ലോകകപ്പിലെ ദയനീയ ബാറ്റിങ് പ്രകടനത്തോടെ ഏകദിന ഫോര്‍മാറ്റ് തന്നെക്കൊണ്ടു പറ്റുന്ന കാര്യമല്ലെന്നു അരക്കിട്ടുപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഹാര്‍ദിക് പാണ്ഡ്യ പരിക്കു കാരണം പുറത്തായപ്പോള്‍ പകരമെത്തിയ സൂര്യ ഫിനിഷറുടെ റോളില്‍ ചില തീപ്പൊരി ഇന്നിങ്‌സുകള്‍ കളിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ സ്‌കൈ നനഞ്ഞ പടക്കമായി മാറുകയായിരുന്നു.
ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 17.66 ശരാശരിയില്‍ സൂര്യക്കു സ്‌കോര്‍ ചെയ്യാനായത് വെറും 106 റണ്‍സ് മാത്രമാണ്. 105 ബോളുകളിലാണിത്. ഉയര്‍ന്ന സ്‌കോറാവട്ടെ 49 റണ്‍സുമായിരുന്നു. ടി20യിലേതു പോലെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിക്കാന്‍ അവസരമൊരുക്കുന്നതിനു വേണ്ടിയായിരുന്നു സൂര്യക്കു ഇന്ത്യ ആറാം നമ്പര്‍ തന്നെ നല്‍കിയത്.

എന്നിട്ടും അദ്ദേഹത്തിനു യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ലെന്നതാണ് പരിതാപകരമായ കാര്യം. വെറും 12 ഫോറും ഒരു സിക്‌സറും മാത്രമാണ് അദ്ദേഹം ഏഴിന്നിങ്‌സുകളിലായി നേടിയത്. ലോകകപ്പ് കഴിഞ്ഞതോടെ ഏകദിനത്തില്‍ സൂര്യക്കു ടീമിലെ സ്ഥാനം തെറിക്കുമെന്നു ഉറപ്പായിരിക്കുകയാണ്.
ഇനിയൊരിക്കലും അദ്ദേഹത്തെ ഏകദിനത്തിലേക്കു ഇനി പരിഗണിക്കാനുമിടയില്ല. ടി20 സ്‌പെഷ്യലിസ്റ്റിന്റെ റോളില്‍ തന്നെ സൂര്യക്കു ഒതുങ്ങേണ്ടി വരും. ഏകദിന ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം പൂര്‍ണമായി തഴയപ്പെടുകയാണെങ്കില്‍ പകരം ഇന്ത്യക്കു പരിഗണിക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ആദ്യത്തെയാള്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ്. ഏകദിനത്തില്‍ സൂര്യയേക്കാള്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തെ ഇന്ത്യ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ തന്റെ ടീമംഗമായതിനാല്‍ സൂര്യയോടു നായകന്‍ രോഹിത് ശര്‍മ പ്രത്യേകത താല്‍പ്പര്യം കാണിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഫ്‌ളോപ്പായിട്ടും സൂര്യക്കു രോഹിത് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും പ്രതീക്ഷ കാത്തില്ല.
ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ ഇന്ത്യക്കൊപ്പം വളരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. 13 മല്‍സരങ്ങളിലായി 12 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതുവരെ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 55.71 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 390 റണ്‍സെടുക്കുകയും ചെയ്തു. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം ലഖ്‌നൗവില്‍ നടന്ന മല്‍സരത്തില്‍ പൊരുതി നേടിയ 86 റണ്‍സാണ് സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.
സൂര്യയിലുള്ള വിശ്വാസം നഷ്ടമായതോടെ ഏകദിനത്തില്‍ ഇനി സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാഹര്യത്തിനു അനുസരിച്ച് ഒരുപോലെ ആക്രമിച്ചും പ്രതിരോധിച്ചും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ആവശ്യമെങ്കില്‍ ഫിനിഷറുടെ റോളും സഞ്ജുവിനു ഇന്ത്യക്കു നല്‍കാവുന്നതാണ്.

അടുത്ത സൂപ്പര്‍ ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇടംകൈയന്‍ ബാറ്റര്‍ റിങ്കു സിങാണ് സൂര്യക്കു പകരം ഏകദിന ടീമിലേക്കു വരാവുന്ന രണ്ടാമത്തെ താരം. ഈ വര്‍ഷം അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ റിങ്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും ടി20യില്‍ മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ. രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും 75 ശരാശരിയില്‍ 208.33 സ്‌ട്രൈക്ക് റേറ്റോടെ 75 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഏകദിനത്തിലും തീര്‍ച്ചയായും കളിക്കാനും ദീര്‍ഘകാലം മല്‍സരരംഗത്തു തുടരാനുമുള്ള ബാറ്റിങ് ടെക്‌നിക്ക് റിങ്കുവിനുണ്ട്. അതുകൊണ്ടു തന്നെ ഭാവിയില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ അദ്ദേഹത്തെ കാണാനുമായേക്കും. ഇടകൈയന്‍ ബാറ്റര്‍മാര്‍ ഇന്ത്യന്‍ ലൈനപ്പില്‍ കുറവായതിനാല്‍ തന്നെ ഇതു റിങ്കുവിനൊരു പ്ലസ് പോയിന്റുമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കിയാല്‍ അദ്ദേഹത്തിനു തീര്‍ച്ചയായും ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ കഴിയും.
ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് സൂര്യക്കു പകരം ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ബാറ്റിങില്‍ ഇന്ത്യ ഇനിയും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. ഓള്‍റൗണ്ടര്‍ കൂടിയാണെന്നതു സഞ്ജു, റിങ്കു എന്നിവരേക്കാള്‍ വാഷിങ്ടണിനു മുന്‍തൂക്കവും നല്‍കുന്നു.
ബാറ്റിങ് കുറേക്കൂടി മെച്ചപ്പെടുത്തിയാല്‍ ഇന്ത്യയുടെ മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറാന്‍ വാഷിങ്ടണിനു സാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി 18 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 251 റണ്‍സ് താരം നേടി. കൂടാതെ 16 വിക്കറ്റുകളുമെടുത്തിട്ടുണ്ട്.