ലോകകപ്പില്‍ ടീം ഇന്ത്യയുടെ പടയോട്ടം തടയാന്‍ ബംഗ്ലാ കടുവകള്‍ക്കുമായില്ല. നാലാം റൗണ്ടും ജയിച്ച് 100 ശതമാനം വിജയ റെക്കോര്‍ഡുമായി രോഹിത് ശര്‍മയും സംഘവും കുതിക്കുകയാണ്. പൂനെയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ കരുത്തറിഞ്ഞത്. ഏഴു വിക്കറ്റിനാണ് ബംഗ്ലാദേശിനെ ഇന്ത്യ കെട്ടുകെട്ടിച്ചത്. വിരാട് കോലിയുടെ തകര്‍പ്പന്‍ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 103 റണ്‍സുമായി അദ്ദേഹം പുറത്താവാതെ ക്രീസില്‍ നില്‍ക്കുകയിരുന്നു.
കോലിയുടെ ഈ സെഞ്ച്വറിയോടെ ഇത്തവണ ഇന്ത്യ തന്നെ ചാംപ്യന്‍മാരാവുമെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. കാരണം 2011ല്‍ ഇന്ത്യ അവസാനമായി കപ്പുയര്‍ത്തിയ ടൂര്‍ണമെന്റിലും ബംഗ്ലാദേശിനെതിരേ കോലി അപരാജിത സെഞ്ച്വറി നേടിയിരുന്നു. 12 വര്‍ഷങ്ങള്‍ക്കു വീണ്ടുമൊരു ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ അദ്ദേഹം പുറത്താവാതെ മൂന്നക്ക സ്‌കോറുമായി മിന്നിച്ചിരിക്കുകയാണ്.

2015, 2019ലെ ലോകപ്പുകളിലും കോലി ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. പക്ഷെ ഈ ടൂര്‍ണമെന്റുകളിലൊന്നും അദ്ദേഹം ബംഗ്ലാദേശിനെതിരേ സെഞ്ച്വറി കുറിച്ചിട്ടില്ല. ഇത്തവണ അതു സംഭവിച്ചത് തീര്‍ച്ചയായും ഇന്ത്യയുടെ കിരീട സാധ്യത തന്നെയാണ് സൂചിപ്പിക്കുന്നത്. 2011ലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരത്തിലായിരുന്നു ബംഗ്ലാദേശിനെതിരേ കോലി സെഞ്ച്വറി കണ്ടെത്തിയത്. ബംഗ്ലാദേശിലെ ധക്കയില്‍ നടന്ന ഈ കളിയിയില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ശേഷം അദ്ദേഹം പുറത്താവാതെ സെഞ്ച്വറി കുറിക്കുകയായിരുന്നു.
83 ബോളില്‍ നിന്നും എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 100 റണ്‍സായിരുന്നു കോലി നേടിയത്. ഈ മല്‍സരത്തില്‍ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗും (175) സെഞ്ച്വറിയുമായി മിന്നിച്ചിരുന്നു. വീരുവിന്റെ വമ്പന്‍ ഇന്നിങ്‌സിനു മുന്നില്‍ കോലിയുടെ കന്നി ലോകകപ്പ് സെഞ്ച്വറി അത്ര ശ്രദ്ധിക്കപ്പെടുകയും ചെയ്തില്ല. മല്‍സരത്തില്‍ ഇന്ത്യ 87 റണ്‍സിന്റെ വിജയമായിരുന്നു സ്വന്തമാക്കിയത്.
2015ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും ഇന്ത്യയും ബംഗ്ലാദേശും മുഖാമുഖം വന്നു. അന്നു ഇന്ത്യ 109 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്‌തെങ്കിലും കോലി ബാറ്റിങില്‍ നിരാശപ്പെടത്തി. മൂന്നു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. രോഹിത്തിന്റെ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. 137 റണ്‍സുമായി ഹിറ്റ്മാന്‍ ടീമിന്റെ ഹീറോയായി മാറി. 126 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

2019ലെ അവസാന ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലും ഇന്ത്യയും ബംഗ്ലാദേശും കൊമ്പുകോര്‍ത്തിരുന്നു. അന്നു ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു കോലി. പക്ഷെ ഈ മല്‍സരത്തിലും ബാറ്റിങില്‍ കോലിക്കു കാര്യമായൊന്നും ചെയ്യാനായില്ല. 26 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. 2015ലെ ലോകകപ്പിനു പിന്നാലെ ഈ കളിയിലും രോഹിത് സെഞ്ച്വറിയുമായി മിന്നിച്ചു. 92 ബോളില്‍ 104 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. ഏഴു ഫോറും അഞ്ചു സിക്‌സറുമടക്കമാണിത്. മല്‍സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിന്റെയും (66) തന്‍സിദ് ഹസന്റെയും (51) ഫിഫ്റ്റികളും വാലറ്റത്ത് മഹമ്മുദുള്ളയുടെ (46*) സംഭാവനയും ബംഗ്ലാദേശിനെ 250 കടക്കാന്‍ സഹായിക്കുകയായിരുന്നു.
മറുപടിയില്‍ ഇന്ത്യ വളരെ അനായാസം ജയിച്ചുകയറുകയായിരുന്നു. 41.3 ഓവറില്‍ ഇന്ത്യ വിജയറണ്‍സ് കണ്ടെത്തി. കോലിയുടെ സെഞ്ച്വറിക്കൊപ്പം ശുഭ്മന്‍ ഗില്ലിന്റെ (53) ഫിഫ്റ്റിയും ക്യാപ്റ്റന്‍ രോഹിത്തിന്റെ (48) പ്രകടനവും ഇന്ത്യയുടെ വിജയം വേഗത്തിലാക്കുകയായിരുന്നു. കോലിയും രാഹുലും (34*) ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.