മുംബൈ: ഏകദിന ലോകകപ്പിലെ സൂപ്പര്‍ സെമി ഫൈനലില്‍ ഇന്ത്യ നാളെ
ന്യൂസീലന്‍ഡിനെ നേരിടുകയാണ്. ലീഗ് ഘട്ടത്തില്‍ ഒമ്പത് തുടര്‍ ജയങ്ങളോടെയാണ് ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ടാവും. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നു. എന്നാല്‍ ന്യൂസീലന്‍ഡ് എതിരാളികളാവുമ്പോള്‍ ഇന്ത്യക്ക് സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പ്.
2019ലെ ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിച്ച ഇന്ത്യയെ പുറത്താക്കിയത് ന്യൂസീലന്‍ഡ്. ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ടില്‍ ഇന്ത്യയെ മൂന്ന് തവണ നേരിട്ടപ്പോഴും ജയം ന്യൂസീലന്‍ഡിനായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നുറപ്പ്. ഇപ്പോഴിതാ സെമിക്ക് തൊട്ടുമുമ്പ് ഇന്ത്യയെ തകര്‍ക്കാന്‍ ന്യൂസീലന്‍ഡിന്റെ കൈയില്‍ വ്യക്തമായ പദ്ധതികളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസീലന്‍ഡ് സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്‍.
'പാകിസ്താനെതിരായ ഞങ്ങളുടെ ഒരു മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഈ സ്ഥാനത്ത് എത്തുമെന്ന്. ഇന്ത്യക്കെതിരേ കളിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യയുടെ ബൗളിങ് നിര ശക്തമാണ്. സെമിയിലെത്തിയ എല്ലാ ടീമിനും മികച്ച ബൗളിങ് കരുത്തുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യക്കെതിരേ ഇത്തവണയും വ്യക്തമായ പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ട്' - ലോക്കി ഫെര്‍ഗൂസന്‍ പറഞ്ഞു.
ഇന്ത്യക്കെതിരായ നേര്‍ക്കുനേര്‍ കണക്കിന്റെ ആത്മവിശ്വാസം ന്യൂസീലന്‍ഡിനുണ്ട്. എന്നാല്‍ ഇത്തവണ തട്ടകത്തിന്റെം ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. മുംബൈയിലാണ് മത്സരം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തട്ടകമാണ് മുംബൈ. കൂടാതെ 2011ലെ ലോകകപ്പ് കിരീടം ഇന്ത്യ ചൂടിയത് ഈ മൈതാനത്താണ്. ഇന്ത്യയുടെ എല്ലാ താരങ്ങള്‍ക്കും മുംബൈയില്‍ കളിച്ച് അനുഭവസമ്പത്തും മികച്ച റെക്കോഡുകളുമുണ്ട്. ഇതെല്ലാം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.

എന്നാല്‍ ന്യൂസീലന്‍ഡ് നിശബ്ദരായ പോരളികളാണ്. കൃത്യമായ പദ്ധതികള്‍ തയ്യാറാക്കാനും അത് വളരെ മികച്ച രീതിയില്‍ നടപ്പിലാക്കാനുമുള്ള കഴിവ് ടീമിനുണ്ട്. കെയ്ന്‍ വില്യംസണെന്ന ബുദ്ധിമാനായ നായകന്‍ ടീമിനൊപ്പമുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. രചിന്‍ രവീന്ദ്ര മികച്ച ഫോമിലാണ്. പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ക്ക് ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ളവരാണ്. ബോള്‍ട്ടും സൗത്തിയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇവര്‍ക്ക് മുംബൈയിലെ പിച്ചിനെ നന്നായി അറിയാം. ഈ അനുഭവസമ്പത്ത് മുതലാക്കി ഇവര്‍ പന്തെറിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടാനാണ് സാധ്യത. ട്രന്റ് ബോള്‍ട്ടിന്റെ ന്യൂബോളിലെ ആക്രമണത്തെ ഭയക്കണം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി രോഹിത് ശര്‍മ ഇന്ത്യക്ക് അടിത്തറ ഒരുക്കേണ്ടതായുണ്ട്. എന്നാല്‍ ബോള്‍ട്ടിനെതിരേ രോഹിത് ജാഗ്രത കാട്ടാത്ത പക്ഷം വലിയ തിരിച്ചടി നേരിടാനും സാധ്യത കൂടുതലാണ്.
മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇന്ത്യയുടെ എല്ലാ താരങ്ങളും തങ്ങളുടെ റോള്‍ ഗംഭീരമാക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ത്തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പിന്നാലെയെത്തുന്ന മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇതേ സമ്മര്‍ദ്ദം നിലനിര്‍ത്തിത്തന്നെയാണ് പന്തെറിയുന്നത്. കുല്‍ദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടേയും സ്പിന്‍ മികവും ഗംഭീരം. ഇവരെല്ലാം വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്നു.
പ്രധാന മത്സരങ്ങളില്‍ ഇന്ത്യയുടെ ബാറ്റിങ് നിര കളിമറക്കുന്നതാണ് കഴിഞ്ഞകാല ലോകകപ്പുകള്‍ എടുത്തു നോക്കുമ്പോള്‍ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഏറ്റവും ശ്രദ്ധിക്കേണ്ടതും ബാറ്റിങ്ങിലാണ്. ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുമായി കസറുകയും ചെയ്തിരുന്നു. എന്നാല്‍ നോക്കൗട്ട് മത്സരങ്ങളില്‍ ഭാഗ്യത്തിന് നിര്‍ണ്ണായക റോളുണ്ട്. ഇന്ത്യയെ ഭാഗ്യം ഇത്തവണയും കൈവിടില്ലെന്ന് പ്രതീക്ഷിക്കാം.