12 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ വീണ്ടുമൊരു ലോക കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. 2011ല്‍ അവസാനമായി ലോകകപ്പിനു വേദിയാവാന്‍ അവസരം ലഭിച്ചപ്പോള്‍ കിരീടനേട്ടത്തോടെയായിരുന്നു ഇന്ത്യ ഇതു ആഘോഷിച്ചത്. ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈയിലെ വാംഖഡെയില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു 1983നു ശേഷം ആദ്യമായി ഇന്ത്യ വിശ്വ വിജയികളായത്.
വരാനിരിക്കുന്ന ടൂര്‍ണമെന്റിലും സമാനമായൊരു നേട്ടം സ്വപ്‌നം കാണുകയാണ് ടീം ഇന്ത്യ. ലോകകപ്പിന്റെ മല്‍സരക്രമവും വേദികളുമെല്ലാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2011ലെ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ത്തെ ടൂര്‍ണമെന്റില്‍ മൂന്നു വലിയ സാമ്യങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിക്കുമെന്നും ആരാധകര്‍ സ്വപ്‌നം കാണുകയാണ്.

2011ലെ എഡിഷനും വരാനിരിക്കുന്ന ടൂര്‍ണമെന്റും തമ്മിലുള്ള ചില സാമ്യതകള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെ സാമ്യം 2011ലെയും ഇത്തവണത്തെയും ലോകകപ്പിന്റെ വേദികള്‍ ഇന്ത്യയാണ് എന്നതാണ്. 2011ലെ എഡിഷനില്‍ ഇന്ത്യക്കൊപ്പം ശ്രീലങ്കയും സംയുക്ത ആതിഥേയരായിരുന്നു. പക്ഷെ സെമി ഫൈനലും ഫൈനലുമടക്കം ടൂര്‍ണമെന്റിലെ പ്രധാനപ്പെട്ട മല്‍സരങ്ങളെല്ലാം ഇന്ത്യയിലായിരുന്നു.
ഇത്തവണത്തെ ടൂര്‍ണമെന്റിനു ഒരു വലിയ പ്രത്യേകത കൂടിയുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സ്വതന്ത്രമായി ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പാണിത്. നേരത്തേ സംയുക്തമായി മാത്രമേ ലോകകപ്പിനു ഇന്ത്യ വേദിയായിരുന്നുള്ളൂ.
രണ്ടാമത്ത സാമ്യം 2011ലെയും ഇത്തവണത്തെയും ലോകകപ്പുകള്‍ ഒരു വലിയ ഐക്കണിനായി ഇന്ത്യ കളിക്കുന്നുവെന്നതാണ്. 2011ലെ എഡിഷനില്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു വേണ്ടിയായിരുന്നു ഒറ്റക്കെട്ടായി, ഒരേ മനസോടെ ഇന്ത്യ പോരാടിയത്. അതു ഫലം കാണുകയും കരിയറിലെ അവസാന ലോകകപ്പില്‍ കിരീടത്തില്‍ മുത്തമിടുകയെന്ന വലിയ ഭാഗ്യം സച്ചിനു ലഭിക്കുകയും ചെയ്തു.
നടക്കാനിരിക്കുന്ന ലോകകപ്പും ഇന്ത്യ ഒരു ഐക്കണ്‍ താരത്തിനു വേണ്ടിയാണ് കളിക്കുന്നത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ഇത്തവണത്തെ ഐക്കണ്‍ താരം. അതുകൊണ്ടു തന്നെ ലോകകപ്പ് നേട്ടത്തോടെ തന്നെ യാത്ര അയക്കാനായിരിക്കും ടീമംഗങ്ങളും ആരാധകരുമെല്ലാം ആഗ്രഹിക്കുക.
2011ലെ ലോകകപ്പിലും ടീമിന്റെ ഭാഗമായിരുന്നു കോലി. അന്നു കിരീട വിജയത്തിനു ശേഷം താരങ്ങള്‍ ഗ്രൗണ്ട് വലംവച്ചപ്പോള്‍ കോലിയെ ചുമലിലേറ്റിയ താരങ്ങളിലൊരാള്‍ കൂടിയായിരുന്നു കോലി.
വളരെ ശാന്ത പ്രകൃതമുള്ള ക്യാപ്റ്റനാണ് 2011ലെയും 2023ലെയും ലോകകപ്പുകളില്‍ ഇന്ത്യക്കുള്ളത് എന്നതാണ് മൂന്നാമത്തെ സാമ്യം. വിക്കറ്റ് കീപ്പര്‍ കൂടിയായ എംഎസ് ധോണിക്കു കീഴിലായിരുന്നു കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പോരടിച്ചത്. ഇത്തവണ ധോണിയുടെ അതേ സ്വഭാവ സവിശേഷതകളോടു കൂടിയ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക.
ഐപിഎല്ലില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ക്യാപ്റ്റന്‍മാര്‍ കൂടിയായിരുന്നു ഇരുവരും. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ മുംബൈ ഇന്ത്യന്‍സിനു രോഹിത് സമ്മാനിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ധോണിയും അഞ്ചു ട്രോഫികള്‍ സമ്മാനിച്ചിട്ടുണ്ട്.