ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിന് തൊട്ടരികിലാണ് ആതിഥേയരായ ഇന്ത്യ. ആദ്യത്തെ അഞ്ച് മത്സരവും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ശേഷിക്കുന്ന മത്സരങ്ങളും ജയിച്ച് അനായാസം ഇന്ത്യ സെമിയിലേക്കെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാല് മത്സരങ്ങള്‍ ശേഷിക്കെ രണ്ട് മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് അനായാസം സെമിയിലെത്താം. എന്നാല്‍ പോരാട്ടം കടുക്കവെ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യക്ക് തലവേദനയായിരിക്കുകയാണ്.
ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 സൃഷ്ടിക്കുന്നതിന് വെല്ലുവിളിയായിരിക്കുകയാണെന്ന് പറയാം. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ വമ്പന്മാരെ ഇന്ത്യക്ക് നേരിടേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള മത്സരങ്ങള്‍ കടുപ്പമാണ്. നിലവിലെ സാധ്യത പ്രകാരം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ സെമി കളിക്കാനാണ് സാധ്യത. സെമിയില്‍ ആരെ ലഭിച്ചാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
സെമിയോടടുക്കവെ പ്ലേയിങ് 11നുമായി ബന്ധപ്പെട്ട് നായകന്‍ രോഹിത് ശര്‍മക്ക് മുന്നിലുള്ള പ്രധാന 3 വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ആരെ കളിപ്പിക്കണമെന്നതാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യക്ക് ഇഷാന്‍, സൂര്യ എന്നിവരിലൊരാളെ കളിപ്പിക്കേണ്ടതായുണ്ട്. ഇവരിലാരെന്നതാണ് പ്രശ്‌നം. ഹാര്‍ദിക് പാണ്ഡ്യ ഫിനിഷറായിരുന്നു. ഈ റോളില്‍ സൂര്യയെയാണ് ഇന്ത്യ പരിഗണിക്കാന്‍ സാധ്യത.
എന്നാല്‍ സൂര്യയെ വിശ്വസ്തനെന്ന് വിളിക്കാനാവാത്തതിനാല്‍ ഇഷാനിലേക്ക് ഇന്ത്യ മാറി ചിന്തിച്ചേക്കും. ഇവരിലാരാണ് മുന്നോട്ടുള്ള മത്സരങ്ങളില്‍ വേണ്ടതെന്നത് ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന കാര്യമാണ്. ഒരു ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍പോലും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇല്ലെന്നതാണ് വസ്തുത. സെമിയിലേക്കെത്തവെ ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

രണ്ടാമത്തെ കാര്യം മൂന്ന് പേസര്‍മാരെ വേണോ മൂന്ന് സ്പിന്നര്‍മാരെ വേണമോയെന്നതാണ്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മികച്ചൊരു ഓള്‍റൗണ്ടറെയാണ് ഇന്ത്യക്ക് നഷ്ടമാവുന്നത്. ഹാര്‍ദിക്കിന്റെ വിടവ് നികത്താന്‍ മറ്റൊരു ഓള്‍റൗണ്ടര്‍ ഇന്ത്യക്കില്ല. ശാര്‍ദ്ദുല്‍ ടാക്കൂര്‍ പേസ് ഓള്‍റൗണ്ടറാണെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ ഉത്തമ പകരക്കാരനെന്ന് പറയാനാവില്ല. ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ ഒന്നിച്ച് കളിപ്പിക്കണോ അതോ ബാറ്റിങ് കരുത്ത് പരിഗണിച്ച് അശ്വിനെ ഉള്‍പ്പെടുത്തണമോയെന്നതാണ് പ്രധാന ചോദ്യം.
അശ്വിന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. അനുഭവസമ്പന്നനായ അശ്വിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തണമോയെന്നത് രോഹിത്തിന്റെ മുന്നിലുള്ള ചോദ്യമാണ്. ഇംഗ്ലണ്ടിനെതിരായ മത്സരം ലഖ്‌നൗവിലാണ്. ഇവിടെ സ്പിന്നിന് മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിച്ചാല്‍ ആരെ പുറത്താക്കുമെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ജസ്പ്രീത് ബുംറ പ്ലേയിങ് 11ല്‍ തുടരുമ്പോള്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൊരാളെ പുറത്തിരുത്തേണ്ടി വരും. ന്യൂസീലന്‍ഡിനെതിരേ ഷമി അഞ്ച് വിക്കറ്റ് പ്രകടനവുമായി മിന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ സിറാജിന് വിശ്രമം അനുവദിക്കാനാണ് സാധ്യത.