മുംബൈ: ഏകദിന ലോകകപ്പിലെ ആവേശം സെമിയിലേക്കടുക്കുകയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ സെമി സീറ്റുറപ്പിച്ചു. നാലാം സ്ഥാനക്കാരായി ആര് സെമി കളിക്കുമെന്നതാണ് ഇനി അറിയേണ്ടത്. പാകിസ്താന്‍, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഈ സ്ഥാനത്തിനായി പ്രധാനമായും പോരടിക്കുന്നത്. ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍ നാലാം സ്ഥാനക്കാരാവും. പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരില്‍ ഒരു ടീം ഇന്ത്യയുടെ എതിരാളികളായി എത്താനാണ് സാധ്യത.
2015, 2019 ഏകദിന ലോകകപ്പുകളില്‍ ഇന്ത്യ സെമി കളിച്ചിരുന്നു. എന്നാല്‍ രണ്ട് ലോകകപ്പുകളിലും ഇന്ത്യ സെമിയില്‍ തോറ്റാണ് പുറത്തായത്. സെമി ശാപം ഇന്ത്യയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പ് സെമി ഫൈനലുകളിലും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതും ആവര്‍ത്തിക്കപ്പെടുന്നതുമായ പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇത്തവണ ഇന്ത്യ ശ്രദ്ധിക്കേണ്ടത് ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്.
അവസാന രണ്ട് ഏകദിന ലോകകപ്പ് സെമിയിലേയും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് മോശം ബാറ്റിങ് പ്രകടനമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ ഏറ്റവും ശ്രദ്ധിക്കേണ്ടത് ബാറ്റിങ്ങിലാണ്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം സെമിയില്‍ ഫ്‌ളോപ്പാവുന്നതാണ് കാണാനാവുന്നത്. 2015ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 233 റണ്‍സില്‍ ഒതുങ്ങി. വിരാട് കോലി 1 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ 34 റണ്‍സാണ് നേടിയത്.
2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡ് 240 എന്ന കുഞ്ഞന്‍ വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ 221 റണ്‍സില്‍ ഇന്ത്യ ഒതുങ്ങി. കെ എല്‍ രാഹുല്‍ (1), രോഹിത് ശര്‍മ (1), വിരാട് കോലി (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഈ രണ്ട് ലോകകപ്പുകളിലും സെമിയില്‍ ഇന്ത്യ പുറത്താവാന്‍ കാരണം പ്രധാന താരങ്ങളുടെ മോശം ബാറ്റിങ്ങാണ്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്ത് ഉയരണം.

കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പുകളിലും ആവര്‍ത്തിച്ച ഈ പിഴവ് ഇത്തവണ ആവര്‍ത്തിക്കാതിരിക്കുകയെന്നതാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ ഗ്രൂപ്പുഘട്ടത്തിലെ ഈ മികവ് നോക്കൗട്ടില്‍ ഇവര്‍ ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന രണ്ട് ഏകദിന ലോകകപ്പ് സെമിയിലും ഇവര്‍ നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.
അവസാന രണ്ട് ഏകദിന ലോകകപ്പിലും ഇന്ത്യ അഞ്ച് ബൗളര്‍മാരെ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇത് രണ്ട് സെമിയിലും ഇന്ത്യയെ ബാധിച്ചിരുന്നു. ഇത്തവണയും ഇന്ത്യ അഞ്ച് ബൗളര്‍മാരെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നീ പേസര്‍മാരേയും കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരെയും ഇന്ത്യയും കളിപ്പിക്കുന്നു.
ഇവര്‍ മികച്ച ഫോമില്‍ പന്തെറിയുന്നതിനാല്‍ ഇന്ത്യക്ക് ഇപ്പോള്‍ ആശങ്കയില്ല. എന്നാല്‍ സെമിയില്‍ ഇതേ മികവ് കാട്ടാന്‍ ഇവര്‍ക്ക് സാധിച്ചാല്‍ ഇന്ത്യക്ക് ആശങ്കയില്ല. അല്ലാത്ത പക്ഷം ഇന്ത്യക്ക് ഒരു എക്‌സ്ട്രാ ബൗളറെ ആവശ്യം വന്നേക്കും. പന്തെറിയാന്‍ സാധിക്കുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലും ഇന്ത്യന്‍ ടീമിലില്ലെന്നതാണ് പ്രധാന പ്രശ്‌നം. സെമിയില്‍ ഈ പ്രശ്‌നം ഇന്ത്യയെ കൂടുതല്‍ വേട്ടയാടുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യയുടെ മധ്യനിര ബാറ്റിങ് കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പ് സെമിയിലും ഭേദപ്പെട്ടതായിരുന്നു. എന്നാല്‍ വാലറ്റം ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തി. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്. സൂര്യകുമാര്‍ യാദവിന്റെ സ്ഥിരതയില്ലായ്മ ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്.