ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ഹീറോയാവാന്‍ സാധ്യതയുള്ള രണ്ടു പേരെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് ബദ്ധവൈരികള്‍ തമ്മിലുള്ള ത്രില്ലറിനു വേദിയാവുക. ലോകകപ്പില്‍ പാക് പടയ്‌ക്കെതിരായ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയും ഈ പോരാട്ടത്തിനു ഇറങ്ങുന്നത്.
ഇന്ത്യ- പാക് മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആരാവുമെന്നു പറയുക അല്‍പ്പം കടുപ്പമാണെന്നു ശ്രീശാന്ത് വ്യക്തമാക്കി. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടറും നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ ഇവരിലൊരാളാവും പ്ലെയര്‍ ഓഫ് ദി മാച്ചെന്നും അദ്ദേഹം പ്രവചിക്കുന്നു. എന്തുകൊണ്ടാണ് ഇവരെ താന്‍ തിരഞ്ഞെടുത്തതെന്നും ശ്രീ വിശദീകരിച്ചു.

ഹാര്‍ദിക് പാണ്ഡ്യ പാകിസ്താനെതിരേ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ട്. ബാറ്റിങില്‍ അല്‍പ്പം പതിഞ്ഞ താളത്തിലായിരിക്കും ഹാര്‍ദിക്കിന്റെ തുടക്കം. അതിനു ശേഷം റണ്‍സ് വാരിക്കൂട്ടുകയും ചെയ്യും. കൂടാതെ ബൗളിങില്‍ ഹാര്‍ദിക് വിക്കറ്റുകളുമെടുക്കും. നിര്‍ണായക വിക്കറ്റുകള്‍ തന്നെയായിരിക്കും അദ്ദേഹം വീഴ്ത്തുന്നത്. വിരാട് കോലിയാവട്ടെ തന്റെ 48ാം ഏകദിന സെഞ്ച്വറിയും ഈ മല്‍സരത്തില്‍ നേടാന്‍ സാധ്യതയുണ്ടെന്നു ശ്രീ പറഞ്ഞു.
കോലിയും അഫ്ഗാനിസ്താന്‍ പേസര്‍ നവീനുള്‍ ഹഖും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കഴിഞ്ഞ മല്‍സരത്തില്‍ അവസാനിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഗ്രൗണ്ടില്‍ എന്തൊക്കെ സംഭവിച്ചാലും അതു അവിടെ മാത്രമായി തുടരണം. കളിക്കളത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ അവിടെ തന്നെ ഉപേക്ഷിക്കണം. മല്‍സരം അവസാനിക്കുന്നതോടെ അവയെല്ലാം അവസാനിക്കുകയും വേണമെന്നു ശ്രീ അഭിപ്രായപ്പെട്ടു.
പാകിസ്താനുമായുള്ള ഇന്ത്യയുടെ മല്‍സരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. പാകിസ്താന്‍ ടീം മികച്ച പ്രകടനം തന്നെയാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നടത്തിയത്. പക്ഷെ ഇന്ത്യക്കെതിരേ അവര്‍ക്കു വിജയിക്കാന്‍ സാധിക്കുമെന്നു എനിക്കു തോന്നുന്നില്ല. രോഹിത് ശര്‍മയും വിരാട് കോലിയും കെഎല്‍ രാഹുലുമെല്ലാം മികച്ച ഫോമിലാണ്.
ഇഷാന്‍ കിഷനും നല്ല ഫോമിലാണ് കാണപ്പെടുന്നത്. ഇനി ശുഭ്മന്‍ ഗില്‍ കൂടി മടങ്ങിയെത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് കൂടുതല്‍ ശക്തമായി മാറും. ഇവരെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും നമ്മുടെ ടീമിലുണ്ട്. ഏതെങ്കിലുമൊരു ടീമിനു ലോകകപ്പ് ജയിക്കാന്‍ കഴിയുമെങ്കില്‍ അതു ഇന്ത്യ തന്നെയാണെന്നും ശ്രീശാന്ത് വിലയിരുത്തി.

അതേസമയം, ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. നേരത്തേ ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും പാക് പടയെ തുരത്താന്‍ ഇന്ത്യക്കായിരുന്നു. ലോകകപ്പില്‍ ഇരുടീമുകളും അവസാനമായി കൊമ്പുകോര്‍ത്തത് 2019ല്‍ ഇംഗ്ലണ്ട് വേദിയായ ടൂര്‍ണമെന്റിലായിരുന്നു. അന്നു മാഞ്ചസ്റ്ററില്‍ നടന്ന പോരാട്ടത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനു പാക് പടയെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു.
കഴിഞ്ഞ മാസത്തെ ഏഷ്യാ കപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി മുഖാമുഖം വന്നത്. ഗ്രൂപ്പുഘട്ടത്തിലും സൂപ്പര്‍ ഫോറിലുമടക്കം രണ്ടു തവണ ഇന്ത്യ- പാക് പോര് നടന്നിരുന്നു. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താനെ ഇന്ത്യ വാരിക്കളഞ്ഞു. 228 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിനത്തില്‍ അവര്‍ക്കെതിരേ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയായിരുന്നു ഇത്.