മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിക്കൊരുങ്ങുകയാണ്. നാളെ നടക്കുന്ന ഒന്നാം സെമിയില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 2019ലെ സെമിയില്‍ ഇന്ത്യയെ പുറത്താക്കിയത് ന്യൂസീലന്‍ഡാണ്. അതുകൊണ്ടുതന്നെ ഇത്തവണ ന്യൂസീലന്‍ഡിനെ വീണ്ടും സെമിയില്‍ ലഭിക്കുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ലീഗ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. എന്നാല്‍ കിവീസിനെ വീഴ്ത്താന്‍ പതിനെട്ടടവും ഇന്ത്യക്ക് പുറത്തെടുക്കേണ്ടതായുണ്ട്.
കിവീസ് നിരയില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി നായകന്‍ കെയ്ന്‍ വില്യംസനാണ്. ക്ലാസിക് താരമായ വില്യംസണെ ആംഗറാക്കി മറ്റുള്ളവര്‍ റണ്ണുയര്‍ത്താനാവും കിവീസ് പദ്ധതിയിടുന്നത്. അതുകൊണ്ടുതന്നെ വില്യംസണെ എത്രയും വേഗം പുറത്താക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. വില്യംസണെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍ക്കാണ് സാധിക്കുക? ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെല്ലാം മികച്ച ഫോമിലാണ്.
എന്നാല്‍ വില്യംസണെ പുറത്താക്കാന്‍ കോലിക്ക് പന്തുനല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഒരു ലോകകപ്പിന്റെ സെമിയില്‍ കോലി വില്യംസണെ പുറത്താക്കിയിട്ടുണ്ട്. 2008ലെ അണ്ടര്‍ 19 ലോകകപ്പിലെ സെമിയിലാണ് കോലി വില്യംസണെ പുറത്താക്കിയത്. വീണ്ടുമൊരു ഇന്ത്യ ന്യൂസീലന്‍ഡ് സെമി കടന്നുവരവെ കോലി വില്യംസണെ പുറത്താക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. കോലി വില്യംസണെ പുറത്താക്കുന്ന പഴയ വീഡിയോ വൈറലായിക്കഴിഞ്ഞു.
വില്യംസണ്‍ കോലിയെ ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ കൃത്യമായി കണക്ട് ചെയ്യാനായില്ല. ഇതോടെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇത്തവണയും വില്യംസണെ പുറത്താക്കാന്‍ കോലിക്ക് രോഹിത് പന്തുനല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരേ കോലി ഒരു വിക്കറ്റ് നേടിയിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കോലിയുടെ ഈ വിക്കറ്റ് നേട്ടം. നെതര്‍ലന്‍ഡ്‌സിനെതിരേ ഇന്ത്യ ഒമ്പത് പേരെ പന്തെറിയിച്ചിരുന്നു.

ഇത് കിവീസിനെതിരേ ഇന്ത്യ ബൗളിങ് പരീക്ഷണം നടത്താനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിരാട് കോലി ഭേദപ്പെട്ട രീതില്‍ പന്തെറിയുന്ന താരമാണ്. രണ്ടോ മൂന്നോ ഓവര്‍ കോലിക്ക് നല്‍കാവുന്നതാണ്. നിര്‍ണ്ണായക വിക്കറ്റുകള്‍ നേടാന്‍ കോലിക്ക് പലപ്പോഴും സാധിക്കാറുണ്ട്. ടി20 ലോകകപ്പ് ഫൈനലിലടക്കം കോലിക്ക് വിക്കറ്റ് നേടാന്‍ സാധിച്ചിട്ടുണ്ട്. നിര്‍ണ്ണായക ഘട്ടത്തില്‍ കോലിയുടെ ബൗളിങ് ഇന്ത്യക്ക് ഗുണം ചെയ്യാറുണ്ട്.
എന്നാല്‍ രോഹിത് ശര്‍മ ധൈര്യം കാട്ടുമോയെന്നതാണ് അറിയേണ്ടത്. സെമിയില്‍ ഇന്ത്യ വലിയ സാഹസത്തിന് മുതിര്‍ന്നേക്കില്ല. കാരണം ശക്തരായ കിവീസാണ് എതിരാളികള്‍. അതുകൊണ്ടുതന്നെ ഒരു പിഴവ് പോലും മത്സരത്തിന്റെ തോല്‍വിക്ക് കാരണമായേക്കും. അതുകൊണ്ടുതന്നെ ഇന്ത്യ വളരെ ശ്രദ്ധയോടെയാവും പദ്ധതികള്‍ മെനയുക. രോഹിത് ശര്‍മ തന്ത്രശാലിയായ നായകനാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഇത്തവണ കിവീസിനോട് പ്രതികാരം വീട്ടുമെന്ന വലിയ പ്രതീക്ഷ ആരാധകര്‍ക്കുണ്ട്.
വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രണ്ട് പേരുമാണ് ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. കോലി ആംഗര്‍ റോളില്‍ ഇന്നിങ് കെട്ടിപ്പടുക്കുമ്പോള്‍ രോഹിത് ശര്‍മ പവര്‍പ്ലേയില്‍ തല്ലിപ്പറത്തി മുന്നോട്ട് പോകുന്നു. എന്തായാലും ഇവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മധ്യനിരയില്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും സ്ഥിരതയോടെ കളിക്കുന്നുണ്ട്.
കിവീസ് നിര നോക്കൗട്ടില്‍ പ്രത്യേക മികവ് കാഴ്ചവെക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആശങ്കകളേറെ. നോക്കൗട്ടില്‍ മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. ഇത്തവണ ചരിത്ര ജയം നേടാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.