ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള മല്‍സരക്രമവും വേദികളുമെല്ലാം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ പൂരത്തിനു ഇന്ത്യ വേദിയാവുന്നത്. 2019ലെ ലോകകപ്പ് ഫൈനലിന്റെ റീപ്ലേയോടെയാണ് ഇത്തവണ ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. ഒക്ടോബര്‍ അഞ്ചിനു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലാന്‍ഡുമായി കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യയുടെ ആദ്യ അങ്കം എട്ടിനു ചെന്നൈയിലെ ചെപ്പോക്കില്‍ വച്ച് മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയക്കെതിരേയാണ്.
എതിരാളികള്‍ക്കു അത്ര മികച്ച റെക്കോര്‍ഡില്ലാത്ത, അതോടൊപ്പം ഇന്ത്യക്കു വിജയസാധ്യതയുമുള്ള വേദികളാണ് ലോകകപ്പില്‍ ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നതെന്നു കാണാന്‍ സാധിക്കും. എന്നാല്‍ എല്ലാ വേദികളും ഇന്ത്യയെ സംബന്ധിച്ചു മികച്ച വേദികളാണെന്നു ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

ചില വേദികളില്‍ നിന്നും ഇന്ത്യക്കു തിരിച്ചടികള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിലുള്ള രണ്ടു വേദികളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഈ വേദികളിലെ മല്‍സരങ്ങള്‍ ഇന്ത്യക്കു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. ഒരുപക്ഷെ ടീം പരാജയം രുചിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഏതൊക്കെയാണ് ഈ വേദികളെന്നു നമുക്കു പരിശോധിക്കാം.
മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഏറ്റുമുട്ടുന്ന ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണ് ആദ്യത്തെ വേദി. ഇന്ത്യ സമീപകാലത്തു ഇവിടെ ഓസ്‌ട്രേലിയക്കെതിരേ ഏകദിന മല്‍സരം കളിച്ചിരുന്നു. ഈ കളിയില്‍ രോഹിത് ശര്‍മയും സംഘവും ശരിക്കും പതറുകയും ചെയ്തു. ഇതിന്റെ പ്രധാന കാരണക്കാരന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയായിരുന്നു. ഈ തരത്തിലുള്ള ബൗളര്‍മാര്‍ക്കെതിരേ സ്പിന്‍ അനുകൂല പിച്ചുകളില്‍ ഇന്ത്യ പലപ്പോഴും വെള്ളം കുടിക്കാറുണ്ട്.
വരാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിലും ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ വിയര്‍ക്കാന്‍ സാധ്യത കൂടുതലാണ്. ആദം സാംപയെക്കൂടാതെ ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആഷ്ടന്‍ ഏഗര്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരയെല്ലാം ഓസ്‌ട്രേലിയ ബൗളിങില്‍ കയറൂരിവിടും. കൂടാതെ ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ആക്രമണം വളരെ നന്നായി കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ചില ബാറ്റര്‍മാരും ഓസീസ് നിരയിലുണ്ട്.
ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം സ്പിന്‍ ബൗളിങ് നേരിടുന്നതില്‍ മിടുക്കരാണ്. ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരാജയത്തോടെ തുടങ്ങാനുള്ള സാധ്യത കൂടുതലാണ്.

ധരംശാലയാണ് ഇന്ത്യ ഭയപ്പെടേണ്ട മറ്റൊരു ലോകകപ്പ് വേദി. ഒക്ടോബര്‍ 22നാണ് ഇവിടെ വച്ച് കരുത്തരായ ന്യൂസിലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് പോലെ തന്നെ ധര്‍മശാലയും ടീം ഇന്ത്യ സൂക്ഷിക്കേണ്ട വേദിയാണ്. ധരംശാലയിലെ സാഹചര്യങ്ങള്‍ പേസര്‍മാരെ തുണയ്ക്കുന്നതാണ്.
ഇന്ത്യന്‍ ടീമിന്റെ ഉറക്കം കെടുത്തുന്നതും ഇതു തന്നെയായിരിക്കും. ബോള്‍ ഇവിടെ നന്നായി സ്വിങ് ചെയ്യും. ന്യൂസിലാന്‍ഡ് നിരയില്‍ ഈ സാഹചര്യങ്ങള്‍ നന്നായി മുതലെടുത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളര്‍മാരുമുണ്ട്.
2019ല്‍ ഇംഗ്ലണ്ട് വേദിയായ ലോകകപ്പില്‍ ഇന്ത്യയുടെ കിരീടമോഹം വീണുടഞ്ഞത് ന്യൂസിലാന്‍ഡിനു മുന്നിലായിരുന്നു. അന്നു കിവികളുടെ പേസാക്രമണത്തില്‍ ഇന്ത്യ സെമി ഫൈനലില്‍ തകര്‍ന്നടിയുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയുമെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉറക്കം നഷ്ടപ്പെടുത്താന്‍ ശേഷിയുള്ളവരാണ്.
അതുകൊണ്ടു തന്നെ കഴിഞ്ഞ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പോലെ തന്നെ ഇത്തവണയും ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ തോല്‍വിയിലേക്കു വീഴാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഇന്ത്യന്‍ ബാറ്റര്‍മാരെ സഹായിക്കുന്ന തരത്തിലുള്ള പിച്ചെങ്കിലും ഈ മല്‍രത്തിനു വേണ്ടി ഒരുക്കാനായിരിക്കണം ബിസിസിഐ ഇനി ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ ചെപ്പോക്കിനു ശേഷം ധരംശാലയിലും ഇന്ത്യ പരാജയം രുചിച്ചേക്കും.