ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ഫൈനലിലേക്കു മുന്നേറിയ ശേഷമാണ് ഹിറ്റ്മാനെ അദ്ദേഹം പുകഴ്ത്തിയത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന സെമി ഫൈനലില്‍ കിവികളെ 70 റണ്‍സിനു തകര്‍ത്തായിരുന്നു 2011നു ശേഷം ആദ്യമായി ഇന്ത്യന്‍ ടീം ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമാണ് രോഹിത് നടത്തിക്കൊണ്ടിരിക്കുന്നത്. പവര്‍പ്ലേയില്‍ അദ്ദേഹത്തിന്റെ അഗ്രസീവ് ബാറ്റിങാണ് ടീമിനു മികച്ച തുടക്കം നല്‍കാനും പിന്നീട് ക്രീസിലെത്തുന്ന വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരെ സമയെടുത്ത് ക്രീസില്‍ നിലയുറപ്പിക്കാനും സഹായിക്കുന്നത്.

ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലിലും ഇതു തന്നെയാണ് കണ്ടത്. അതിവേഗത്തില്‍ 47 റണ്‍സ് അടിച്ചെടുത്തായിരുന്നു രോഹിത് ക്രീസ് വിട്ടത്. വെറും 29 ബോളുകളില്‍ നിന്നായിരുന്നു ഇത്. സെമിയിലെ ഇന്ത്യന്‍ വിജയത്തിനു ശേഷം തലക്കെട്ടില്‍ വിരാട് കോലിയടക്കമുള്ളവരായിരിക്കുമെന്നും പക്ഷെ ശരിക്കുള്ള ഹീറോ രോഹിത്താണെന്നും സ്‌കൈ സ്‌പോര്‍ട്‌സില്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.
വിരാട് കോലിയും ശ്രേയസ് അയ്യരും മുഹമ്മദ് ഷമിയുമെല്ലാമായിരിക്കും തലക്കെട്ടില്‍ നിറഞ്ഞുനില്‍ക്കുക. പക്ഷെ ഈ ഇന്ത്യന്‍ ടീമിലെ ശരിക്കുള്ള ഹീറോ രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരത്തില്‍ തന്നെ മാറ്റം വരുത്തിയത് അദ്ദേഹമാണെന്നും ഹുസൈന്‍ വിലയിരുത്തി.
കഴിഞ്ഞ ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്ന രോഹിത് ഈ ടൂര്‍ണമെന്റിലും മിന്നുന്ന ഫോമിലാണ്. 10 മല്‍സരങ്ങളില്‍ നിന്നും 124 സ്‌ട്രൈക്ക് റേറ്റില്‍ 550 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. വിരാട് കോലി കഴിഞ്ഞാല്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്തിരിക്കുന്നതും ഹിറ്റ്മാനാണ്.
ആദ്യത്തെ പവര്‍പ്ലേയിലാണ് (10 ഓവര്‍) രോഹിത് ഏറ്റവുമധികം അപകടം വിതച്ചിട്ടുള്ളത്. 133 സ്‌ട്രൈക്ക് റേറ്റില്‍ പവര്‍പ്ലേയില്‍ നിന്നു മാത്രം അദ്ദേഹം 354 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മറ്റൊരു ഓപ്പണര്‍ പോലും രോഹിത്തിന് അടുത്തെത്തില്ല.
2022ലെ കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു ശേഷം രോഹിത്തുമായും അന്നു ടീമിലുണ്ടായിരുന്ന ദിനേശ് കാര്‍ത്തികുമായും താന്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ചും നാസര്‍ ഹുസൈന്‍ വെളിപ്പെടുത്തി. അഡ്‌ലെയ്ഡില്‍ നടന്ന സെമിയില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്.

ഇന്ത്യന്‍ ടീം കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക്കും സംഘത്തിലുണ്ടായിരുന്നു. വളരെ സൗമ്യമായും അതോടൊപ്പം ഭീരുക്കളെപ്പോലെയുമായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ചത്. സെമിയില്‍ ശരാശരിക്കും താഴെയുള്ള സ്‌കോര്‍ നേടുകയും ഇംഗ്ലണ്ട് പത്തു വിക്കറ്റിനു അവരെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം മാറേണ്ടത് ആവശ്യമാണെന്നു ഡിക്കെയോടു രോഹിത് പറയുകയും ചെയ്തിരുന്നതായി ഹുസൈന്‍ വിശദമാക്കി.
ന്യൂസിലാന്‍ഡുമായുള്ള സെമിയില്‍ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ രോഹിത് ശര്‍മയാണെന്നു ഞാന്‍ കരുതുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം ആദ്യമായി പരീക്ഷിക്കപ്പെട്ടതും ഈ മല്‍സരത്തില്‍ തന്നെയാണ്. ഗ്രൂപ്പ് ഘട്ടവും നോക്കൗട്ട് റൗണ്ടും വ്യത്യസ്തമാണ്. നോക്കൗട്ടില്‍ നിങ്ങള്‍ക്കു വീണ്ടുമത് ചെയ്യാന്‍ കഴിയുമോ? ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ കഴിയുമോ? എന്നിവയാണ് ചോദ്യങ്ങള്‍.
ക്യാപ്റ്റനായ രോഹിത് ശര്‍മ ക്രീസിലെത്തി തനിക്കു അതു സാധിക്കുമെന്നു എല്ലാവര്‍ക്കും ഡ്രസിങ് റൂമിലുളളവര്‍ക്കും കാണിച്ചുകൊടുത്തു. ഞങ്ങള്‍ നേരത്തേയുള്ള അതേ ശൈലിയില്‍ തന്നെയാണ് തുടര്‍ന്നും കളിക്കുകയെന്നു അദ്ദേഹം കാണിച്ചുതന്നതായും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.