ചെന്നൈ: ഐസിസി ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യ വിജയത്തോടെ തന്നെ അക്കൗണ്ട് തുറന്നു. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചതു പോലെയൊരു ആധികാരികമായ പ്രകടമായിരുന്നില്ല ടീം കാഴ്ചവച്ചത്. ഒരു ഘട്ടത്തില്‍ വന്‍ പരാജയം മുന്നില്‍ കണ്ട ശേഷമായിരുന്നു പ്രതിസന്ധിയില്‍ നിന്നും കരകയറി ടീം വിജയം വരുതിയിലാക്കിയത്.
ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ഈ കളിയിലെ പ്രകടനം ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുവെങ്കിലും ബാറ്റിങിലെ പ്രകടനം അത്രത്തോളം മികച്ചതായിരുന്നില്ല. 200 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു കളിയില്‍ ഇന്ത്യക്കു ചേസ് ചെയ്യേണ്ടി വന്നത്. രണ്ടാം ഓവറില്‍ ഇന്ത്യ മൂന്നു വിക്കറ്റിനു രണ്ടു റണ്‍സിലേക്കു കൂപ്പുകുത്തിയപ്പോള്‍ ഒരു വലിയ പരാജയം ആരാധകര്‍ ഭയന്നിരുന്നു.

എന്നാല്‍ വിരാട് കോലിയും കെഎല്‍ രാഹലും ചേര്‍ന്ന് 165 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ടീമിന്റെ രക്ഷകരായി മാറുകയായിരുന്നു. 41.2 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം കാണുകയും ചെയ്തു. 97 റണ്‍സുമായി പുറത്താവാതെ നിന്ന രാഹുലാണ് ഇന്ത്യയുടെ ഹീറോ. 115 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറുകളും രണ്ടു സിക്‌സറുമടിച്ചു.
കോലി 85 റണ്‍സിനു പുറത്താവുകയായിരുന്നു. 116 ബോളില്‍ ആറു ഫോറുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രാഹുലും ഹാര്‍ദിക് പാണ്ഡ്യയും (11) ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. നായകന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഡെക്കായി പുറത്താവുകയായിരുന്നു.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ ഇന്ത്യ സ്പിന്‍ കെണിയില്‍ കുരുക്കുകയായിരുന്നു. മൂന്നു ബോള്‍ ബാക്കിനില്‍ക്കെ ഓസീസ് കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഓസീസ് ബാറ്റിങ് ലൈനപ്പില്‍ ആരെയും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.
46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സും നേടി. 71 ബോളില്‍ അഞ്ചു ഫോറുകളോടെയാണ് സ്മിത്ത് ഓസീസിന്റെ അമരക്കാരനായത്. വാര്‍ണര്‍ 52 ബോളില്‍ ആറു ഫോറുകളടിച്ചു. മാര്‍നസ് ലബ്യുഷെയ്ന്‍ 27ഉം വാലറ്റത്ത് മിച്ചെല്‍ സ്റ്റാര്‍ക്ക് 28ഉം റണ്‍സിനു പുറത്താവുകയായിരുന്നു.

രണ്ടോവറിനിടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ത്തത്. 26 ഓവറില്‍ ഓസീസ് രണ്ടു വിക്കറ്റിനു 110 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ജഡ്ഡുവിന്റെ മാജിക്കല്‍ ബൗളിങില്‍ അവര്‍ അഞ്ചു വിക്കറ്റിനു 119 റണ്‍സിലേക്കു തകരുകയായിരുന്നു.
പിന്നീടൊരിക്കലും ഓസീസിനെ കളിയിലേക്കു തിരികെ വരാന്‍ ഇന്ത്യ അനുവദിച്ചതുമില്ല. എട്ടിനു 165ലേക്കു വീണ ഓസീസ് 180 പോലും തികയ്ക്കുന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ സ്റ്റാര്‍ക്കിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് ഓസീസിനെ 199 വരെയെത്തിക്കുകയായിരുന്നു.
10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 28 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ പിഴുത ജഡേജയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത കുല്‍ദീപ് യാാദവും ജസ്പ്രീത് ബുമറയും അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കുകയും ചെയ്തു. മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റുകളും ലഭിച്ചു.
ടോസിനു ശേഷം ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെങ്കിപ്പനി കാരണം യുവ ഓാപ്പണര്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യക്കു വേണ്ടി കളിച്ചില്ല. പകരം ഇഷാന്‍ കിഷനാണ് ഓപ്പണറായി ടീമിലേക്കു വന്നത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.