മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്ടോബര്‍ 5നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. അവസാന ലോകകപ്പിലെ ഫൈനല്‍ ഓര്‍മ്മിപ്പിച്ച് ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാവും ഇത്തവണ ലോകകപ്പ് ആരംഭിക്കുക. ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ്.
ഇത്തവണ എല്ലാ ടീമിനൊപ്പവും ശക്തമായ താരനിരയുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പാണ്. എന്നാല്‍ ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ പരിക്ക് ചില ടീമിന് വലിയ ഭീഷണി ഉയര്‍ത്തുന്നു. ആരാധകരുടെ ഇഷ്ട താരങ്ങളും ടീമുകളുടെ നിര്‍ണ്ണായക താരങ്ങളുമായ ചിലര്‍ക്ക് പരിക്ക് മൂലം ഇത്തവണത്തെ ലോകകപ്പ് നഷ്ടമായേക്കും. ഇത്തരത്തില്‍ ലോകകപ്പ് നഷ്ടമാവാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം പാകിസ്താന്‍ സൂപ്പര്‍ പേസര്‍ നസീം ഷായാണ്. അതിവേഗ പേസറായ നസീമിന് ഏഷ്യാ കപ്പിനിടെയാണ് പരിക്കേറ്റത്. നസീമിന് പരിക്കേറ്റ് ഏഷ്യാ കപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരം നഷ്ടമായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ നസീമിന് നഷ്ടമാവുമെന്ന് നായകന്‍ ബാബര്‍ ആസം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം നസീമിന് ലോകകപ്പ് നഷ്ടമാകാന്‍ സാധ്യത കൂടുതലാണ്. നസീമില്ലാതെ ഇറങ്ങിയാല്‍ പാകിസ്താന്റെ ലോകകപ്പ് കിരീട പ്രതീക്ഷകളെ അത് കാര്യമായി ബാധിച്ചേക്കും.
രണ്ടാമത്തെ താരം ഓസ്‌ട്രേലിയയുടെ ട്രവിസ് ഹെഡാണ്. ഓപ്പണിങ്ങിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള മധ്യനിര ബാറ്റ്‌സ്മാനാണ് ഹെഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെയാണ് ഹെഡിന് പരിക്കേല്‍ക്കുന്നത്. ജെറാള്‍ഡ് കോയ്റ്റ്‌സിയുടെ പന്ത് ഇടത് കൈക്ക് അടിച്ചാണ് ഹെഡിന് പരിക്കേല്‍ക്കുന്നത്. ഇതോടെ താരത്തിന്റെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഹെഡ് ലോകകപ്പിനുണ്ടായേക്കില്ല.

ശ്രീലങ്കയുടെ മഹേഷ് തീക്ഷണയാണ് മറ്റൊരാള്‍. സൂപ്പര്‍ സ്പിന്നര്‍ക്ക് ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയാണ് പരിക്കേല്‍ക്കുന്നത്. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു. ലോകകപ്പിന് മുമ്പായി തീക്ഷണക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പറ്റുമോയെന്ന കാര്യം സംശയമാണ്. തീക്ഷണക്ക് ലോകകപ്പ് നഷ്ടമായാല്‍ ശ്രീലങ്കയ്ക്കത് കടുത്ത തിരിച്ചടിയാവുമെന്ന് നിസംശയം പറയാം.
ഇന്ത്യയുടെ കെ എല്‍ രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ട്. ശ്രേയസ് അയ്യരും ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇന്ത്യക്ക് ഇപ്പോള്‍ തലവേദന ആയിരിക്കുന്നത് അക്ഷര്‍ പട്ടേലിന്റെ പരിക്കാണ്. ഏഷ്യാ കപ്പിലെ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ ബംഗ്ലാദേശ് താരത്തിന്റെ ത്രോ അബദ്ധത്തില്‍ അക്ഷറിന്റെ കൈയില്‍ അടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ അക്ഷര്‍ ഏഷ്യാ കപ്പ് ഫൈനലിനുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.
പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യുന്ന ഇടം കൈയന്‍ സ്പിന്നറാണ് അക്ഷര്‍. താരത്തിന് പരിക്കേറ്റ് ലോകകപ്പ് നഷ്ടമായാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ലോകകപ്പിന് ഇനിയും ദിവസങ്ങള്‍ ശേഷിക്കെ കൂടുതല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.
പാകിസ്താന്റെ ഹാരിസ് റഊഫും പരിക്കിന്റെ പിടിയിലാണ്. ലോകകപ്പിന് മുമ്പായി ഹാരിസിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പരിക്കേറ്റ് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു. എന്നാല്‍ ലോകകപ്പിന് മുമ്പായി വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇത് ന്യൂസീലന്‍ഡിന് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. സൂപ്പര്‍ താരങ്ങളുടെ പരിക്ക് ടീമുകളുടെ ലോകകപ്പ് പ്രതീക്ഷകളെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.