2011നു ശേഷം ആദ്യത്തെ ലോക കിരീടം തേടിയാണ് ടീം ഇന്ത്യ ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പോരിനിങ്ങുക. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ശേഷിച്ച ഒമ്പതു ടീമുകളുമായും ഒരു തവണയെങ്കിലും ഇന്ത്യക്കു ഏറ്റുമുട്ടേണ്ടതായി വരും. ഒക്ടോബര്‍ എട്ടിനു മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ ചെന്നൈയിലെ ചെപ്പോക്കില്‍ വച്ചാണ് ഇന്ത്യയുടെ കന്നിയങ്കം.
ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റയതിനാല്‍ തന്നെ ജയത്തോടെ തന്നെ തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. രാജ്യത്തെ ഒമ്പതു വ്യത്യസ്ത വേദികളിലായിട്ടാണ് ഇന്ത്യ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ കളിക്കുക. അതിനു ശേഷം സെമി ഫൈനലുകള്‍ മുംബൈയിലെ വാംഖഡെയിലും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലുമാണ്. കലാശപ്പോരാട്ടം നവംബര്‍ 19നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിത്തിലും നടക്കും.

ഇന്ത്യന്‍ ടീമിന്റെ ഫിക്‌സ്ചര്‍ എടുക്കുകയാണെങ്കില്‍ അതില്‍ ചില മല്‍സരങ്ങള്‍ വളരെ കടുപ്പമാണെന്നു കാണാം. ചിലപ്പോള്‍ ഇന്ത്യ ഈ മല്‍സരങ്ങളില്‍ പരാജയം രുചിക്കാന്‍ പോലും സാധ്യതയുണ്ട്. ഇന്ത്യക്കു ഏറ്റവുമധികം ദുഷ്‌കരമായ മൂന്നു മല്‍സരങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം. ഒക്ടോബര്‍ 22നു ധരംശാലയില്‍ കരുത്തരായ ന്യൂസിലാന്‍ഡുമായുള്ള പോരാട്ടമാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് സൂക്ഷിക്കേണ്ട ഒരു മല്‍സരം.
ഇന്ത്യയെ സംബന്ധിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള എതിരാളികളാണ് ന്യൂസിലാന്‍ഡ്. അവസാനമായി 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകിന ലോകകപ്പിന്റെ സെമി ഫൈനലില്‍ കിവികള്‍ക്കു മുന്നില്‍ ഇന്ത്യ കലമുടയ്ക്കുകയായിരുന്നു.
വരാനിരിക്കുന്ന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ഭീഷണിയാവുന്നത് ധരംശാലയിലെ സാഹചര്യങ്ങളാണ്. പേസര്‍മാരെ പിന്തുണ്ക്കുന്ന ഇന്ത്യയിലെ ചുരുക്കം പിച്ചുകളിലൊന്നാണ് ഇവിടുത്തേത്. ഇന്ത്യന്‍ ടീമിന്റെ ഉറക്കം കെടുത്തുന്നതും ഇതു തന്നെയാണ്. ബോള്‍ വളരെ വേഗത്തില്‍ ബാറ്റിലേക്കു വരും, കൂടാതെ ബൗണ്ടറികളുടെ ദൈര്‍ഘ്യവും കുറവാണ്.
പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ തന്നെ കിവി ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യക്കു മേല്‍ ആഞ്ഞടിക്കുമെന്നുറപ്പാണ്. ഇടംകൈയന്‍ ട്രെന്റ് ബോള്‍ട്ട് നയിക്കുന്ന കിവികളുടെ പേസാക്രമണം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അപകടം വിതച്ചേക്കും. അതുകൊണ്ടു തന്നെ മികച്ച തയ്യാറെടുപ്പ് നടത്തിയെങ്കില്‍ മാത്രമേ ഈ ഗ്രൗണ്ടില്‍ കിവികളെ വീഴ്ത്താന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.
ഒക്ടോബര്‍ 11നു അഫ്ഗാനിസ്താനെതിരേ ഡല്‍ഹിയില്‍ നടക്കുന്ന മല്‍സരമാണ് ഇന്ത്യ സൂക്ഷിക്കേണ്ട മറ്റൊരു കളി. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിച്ചായിരുന്നു അഫ്ഗാന്‍ കീഴടങ്ങിയത്. ഇത്തവണയും അഫ്ഗാനെ ഇന്ത്യ പേടിക്കുക തന്നെ വേണം. ഇവിടെയും പിച്ച് തന്നെയാണ് ഇന്ത്യക്കു വില്ലന്‍.
ഡല്‍ഹിയിലെ പിച്ച് വളരെയധികം വരണ്ടതും സ്പിന്നര്‍മാരെ സഹായിക്കുന്നതുമായിരിക്കും. അതുകൊണ്ടു ശക്തമായ സ്പിന്‍ ആക്രമണമുള്ള അഫ്ഗാന്‍ ടീം കൂടുതല്‍ അപകടകാരികളായി തീരുകയും ചെയ്യും.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് ലൈനപ്പുള്ള ടീമുകളിലൊന്നാണ് അഫ്ഗാന്‍. സ്റ്റാര്‍ ബൗളര്‍ റാഷിദ് ഖാനോടൊപ്പം മുജീബുര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ് എന്നിവരെല്ലാം അഫ്ഗാന്‍ ബൗളിങ് നിരയിലുണ്ട്. പിച്ച് തങ്ങളെ അകമഴിഞ്ഞ് തുണയ്ക്കുന്നതിനാല്‍ വലിയ ആത്മവിശ്വാസത്തോടെയായിരിക്കും അഫ്ഗാന്‍ ഇവിടെ കളിക്കാനിറങ്ങുക. അഫ്ഗാന്‍ നിരയിലുള്ള ബൗളര്‍മാരെല്ലാം ഐപിഎല്ലില്‍ കളിച്ച് പരിചയമുള്ളവരാണ്. ഇതു ലോകകപ്പില്‍ അവര്‍ക്കു മുതല്‍ക്കൂട്ടാവുകയും ചെയ്യും.
ഒക്ടോബര്‍ 15നു ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടമാണ് ഇന്ത്യ സൂക്ഷിക്കേണ്ട മൂന്നാമത്തെ മല്‍സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഈ ത്രില്ലര്‍. ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. പക്ഷെ ഇതിന്റെ പേരില്‍ ഈ മല്‍സരത്തെ വില കുറച്ചു കാണാന്‍ ഇന്ത്യക്കു സാധിക്കില്ല.
പാകിസ്താന്റേത് വളരെ കരുത്തുറ്റ സന്തുലിതമായ ടീമാണ്. ഏഷ്യന്‍ പിച്ചുകളില്‍ വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ അവര്‍ക്കു സാധിക്കും. നാട്ടിലെ പിച്ചുകളുമായി സാമ്യമുള്ളതിനാല്‍ തന്നെ ഇന്ത്യയില്‍ കളിക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ച് അത്ര വലിയ വെല്ലുവിളിയാവില്ല. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും ഇന്ത്യക്കുണ്ടാവും.
ഈ ആനുകൂല്യം മുതലെടുക്കാന്‍ തന്നെയായിരിക്കും പാക് പട ശ്രമിക്കുക. ബാറ്റിങിലും ബൗളിങിലും മാച്ച് വിന്നര്‍മാരായ നിരവധി പേര്‍ പാക് നിരയിലുണ്ട്. അതുകൊണ്ടു തന്നെ ജയിച്ചുകയറുക ഇന്ത്യക്കു ദുഷ്‌കരം തന്നെയായിരിക്കും.