കൊല്‍ക്കത്ത: ലോക ക്രിക്കറ്റിലെ കരുത്തന്മാര്‍ നേര്‍ക്കുനേര്‍ പോരടിച്ച രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയോട് പൊരുതു വീണിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രണ്ടാം സ്ഥാനക്കാരായി സെമിയിലേക്കെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലില്‍ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 212 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 16 പന്ത് ബാക്കിയാക്കി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇത്തവണയെങ്കിലും തങ്ങളെ ഭാഗ്യം തുണക്കുമെന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 201ലെ സെമിക്ക് ശേഷം എബി ഡിവില്ലിയേഴ്‌സും മോണി മോര്‍ക്കലുമെല്ലാം കരഞ്ഞത് 2023ല്‍ എയ്ഡന്‍ മാര്‍ക്രമും ടെംബ ബാവുമയുമായി മാറുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്ക് പല കാരണങ്ങളും പറയാനാവും. ഇതില്‍ എടുത്തു പറയാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം മോശം ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ഡേവിഡ് മില്ലറുടെ (101) സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര ദുരന്തമായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. അനാവശ്യ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട് എല്ലാവരും വിക്കറ്റ് തുലക്കുകയായിരുന്നു. ക്വിന്റന്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ടെംബ ബാവുമ എന്നിവരില്‍ ആരെങ്കിലും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കളി മാറിയേനെ.
ബാറ്റിങ്ങില്‍ വ്യക്തമായ പദ്ധതികളില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ഇത് തിരിച്ചടിയായി മാറുകയും ചെയ്തു. രണ്ടാമത്തെ കാരണം മോശം ഫീല്‍ഡിങ്ങാണ്. ഓസ്‌ട്രേലിയ ഓരോ റണ്‍സും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനമാണ് നടത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്ക ലഭിച്ച പല ക്യാച്ച് അവസരങ്ങളും റണ്ണൗട്ട് അവസരങ്ങളും പാഴാക്കി. പാറ്റ് കമ്മിന്‍സിന്റെ ക്യാച്ച് അല്‍പ്പം പ്രയാസമായിരുന്നെങ്കിലും ക്വിന്റന്‍ ഡീകോക്കിനെപ്പോലൊരു വിക്കറ്റ് കീപ്പര്‍ എടുക്കാമായിരുന്നു.

എന്നാല്‍ അനുഭവസമ്പന്നനായിട്ടും ഡീകോക്കിന് അതിന് സാധിച്ചില്ല. പല ഹാഫ് ചാന്‍സുകളും ക്യാച്ചാക്കി മാറ്റാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കാതെ പോയി. ഇതെല്ലാം ക്യാച്ചാക്കുകയായിരുന്നെങ്കില്‍ ഓസ്‌ട്രേലിയയെ തകര്‍ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമായിരുന്നു. ജോഷ് ഇന്‍ഗ്ലിസിന്റെ റണ്ണൗട്ടവസരവും ദക്ഷിണാഫ്രിക്ക പാഴാക്കി. ഇത്തരത്തില്‍ മോശം ഫീല്‍ഡിങ് പ്രകടനം ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് നിസംശയം പറയാം.
മൂന്നാമത്തെ കാര്യം നിര്‍ഭാഗ്യമാണ്. ഭാഗ്യത്തിന്റെ കണികപോലും സൗത്താഫ്രിക്കയ്ക്കില്ലായിരുന്നുവെന്ന് പറയാം. ഇന്നും ഇന്നലെയുമല്ല ഏറെ നാളുകളായി നോക്കൗട്ടിലെ ഈ ഭാഗ്യക്കേട് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. 1992ലെ ലോകകപ്പില്‍ സെമിയില്‍ പുറത്തായി. 1996ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങി. 1999ലെ ലോകകപ്പിലും സെമിയില്‍ പുറത്തായി. 2007ലെ ലോകകപ്പിലും സെമിയിലാണ് സൗത്താഫ്രിക്കയുടെ കുതിപ്പ് അവസാനിച്ചത്.
2011ല്‍ ഇന്ത്യ വേദിയായ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. 2015ല്‍ സെമിയില്‍ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് 2023ലും സെമിയില്‍ മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ നന്നായി പൊരുതി നോക്കിയെങ്കിലും പ്രതിരോധിക്കേണ്ട റണ്‍സ് വളരെ കുറവായിരുന്നു. തോല്‍വിയിലും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ കൈയടി അര്‍ഹിക്കുന്നു. എന്നാല്‍ പേസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നില്ല.
കഗിസോ റബാഡയും മാര്‍ക്കോ യാന്‍സനും നനഞ്ഞ പടക്കങ്ങളായി മാറി. നായകന്‍ ടെംബ ബാവുമയുടെ മോശം ക്യാപ്റ്റന്‍സിയും ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിച്ച കാര്യമാണ്. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് തെറ്റുപറ്റി. കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവരുടെ ഓരോ ഓവറെങ്കിലും ബാക്കിവെച്ച് എയ്ഡന്‍ മാര്‍ക്രത്തിന് കൂടുതല്‍ ഓവര്‍ നേരത്തെ നല്‍കണമായിരുന്നു. റബാഡയെ ഡെത്തോവറുകളില്‍ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിയത് മണ്ടത്തരമാണ്.
ബാറ്റുകൊണ്ട് ഒന്നും ചെയ്യാത്ത ബാവുമ മികച്ച ഫീല്‍ഡിങ് തന്ത്രങ്ങളാണ് ഒരുക്കിയത്. എന്നാല്‍ ബൗളര്‍മാരെ നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ഇനി 2027ലെ ലോകകപ്പില്‍ സ്വന്തം തട്ടകത്തില്‍ കപ്പ് നേടാനുള്ള പടയൊരുക്കം ദക്ഷിണാഫ്രിക്കയ്ക്ക് ആരംഭിക്കാം.