ലോക ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയ്ക്കു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഐസിസി ഏകദിന ലോകകപ്പില്‍ ഫൈനലിനേക്കാള്‍ ആവേശത്തോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ശനിയാഴ്ച പകലും രാത്രിയുമായി നടക്കാനിരിക്കുകയാണ്. അതിനിടെ ഈ കളിയിലെ സ്‌കോര്‍ഡ് കാര്‍ഡ് 'ലീക്കാവുകയും' സോഷ്യല്‍ മീഡിയയില്‍ അതു വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.
യഥാര്‍ഥ സ്‌കോര്‍ കാര്‍ഡെന്ന തരത്തില്‍ ആരോ കൃത്രിമമായി തയ്യാറാക്കിയതാണ് ഈ സ്‌കോര്‍ കാര്‍ഡ്. മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിന്റെ സംക്ഷിപ്തരൂപം നമുക്കു കാണാന്‍ സാധിക്കും. തിയ്യതിയും സമയവുമെല്ലാം ഇതില്‍ വ്യക്തമായി നമുക്കു കാണാം. കൂടാതെ സ്‌റ്റേഡിയത്തിലെ കാണികളുടെ എണ്ണം 1,02,843 ആണെന്നും അംപയര്‍മാര്‍ മറെയ്‌സ് ഇറാസ്മസും റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തുമാണെന്നും ഇതിലുണ്ട്. അതുകൊണ്ടു തന്നെ ഇതു യഥാര്‍ഥ സ്‌കോര്‍ കാര്‍ഡ് തന്നെയല്ലേയെന്നു ആരും സംശയിച്ചു പോവുമെന്നുറപ്പാണ്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ പാകിസ്താനെതിരേ ഇന്ത്യ ഉജ്ജ്വല വിജയമാണ് ഈ സ്‌കോര്‍ കാര്‍ഡ് പ്രകാരം നേടിയിരിക്കുന്നത്. 97 റണ്‍സിനാണ് പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടത്. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 334 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് ലഭിച്ചത് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസമിനാണെന്നും അദ്ദേഹം ബൗളിങാണ് തിരഞ്ഞെടുത്തതെന്നും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
വിരാട് കോലിയുടെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്. 83 ബോളില്‍ പുറത്താവാതെ 119 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഇന്ത്യന്‍ നിരയില്‍ മറ്റാരുടെയും സ്‌കോര്‍ ഇതില്‍ കാണിച്ചിട്ടില്ല. എന്നാല്‍ പാകിസ്താന്റെ ഇടംകൈയന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി കളിയില്‍ നന്നായി തല്ലുവാങ്ങി. 10 ഓവറില്‍ 84 റണ്‍സാണ് അദ്ദേഹത്തിനെതിരേ ഇന്ത്യ വാരിക്കൂട്ടിയത്. രണ്ടു വിക്കറ്റുകളും ഷഹീനു ലഭിച്ചു.
335 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ പൊരുതാന്‍ പോലും സാധിക്കാതെ മല്‍സം അടിയറവയ്ക്കുകയും ചെയ്തു. 250 റണ്‍സ് പോലുമെടുക്കാന്‍ അവര്‍ക്കായില്ല. 45.4 ഓവറില്‍ 237 റണ്‍സിനു പാകിസ്താന്‍ കൂടാരം കയറുകയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ പാകിസ്താനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ മാത്രമേ പാക് നിരയില്‍ പിടിച്ചുനിന്നുള്ളൂ.

68 ബോളില്‍ അദ്ദേഹം 54 റണ്‍സിനു പുറത്തായെന്നു സ്‌കോര്‍ ബോര്‍ഡില്‍ വ്യക്തമായി കാണാം. ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് മുഹമ്മദ് സിറാജാണ്. 10 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് കോലിയാണ്.
അതേസമയം, ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാം ജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ശനിയാഴ്ച ഇറങ്ങുക. ഐസിസി ടൂര്‍ണമെന്റുകളില്‍ (ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി) പാകിസ്താനെതിരേ ഇന്ത്യക്കു അപരാജിത റെക്കോര്‍ഡുള്ളതും ഏകദിന ലോകകപ്പില്‍ മാത്രമാണ്.
ഈ റെക്കോര്‍ഡ് ഇത്തവണ സ്വന്തം കാണികള്‍ക്കു മുന്നിലും കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത്തും സംഘവും. ഈ വര്‍ഷം രണ്ടു തവണയാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നത്. ഏഷ്യാ കപ്പിലായിരുന്നു ഇത്. ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ 228 റണ്‍സിനു പാക് പടയെ മുക്കുകയും ചെയ്തു.