണത്തെ ലോകകപ്പിലെ താരമാവാന്‍ കെല്‍പ്പുള്ള നിരവധി സീനിയര്‍ താരങ്ങളുടെ പേര് പ്രമുഖര്‍ ഉയര്‍ത്തിക്കാട്ടുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ബാബര്‍ ആസം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് വാര്‍ണര്‍ എന്നിങ്ങനെ പല താരങ്ങളുടേയും പേര് ഈ പട്ടികയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത ചില യുവതാരങ്ങള്‍ ഇത്തവണത്തെ ലോകകപ്പില്‍ കസറിയേക്കും. ഇത്തരത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം അഫ്ഗാനിസ്ഥാന്റെ നൂര്‍ അഹമ്മദാണ്. അഫ്ഗാനിസ്ഥാന്റെ യുവ സ്പിന്നര്‍ തന്റെ മികവ് എന്താണെന്ന് ഐപിഎല്ലിലൂടെ തെളിയിച്ചതാണ്. കൈക്കുഴയില്‍ മായാജാലം ഒളിപ്പിക്കുന്ന സ്പിന്നര്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായാണ് കളിച്ചത്. 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുമായി താരം തിളങ്ങിയിരുന്നു. ഇന്ത്യന്‍ പിച്ചില്‍ അനുയോജ്യമായ ബൗളിങ് ശൈലിയുള്ള താരമാണ് നൂര്‍ അഹമ്മദ്. സ്പിന്നര്‍മാര്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.
അതുകൊണ്ടുതന്നെ നൂര്‍ അഹമ്മദ് ഇത്തവണ കസറാന്‍ സാധ്യത കൂടുതലാണ്. രണ്ടാമത്തെ താരം ശ്രീലങ്കയുടെ മതീശ പതിരാനയാണ്. ജൂനിയര്‍ മലിംഗയെന്ന് പേരെടുത്ത പതിരാന ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം കളിച്ച് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. മലിംഗയുടേതിന് സമാനമായ ബൗളിങ് ആക്ഷനാണ് പതിരാനയുടേത്. 21കാരനായ പതിരാന യോര്‍ക്കറുകളിലൂടെ എതിരാളികളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. ഇത്തവണ അത്ഭുത പ്രകടനം നടത്താന്‍ പതിരാനക്ക് സാധിച്ചേക്കും.

ഇന്ത്യന്‍ പിച്ചുകളില്‍ അനുഭവസമ്പത്തുള്ള പതിരാന ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഈ മികവ് ലോകകപ്പിലും ആവര്‍ത്തിക്കാന്‍ താരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണ ശക്തമായ താരങ്ങളുടെ നിരയാണ്. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് നിരയില്‍ പ്രതിഭാശാലികളായ നിരവധി താരങ്ങളെ കാണാനാവും. സീനിയര്‍ താരങ്ങളാല്‍ സമ്പന്നമായ ഇംഗ്ലണ്ട് നിരയില്‍ എല്ലാവരും കരുതിയിരിക്കേണ്ട യുവതാരമാണ് ഗുസ് ആറ്റ്കിന്‍സന്‍.
അതിവേഗത്തില്‍ പന്തെറിയുന്ന യുവതാരം ഇത്തവണത്തെ ലോകകപ്പില്‍ ഗംഭീര പ്രകടനത്തോടെ എല്ലാവരുടേയും കൈയടി നേടാന്‍ സാധ്യതയുണ്ട്. നെതര്‍ലന്‍ഡ്‌സിനെ വലിയ എതിരാളികളായി ആരും കാണുന്നില്ല. എന്നാല്‍ അട്ടിമറിക്കാന്‍ ശേഷിയുള്ള നിരയാണ് നെതര്‍ലന്‍ഡ്‌സിന്റേത്. ഞെട്ടിക്കാന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ നെതര്‍ലന്‍ഡ്‌സിനൊപ്പമുണ്ട്. അതിലൊരാളാണ് തേജ നിതാമാനുരു. വലം കൈയന്‍ ബാറ്റ്‌സ്മ്‌നായ താരം ആഭ്യന്തര ക്രിക്കറ്റിലൂടെയും ടി20 ലീഗുകളിലൂടെയും തന്റെ മികവ് കാട്ടിക്കൊടുത്തിട്ടുണ്ട്.
ലോകകപ്പ് അവസാനിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തുന്ന താരങ്ങളുടെ പട്ടികയിലേക്ക് തേജയും ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. അട്ടിമറി വീരന്മാരായ ടീമാണ് ബംഗ്ലാദേശ്. എല്ലാ കാലത്തും മികച്ച യുവതാരങ്ങള്‍ ബംഗ്ലാദേശിനൊപ്പം ഉണ്ടാകാറുണ്ട്. ഇത്തവണ ബംഗ്ലാദേശ് നിരയിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരം തൗഹിദ് ഹൃദോയിയാണ്. ഏഷ്യാ കപ്പിലൂടെത്തന്നെ ഹൃദോയി ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഈ മികവ് ലോകകപ്പിലും കാട്ടാന്‍ താരത്തിനായേക്കും.
യുവതാരങ്ങളില്‍ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം ഗില്ലാണ്. ഗംഭീര ഫോമില്‍ കളിക്കുന്ന ഗില്‍ ഇത്തവണത്തെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാനുള്ള സാധ്യത കൂടുതലാണ്. ഫ്‌ളാറ്റ് പിച്ചുകളില്‍ ഗില്ലിന് കസറാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇത്തവണ എല്ലാവരും കരുതിയിരിക്കുന്ന ബാറ്റ്‌സ്മാന്‍ ഗില്ലാണ്.