കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി ദക്ഷിണാഫ്രിക്കയാണ്. സെമിയിലേക്ക് ഒന്നാം സ്ഥാനക്കാരായി ആര് എത്തുമെന്ന് തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമാവുക ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരമാവും. രണ്ട് ടീമും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ പ്രവചനങ്ങള്‍ക്ക് പോലും പ്രസക്തിയില്ല. ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് വേദി കൊല്‍ക്കത്തയാണ്. ഇന്ത്യ ഏഴ് മത്സരത്തിലും തോല്‍വി അറിഞ്ഞിട്ടില്ല.
ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചെങ്കിലും മറ്റെല്ലാ മത്സരത്തിലും ടീം വമ്പന്‍ ജയമാണ് നേടിയത്. പാകിസ്താനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക മറ്റെല്ലാ മത്സരത്തിലും 100 റണ്‍സിലധികം റണ്‍സിന്റെ മാര്‍ജിനിലാണ് വിജയം നേടിയത്. ഇന്ത്യക്ക് വലിയ വെല്ലുവിളി തീര്‍ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്ന് ചുരുക്കം. ഇന്ത്യയെപ്പോലെ തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും ദക്ഷിണാഫ്രിക്കയും സംതുലിതമായ നിരയാണ്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ചില കാര്യങ്ങള്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതായുണ്ട്.
അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ന്യൂബോളിലെ പ്രകടനമാണ്. ദക്ഷിണാഫ്രിക്കയുടെ ടോപ് ഓഡര്‍ നല്‍കുന്ന മികച്ച തുടക്കമാണ് ടീമിന് കരുത്താവുന്നത്. തുടക്കത്തിലേ ക്വിന്റന്‍ ഡീകോക്കിനെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിക്കണം. ഇതിനോടകം നാല് സെഞ്ച്വറി താരം നേടിക്കഴിഞ്ഞു. ഡീകോക്കിനെ തളക്കാന്‍ കൃത്യമായ പദ്ധതി ഇന്ത്യക്കാവശ്യമാണ്. ജസ്പ്രീത് ബുംറക്ക് തുടക്കത്തിലേ ഡീകോക്കിനെ മടക്കാന്‍ സാധിക്കണം.
ഡീകോക്ക് മുംബൈ ഇന്ത്യന്‍സില്‍ ബുംറക്കൊപ്പം കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ ഡീകോക്കിന്റെ ദൗര്‍ബല്യം ബുംറക്കറിയാം. തുടക്കത്തിലേ ഡീകോക്കിനെ തളക്കാന്‍ ബുംറക്ക് സാധിക്കാത്ത പക്ഷം ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. ദക്ഷിണാഫ്രിക്കയുടെ മധ്യനിരയും ശക്തമാണ്. എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരാണ് മധ്യനിരയില്‍ ടീമിന്റെ നട്ടെല്ലാവുന്നത്. ഇവരെല്ലാം സ്പിന്നിനെ നന്നായി നേരിടുന്നവരാണ്.

അതുകൊണ്ടുതന്നെ മധ്യ ഓവറുകളില്‍ മുഹമ്മദ് ഷമിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഷമി മൂന്ന് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഷമി മികവ് കാട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. കൊല്‍ക്കത്തയില്‍ പേസിന് നല്ല പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും.
മറ്റൊരു കാര്യം ദക്ഷിണാഫ്രിക്കയുടെ ന്യൂബോളിലെ പ്രകടനത്തെ ഇന്ത്യയുടെ ടോപ് ഓഡര്‍ കരുതണം. ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യക്ക് ദൗര്‍ബല്യമാണെന്നത് വസ്തുതയാണ്. എന്നാല്‍ ഇത്തവണ മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രന്റ് ബോള്‍ട്ട്, ഷഹിന്‍ ഷാ അഫ്രീദി എന്നിവരുടെയെല്ലാം മികവിനെ ഇന്ത്യ വിജയകരമായി മറികടന്നു. എന്നാല്‍ ഫോമിലുള്ള ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യക്ക് തലവേദനയാവുമെന്നതിന് തെളിവാണ് ശ്രീലങ്കയ്‌ക്കെതിരേ കണ്ടത്.
ദസുന്‍ മധുശന്‍ക അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്കെതിരേ വീഴ്ത്തിയത്. രോഹിത് ശര്‍മയെ രണ്ടാം പന്തില്‍ മധുശന്‍ക പുറത്താക്കി. ഇടം കൈയന്‍ പേസര്‍മാരെ ഇന്ത്യ ഇപ്പോഴും ഭയക്കുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മാര്‍ക്കോ യാന്‍സന്‍ സ്ഥിരതയോടെ വിക്കറ്റ് വീഴ്ത്തുന്നു. ഇടം കൈയന്‍ പേസറായ യാന്‍സന്റെ മികച്ച ലൈനും ലെങ്തും ഇന്ത്യക്ക് വലിയ തലവേദനയാണ്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളി മറികടക്കുകയെന്നതും പ്രധാനപ്പെട്ടതാണ്.
ദക്ഷിണാഫ്രിക്ക മാര്‍ക്കോ യാന്‍സന്‍, കോയിറ്റ്‌സി, റബാഡ, ലൂങ്കി എന്‍ഗിഡി എന്നീ കരുത്തുറ്റ പേസര്‍മാരെയാണ് കളിപ്പിക്കുന്നത്. ഇവര്‍ ഇന്ത്യയുടെ പേസ് നിരയെക്കാള്‍ ശക്തമാണെന്ന് പറഞ്ഞാലും തെറ്റാകില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് ചുരുക്കം. എന്തായാലും തീപ്പൊരി പോരാട്ടം തന്നെ പ്രതീക്ഷിക്കാം. കൊല്‍ക്കത്തയില്‍ റണ്ണൊഴുകാനാണ് സാധ്യത. അതുകൊണ്ടുതന്നെ മികച്ച ബാറ്റിങ് പോരാട്ടം തന്നെ കാണാനായേക്കും.