അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത ഇന്ത്യ അഫ്ഗാനിസ്ഥാനെയും പാകിസ്താനെയും പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ്. കരുത്തരായ താരങ്ങളുടെ നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശര്‍മ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഇന്ത്യക്ക് വലിയ കിരീട സാധ്യതയാണുള്ളത്.
മൂന്ന് മത്സരത്തിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയെടുത്തത്. ചിരവൈരികളായ പാകിസ്താനെ 117 പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിന് കെട്ടുകെട്ടിച്ചതോടെ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ വീണ്ടും ശക്തമായെങ്കിലും മൂന്ന് വെല്ലുവിളികള്‍ ഇപ്പോഴും ഇന്ത്യക്ക് മുന്നിലുണ്ട്. ഇതിന് പരിഹാരം കാണാതെ ഇന്ത്യക്ക് മുന്നോട്ട് പോവുക പ്രയാസമാണെന്ന് പറയാം. പാകിസ്താനെതിരായ വമ്പന്‍ ജയത്തിന് ശേഷവും ഇന്ത്യക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചറിയാം.
ഒന്നാമത്തെ കാര്യം ശാര്‍ദ്ദുല്‍ ടാക്കൂറിന്റെ ടീമിലെ സ്ഥാനമാണ്. എന്തിനാണ് ശാര്‍ദ്ദുലിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുന്നതെന്നത് ടീം മാനേജ്‌മെന്റിനോ രോഹിത് ശര്‍മക്കോ അറിയില്ലെന്ന് വേണം കരുതാം. അഞ്ച് ഓവറുകള്‍ പോലും പന്തെറിയാന്‍ ശാര്‍ദ്ദുലിന് നല്‍കുന്നില്ല. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനാണെന്ന് പറയുമ്പോഴും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ലെന്നതാണ് വസ്തുത. പേസ് ഓള്‍റൗണ്ടറാണെന്ന് പറയുമ്പോഴും ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യുന്നില്ലെന്നതാണ് കൗതുകം.
ഓസീസിനെതിരേ സ്പിന്നിന് മുന്‍തൂക്കമുള്ളതിനാല്‍ ശാര്‍ദ്ദുലിന് പകരം അശ്വിനെ കളിപ്പിച്ചു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും ശാര്‍ദ്ദുല്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടു. എന്നാല്‍ ടീമിന് കാര്യമായ ഉപകാരം ഉണ്ടായില്ലെന്നതാണ് വസ്തുത. ടീമിലെ ഭാഗ്യതാരമായിട്ടാണ് ശാര്‍ദ്ദുലിനെ പരിഗണിച്ചത്. അതിലപ്പുറം ടീമിന് നല്‍കുന്ന സംഭാവന പരിഗണിച്ചാല്‍ ഒന്നുമില്ലെന്ന് തന്നെ പറയാം. ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്ന താരമാണ് ശാര്‍ദ്ദുലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ ഇതിനോട് നീതികാട്ടാന്‍ ശാര്‍ദ്ദുലിനായിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഷമിയെ പുറത്തിരുത്തി മുഹമ്മദ് ഷമിയെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. രണ്ടാമത്തെ കാര്യം മുഹമ്മദ് സിറാജിന്റെ പവര്‍പ്ലേയിലെ പ്രകടനമാണ്. സിറാജ് ന്യൂബോളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ്. ഏഷ്യാ കപ്പ് ഫൈനലിലടക്കം സിറാജിന്റെ ബൗളിങ് മികവ് കണ്ടതാണ്. എന്നാല്‍ ലോകകപ്പില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സിറാജിന് സാധിക്കുന്നില്ല.
റണ്‍സ് വിട്ടുകൊടുക്കാന്‍ സിറാജ് മടികാട്ടുന്നില്ലെന്നതാണ് പ്രശ്‌നം. മികച്ച ലൈനും ലെങ്തും താരത്തിന് നഷ്ടമാവുന്നു. പിച്ചിന്റെ സ്വഭാവം മനസിലാക്കി പന്തെറിയാന്‍ സിറാജ് കൂടുതല്‍ സമയമെടുക്കുന്നു. പാകിസ്താനെതിരേ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ സിറാജ് വീഴ്ത്തി. എന്നാല്‍ 8 ഓവറില്‍ 50 റണ്‍സാണ് വിട്ടുകൊടുത്തത്. ബുംറ ഒരുവശത്ത് റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുമ്പോള്‍ സിറാജ് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല.

ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സിറാജ് വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും ഇക്കോണമി ഇപ്പോഴും പ്രശ്‌നമാണ്. മൂന്നാമത്തെ കാര്യം വിരാട് കോലിയുടെ പുള്‍ഷോട്ടിലെ പിഴവാണ്. കവര്‍ഡ്രൈവും സ്‌ട്രെയ്റ്റ് ഡ്രൈവുമെല്ലാം അനായാസം കളിക്കുന്ന താരമാണ് കോലി. എന്നാല്‍ ലോകകപ്പില്‍ പുള്‍ഷോട്ട് കളിക്കുമ്പോള്‍ കോലിക്ക് പിഴക്കുന്നു. ഓസ്‌ട്രേലിയക്കെതിരേ ജോഷ് ഹെയ്‌സല്‍വുഡിനെ പുള്‍ഷോട്ടിന് ശ്രമിച്ചപ്പോള്‍ കോലിക്ക് പിഴച്ചിരുന്നു.
ഉയര്‍ന്ന് പൊങ്ങിയ പന്ത് മിച്ചല്‍ മാര്‍ഷ് കൈവിട്ടുകളഞ്ഞിരുന്നു. പാകിസ്താനെതിരേ കോലി പുറത്തായത് പുള്‍ഷോട്ട് കളിച്ചാണ്. ഹസന്‍ അലിയെ പുള്‍ഷോട്ടിന് ശ്രമിച്ചാണ് കോലി മടങ്ങിയത്. കോലി ഇന്ത്യയുടെ ബാറ്റിങ്ങിന്റെ നട്ടെല്ലാണ്. അതുകൊണ്ടുതന്നെ കോലി പുള്‍ഷോട്ടിന് ശ്രമിച്ച് പുറത്തായാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. എന്നാല്‍ ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം ഫോമിലായത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്.