ലോകകപ്പില്‍ ഫൈനലിലെത്തുന്ന ആദ്യത്തെ ടീമാവുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ സെമി ഫൈനല്‍ പോരാട്ടത്തിനു തയ്യാറെടുക്കുകയാണ്. നാളെ മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ ന്യൂസിലാന്‍ഡുമായാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ ഇതുവരെ കിവികളെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ഇത്തവണ ഈ ചീത്തപ്പേര് മായ്ക്കാന്‍ തന്നെയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.
2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഒരു ഐസിസി കിരീടം പോലും നേടിയില്ലാത്ത ഇന്ത്യ ഇത്തവണ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. 2019ലെ കഴിഞ്ഞ ലോകകപ്പ് സെമിയുടെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ സെമി. അന്നു ന്യൂസിലാന്‍ഡിനോടേറ്റ പരാജയത്തിനു സ്വന്തം നാട്ടില്‍ കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

കിവികളുടെ മൂന്നു വീക്ക്‌നെസുകള്‍ മുതലെടുക്കാനായാല്‍ ഇത്തവണ ഇന്ത്യക്കു ജയത്തോടെ ഫൈനലിലേക്കു മുന്നേറാം. എന്തൊക്കെയാണ് ഈ വീക്ക്‌നെസുകളെന്നു നമുക്കു പരിശോധിക്കാം. ബാറ്റിങില്‍ മുന്‍നിരയെ അമിതമായി ആശ്രയിച്ചു കളിക്കുന്നുവെന്നതാണ് ന്യൂസിലാന്‍ഡ് ടീമിന്റെ ഒരു വീക്ക്‌നെസ്. ഇടംകൈയന്‍ ഓപ്പണര്‍ ഡെവന്‍ കോണ്‍വേയായിരുന്നു നരത്തേ അവരുടെ മുന്‍നിരയിലെ ഏറ്റവും വിശ്വസ്തനായ താരം.
പക്ഷെ ഈ ലോകകപ്പില്‍ അദ്ദേഹത്തിനു ഈ പ്രതീക്ഷ കാക്കാനായില്ല. പകരം യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയായിരുന്നു ഈ റോളിലേക്കു ഉയര്‍ന്നുവന്നത്. കന്നി ലോകകപ്പില്‍ ഇറങ്ങിയ താരം എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന ബാറ്റിങാണ് ഇതിനകം കാഴ്ചവച്ചത്. 550നു മുകളില്‍ റണ്‍സുമായി കിവികളുടെ ടോപ്‌സ്‌കോററായി രചിന്‍ മാറിക്കഴിഞ്ഞു. മൂന്നു സെഞ്ച്വറികളടക്കമാണിത്.
ലീഗ് ഘട്ടത്തിലെ ഭൂരിഭാഗം മല്‍സരങ്ങളും പരിക്കു കാരണം നഷ്ടമായ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. പക്ഷെ കളിക്കളത്തില്‍ നിന്നും വിട്ടുനിന്നതിന്റെ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിന്റെ ബാറ്റിങില്‍ കാണാന്‍ സാധിച്ചിട്ടില്ല. പക്ഷെ കോണ്‍വേയും രചിനും വില്ല്യംസണും ഡാരില്‍ മിച്ചെലും നേരത്തേ പുറത്തായാല്‍ അതിന്റെ ക്ഷീണം നികത്താനുള്ള ശേഷി കിവി മധ്യനിരയ്ക്കുണ്ടോയന്നതു സംശയമാണ്.
നേരത്തേ ഇന്ത്യയുമായുള്ള ലീഗ് ഘട്ടത്തിലെ മല്‍സരത്തിലും മുന്‍നിരയുടെ പുറത്താവലിനു ശേഷം മധ്യനിരയും വാലറ്റവുമെല്ലാം ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയിരുന്നു. ടോം ലാതവും ഗ്ലെന്‍ ഫിലിപ്‌സുമെല്ലാം അപകടകാരികളാണെങ്കിലും ഈ ലോകകപ്പില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ മുന്‍നിരയെ എളുപ്പം പുറത്താക്കിയാല്‍ കിവികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്കു കഴിയും.
ഓള്‍റൗണ്ടര്‍ കൂടിയായ മിച്ചെല്‍ സാന്റ്‌നര്‍ കഴിഞ്ഞാല്‍ രണ്ടാമതൊരു മികച്ച സ്പിന്നര്‍ ഇല്ലെന്നതാണ് ന്യൂസിലാന്‍ഡിന്റെ രണ്ടാമത്തെ ദൗര്‍ബല്യം. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനും വിക്കറ്റുകളെടുക്കാനുമെല്ലാം സാന്റ്‌നര്‍ക്കു സാധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിനു വിക്കറ്റെടുക്കാന്‍ കഴിയാതെ പോവുകയും തല്ലുകിട്ടുകയും ചെയ്താല്‍ പകരം ഈ കുറവ് നികത്താന്‍ മറ്റൊരു മികച്ച സ്പിന്നര്‍ കിവികള്‍ക്കില്ല.

രചിന്‍, ഫിലിപ്‌സ്, ഇഷ് സോധി എന്നിവരെയെല്ലാമാണ് മറ്റു സ്പിന്നര്‍മാരായി ന്യൂസിലാന്‍ഡ് പരീക്ഷിച്ചത്. സോധിയാവട്ടെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ കളിച്ചിട്ടുളളൂ. അദ്ദേഹത്തെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയാല്‍ ബാറ്റിങിനു ആഴം കുറയുമെന്നതും ഒരു പ്രശ്‌നമാണ്. അതുകൊണ്ടു തന്നെ സാന്റ്‌നറെ നന്നായി കൈകാര്യം ചെയ്ത് റണ്‍സ് അടിച്ചെടുത്താല്‍ കിവികളെ ഇന്ത്യക്കു ബാക്ക്ഫൂട്ടിലാക്കാം.
സെമി ഫൈനലില്‍ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദമാണ് ന്യൂസിലാന്‍ഡിന്റെ മൂന്നാമത് വീക്ക്‌നെസ്. ഇതു തീര്‍ച്ചയായും ഇന്ത്യക്കുമുണ്ടാവും. പക്ഷെ കിവികളും സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പിറകിലല്ല. 13 ലോകകപ്പുകളില്‍ ഇതു ഒമ്പതാം തവണയാണ് അവര്‍ സെമി കളിക്കുന്നത്. പക്ഷെ ഇത്രയും സെമിയില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ജയിച്ച് ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നിട്ടുള്ളൂ. ബാക്കിയുള്ള ആറിലും തോല്‍വിയായിരുന്നു ഫലം. ഒരു കിരീടം പോലും ഇനിയും നേടിയിട്ടുമില്ല.
ഇത്തവണ വാംഖഡെയിലെ ലക്ഷക്കണക്കിനു വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം ഉറപ്പായും ന്യൂസിലാന്‍ഡിനാവും. ഇതു മുതലാക്കാന്‍ ഇന്ത്യക്കു സാധിക്കുകയും വേണം. എങ്കില്‍ സെമി കടമ്പ കടന്ന് ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്യാം.