ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിലെ നാലാം മത്സരത്തില്‍ ശ്രീലങ്കയെ 102 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന് 428 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് 44.5 ഓവറില്‍ 326 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു.
റാസി വാന്‍ ഡര്‍ ഡ്യൂസന്‍ (108), എയ്ഡന്‍ മാര്‍ക്രം (106), ക്വിന്റന്‍ ഡീകോക്ക് (100) എന്നിവരുടെ സെഞ്ച്വറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ജെറാള്‍ഡ് കോയ്‌സി മൂന്നും മാര്‍ക്കോ യാന്‍സന്‍, കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകര്‍ന്നു. ലൂങ്കി എന്‍ഗിഡി ഒരു വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകന്‍ ടെംബ ബാവുമയെ (8) തുടക്കത്തിലേ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 5 പന്ത് നേരിട്ട് 2 ബൗണ്ടറിയടക്കം നേടിയ ബാവുമയെ ദില്‍ഷന്‍ മധുശന്‍കയാണ് പുറത്താക്കിയത്. എല്‍ബിയില്‍ കുടുങ്ങിയ ബാവുമ റിവ്യൂ ചെയ്‌തെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്വിന്റന്‍ ഡീകോക്കും (100) റാസി വാന്‍ ഡെര്‍ ഡ്യുസെനും (108) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് അടിത്തറ പാകി. 204 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം ഡീകോക്ക് പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 84 പന്തില്‍ 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 100 റണ്‍സ് നേടിയ ഡീകോക്കിനെ മതീഷ പതിരാനയാണ് പുറത്താക്കിയത്.
സ്‌കോര്‍ബോര്‍ഡ് 264ല്‍ എത്തിയപ്പോള്‍ ഡ്യൂസന്‍ പുറത്തായി. 110 പന്ത് നേരിട്ട് 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 108 റണ്‍സ് നേടിയ ഡ്യൂസനെ ദുനിത് വെല്ലാലാഗെയാണ് മടക്കിയയച്ചത്. ഇരുവരും മടങ്ങിയപ്പോള്‍ ആശ്വസിച്ച ശ്രീലങ്കയെ കാത്തിരുന്നത് എയ്ഡന്‍ മാര്‍ക്രമിന്റെ വെടിക്കെട്ടാണ്. 54 പന്ത് നേരിട്ട് 14 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സാണ് മാര്‍ക്രം നേടിയത്. 49 പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇംഗ്ലണ്ടിനെതിരേ കെവിന്‍ ഒബ്രൈന്‍ നേടിയ 50 പന്ത് സെഞ്ച്വറി റെക്കോഡിനെയാണ് മാര്‍ക്രം മറികടന്നത്. വമ്പനടിക്ക് ശ്രമിച്ച മാര്‍ക്രത്തെ മധുശന്‍കയാണ് പുറത്താക്കിയത്. ഹെന്റിച്ച് ക്ലാസന്‍ 20 പന്തില്‍ 32 റണ്‍സാണ് അടിച്ചെടുത്തത്. 1 ഫോറും 3 സിക്‌സും താരം പറത്തി. ഡേവിഡ് മില്ലര്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. 21 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സോടെയാണ് മില്ലര്‍ പുറത്താവാതെ നിന്നത്. മാര്‍ക്കോ യാന്‍സന്‍ (7 പന്തില്‍ 12*) മില്ലര്‍ക്ക് മികച്ച പിന്തുണയേകി.

ഇതോടെ 50 ഓവറില്‍ 5 വിക്കറ്റിന് 428 എന്ന വമ്പന്‍ സ്‌കോറിലേക്കും ദക്ഷിണാഫ്രിക്കയെത്തി. ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീമിന്റെ 4 ബൗളര്‍മാര്‍ 80ലധികം റണ്‍സ് വഴങ്ങുന്നതും 2 ബൗളര്‍മാര്‍ 90ലധികം റണ്‍സ് വഴങ്ങുന്നതും.
മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ തുടക്കം പിഴച്ചു. 3 പന്ത് നേരിട്ട പതും നിസങ്കയെ അക്കൗണ്ട് തുറക്കും മുമ്പെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. കുശാല്‍ പെരേരയും (7) യാന്‍സന്റെ മുന്നില്‍ വീണു. എന്നാല്‍ ഒരുവശത്ത് കുശാല്‍ മെന്‍ഡിസ് (76) വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. 42 പന്തില്‍ 4 ഫോറും 8 സിക്‌സും ഉള്‍പ്പെടെ കസറിയ കുശാലിന്റെ പോരാട്ടത്തിന് കഗിസോ റബാഡയാണ് അവസാനമിട്ടത്. നിലയുറപ്പിച്ച് വരികയായിരുന്ന സദീര സമരവിക്രമയെ (23) ജെറാള്‍ഡ് കോയ്‌സിയും മടക്കി.
ധനഞ്ജയ് ഡി സില്‍വയെ (11) കേശവ് മഹാരാജും പുറത്താക്കുമ്പോള്‍ ശ്രീലങ്ക 150ന് 5 വിക്കറ്റ് എന്ന നിലയിലായിരുന്നു. ചരിത് അസലന്‍ക മധ്യനിരയില്‍ പൊരുതി. 65 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 79 റണ്‍സ് നേടിയ അസലന്‍കയെ ലൂങ്കി എന്‍ഗിഡി പുറത്താക്കി. 8 ഫോറും 4 സിക്‌സുമാണ് അസലന്‍ക നേടിയത്. ദുനിത് വെല്ലാലാഗെയെ ജെറാള്‍ഡ് കോയിസി ഗോള്‍ഡന്‍ ഡെക്കാക്കി.
62 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സുമായി നായകന്‍ ദസുന്‍ ഷനകയും പുറത്തായതോടെ ശ്രീലങ്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഷനകയെ കേശവ് മഹാരാജ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. വാലറ്റത്ത് കസുന്‍ രജിത (31 പന്തില്‍ 33) ചെറിയ വെടിക്കെട്ട് കാഴ്ചവെച്ചു. 4 ഫോറും 1 സിക്‌സുമാണ് പേസര്‍ നേടിയത്. മതീഷ പതിരണയെ (5) ക്ലീന്‍ബൗള്‍ഡാക്കി റബാഡയാണ് ശ്രീലങ്കയുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത്.
പ്ലേയിങ് 11: ദക്ഷിണാഫ്രിക്ക- ക്വിന്റന്‍ ഡീകോക്ക്, ടെംബ ബാവുമ (c), റാസി വാന്‍ ഡെര്‍ ഡൂസന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയ്‌സി, കേശവ് മഹാരാജ്, കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (c), ദുനിത് വെല്ലാലാഗെ, ദില്‍ഷന്‍ മധുശന്‍ക, മതീഷ പതിരണ