Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഹിറ്റ്മാനും പിള്ളേരും വിയര്‍ക്കും, ഈ ദൗര്‍ബല്യങ്ങള്‍ വേട്ടയാടും! പരിഹാരം കടുപ്പം

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. 15 അംഗ ടീമില്‍ സര്‍പ്രൈസുകളൊന്നുമില്ലായിരുന്നു. സഞ്ജു സാംസണ്‍, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ തഴയപ്പെട്ടപ്പോള്‍ സൂര്യകുമാര്‍ യാദവും ശാര്‍ദ്ദുല്‍ താക്കൂറും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. ഇന്ത്യയുടെ ലോകകപ്പ് ടീം കപ്പിലേക്കെത്താന്‍ സാധിക്കുന്ന തരത്തില്‍ ശക്തമാണോ? കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.

ബാറ്റിങ് തന്നെയാണ് ഇന്ത്യയുടെ ശക്തി. വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ എന്നീ മൂന്ന് താരങ്ങളിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകള്‍. മൂന്ന് പേര്‍ക്കും ഇന്ത്യന്‍ പിച്ചില്‍ ഗംഭീര റെക്കോഡാണുള്ളത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ വലിയ അനുഭവസമ്പത്തുള്ളവരും ഇന്ത്യയിലെ എല്ലാ പിച്ചുകളിലും കളിക്കുകയും മികച്ച പ്രകടനം നടത്തിയിട്ടുള്ളവരുമാണ്. ഫോമിലേക്കെത്തിയാല്‍ ഏത് ബൗളറേയും വിറപ്പിക്കാന്‍ ഇവര്‍ക്കാവും.

അതുകൊണ്ടുതന്നെ ഇവരുടെ ബാറ്റിങ് ഇന്ത്യയുടെ നട്ടെല്ലാണെന്ന് പറയാം. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ഏകദിനത്തില്‍ മികച്ച റെക്കോഡുള്ളവരാണ്. ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാന്‍ ഇവര്‍ക്ക് ശേഷിയുണ്ട്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ബാറ്റുകൊണ്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നവരാണ്. ബാറ്റിങ് കരുത്താണ് ഇന്ത്യയുടെ പ്രധാന ശക്തിയെന്ന് പറയാം.

ഇന്ത്യയുടെ രണ്ടാമത്തെ കരുത്ത് അനുഭവസമ്പത്ത് തന്നെയാണ്. തട്ടകത്തിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ഇന്ത്യന്‍ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുള്ള വലിയ താരനിരയെയാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ താരങ്ങളും ഇന്ത്യയിലെ ഒട്ടുമിക്ക മൈതാനങ്ങളിലും കളിച്ചിട്ടുള്ളവരാണ്. ഈ അനുഭവസമ്പത്ത് ഇന്ത്യയെ ലോകകപ്പില്‍ സഹായിച്ചേക്കുമെന്ന കാര്യം ഉറപ്പാണ്.

ishan kishan

എന്നാല്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഒന്നാമത്തെ കാര്യം കെ എല്‍ രാഹുലിന്റെ ഫോമാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന രാഹുലിനെ ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസും ഫോമുമാണ് പ്രധാന വെല്ലുവിളി. രാഹുലിനെക്കൂടാതെ ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരും പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയതേയുള്ളു.

ഇവരുടെ ഫിറ്റ്‌നസ് വലിയ തലവേദനയാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ പ്രശ്‌നം മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ്. ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് ഇടം കൈയന്‍ ബാറ്റിങ് സ്‌പെഷ്യലിസ്റ്റായി ടീമിലുള്ളത്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഇടം കൈയന്‍മാരാണെങ്കിലും സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. ടോപ് 6ല്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏക ഇടം കൈയന്‍ ഇഷാനാണ്.

വിക്കറ്റ് കീപ്പറായ ഇഷാനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയാല്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരിലൊരാളെ ഇന്ത്യക്ക് പുറത്തിരുത്തേണ്ടി വരും. ഇഷാനില്ലാതെ ഇറങ്ങിയാല്‍ ഇന്ത്യയുടെ ടോപ് 6ല്‍ എല്ലാവരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായിരിക്കും. ഇത് എതിര്‍ ടീം ക്യാപ്റ്റന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. യുവ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് വര്‍മയെ ടീമിലേക്ക് പരിഗണിക്കാന്‍ ഇന്ത്യ തയ്യാറായിട്ടുമില്ല.

ശ്രേയസിനും രാഹുലിനും പരിക്കേറ്റാല്‍ ഇന്ത്യയുടെ ബാറ്റിങ് ഓഡര്‍ തകര്‍ന്നടിയുമെന്ന് വിലയിരുത്താം. മറ്റൊരു പ്രധാന പ്രശ്‌നം ഇന്ത്യന്‍ ടീമില്‍ ഒരു വലം കൈയന്‍ സ്പിന്നര്‍ പോലുമില്ല. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നീ മൂന്ന് സ്പിന്നര്‍മാരും ഇടം കൈയന്‍മാരാണ്. യുസ്‌വേന്ദ്ര ചഹാലിനെ ഇന്ത്യ തഴയുകയും ചെയ്തു.

ഇന്ത്യന്‍ ടീമില്‍ ഒരു ഇടം കൈയന്‍ പേസര്‍പോലുമില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. 2011ല്‍ സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും ഇന്ത്യക്കായി നടത്തിയ പ്രകടനം മറക്കാനാവാത്തതാണ്. ഇന്ത്യ വലം കൈയന്‍ പേസര്‍മാരെ മാത്രം ഉപയോഗിക്കുന്നത് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ഇതും ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ ദൗര്‍ബല്യങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുക കടുപ്പമാണെന്ന് പറയാം.

ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (vc),സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Story first published: Tuesday, September 5, 2023, 14:56 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+