മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് സൂപ്പര്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. കരുത്തരുടെ നിരയായ രണ്ട് ടീമും ആദ്യത്തെ നാല് മത്സരവും ജയിച്ച് ഗംഭീര ഫോമിലാണുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായി കുതിച്ച ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ന്യൂസീലന്‍ഡാണ്. ഇത്തവണ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ലോകകപ്പില്‍ എതിരാളികളായി ന്യൂസീലന്‍ഡിനെ ലഭിക്കുമ്പോള്‍ പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക.
ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ സെമിയിലേക്കുള്ള വലിയൊരു കടമ്പ ഇന്ത്യ പിന്നിട്ടുവെന്നുതന്നെ പറയാം. എന്നാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുക ഒട്ടും എളുപ്പമല്ല. നേര്‍ക്കുനേര്‍ കണക്കില്‍ കിവീസാണ് മുന്നില്‍. ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യ കാഴ്ചവെക്കേണ്ടതായുണ്ട്. ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യ എവിടെയാണ് ശ്രദ്ധിക്കേണ്ടത്? 3 കാര്യങ്ങളിതാ. ഒന്നാമത്തെ കാര്യം ട്രന്റ് ബോള്‍ട്ടിന്റെ ബൗളിങ്ങാണ്.
ഇടം കൈയന്‍ പേസറായ ട്രന്റ് ബോള്‍ട്ട് ന്യൂബോളില്‍ മികവ് കാട്ടാന്‍ കഴിവുള്ളവനാണ്. തുടക്കം മുതല്‍ സ്റ്റംപിന് ആക്രമിക്കുന്ന ട്രന്റ് ബോള്‍ട്ട് ഇന്ത്യയുടെ ടോപ് ഓഡറിന് വലിയ ഭീഷണിയാണ്. മികച്ച തുടക്കം ലഭിക്കാതെ വന്നാല്‍ ഇന്ത്യ പതറുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനത്തിന് ഇന്ത്യ വലിയ പ്രാധാന്യവും നല്‍കുന്നു. ഇവരെ പുറത്താക്കുകയെന്ന ഉത്തരവാദിത്തം ബോള്‍ട്ടിനാവും ഉണ്ടാവുക.
അതുകൊണ്ടുതന്നെ ബോള്‍ട്ടിനെ കരുതലോടെ നേരിടാന്‍ ഇന്ത്യക്ക് സാധിക്കണം. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിട്ടേക്കും. രോഹിത് ശര്‍മ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആക്രമിച്ചാണ് കളിച്ചത്. എന്നാല്‍ ബോള്‍ട്ടിനെതിരേ കടന്നാക്രമിക്കുമ്പോള്‍ കരുതലോടെ നീങ്ങിയില്ലെങ്കില്‍ സ്ലോ ബോള്‍ കെണിയില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. ബോള്‍ട്ടിന്റെ വെല്ലുവിളി മറികടക്കുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

രണ്ടാമത്തെ കാര്യം ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ബൗളിങ് കരുത്ത് ഉയര്‍ത്തണമെന്നതാണ്. ശാര്‍ദ്ദുല്‍ ടാക്കൂറില്‍ നിന്ന് അത്ഭുതം പ്രതീക്ഷിച്ച് ഇനിയും ടീമില്‍ തുടരാന്‍ അനുവദിച്ചാല്‍ വലിയ തിരിച്ചടി ഇന്ത്യ നേരിട്ടേക്കും. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ ഇന്ത്യയുടെ ബൗളിങ് കരുത്തിനെയും അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ മികച്ചൊരു പേസറെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തണം. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് ഷമിയെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തണം.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നീ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും ഇന്ത്യ കളിപ്പിക്കണം. അല്ലാത്ത പക്ഷം കിവീസിനെതിരേ ജയം കടുപ്പമായിരിക്കുമെന്നുറപ്പ്. മൂന്നാമത്തെ കാര്യം മധ്യനിരയുടെ ബാറ്റിങ്ങാണ്. ഹാര്‍ദിക്കിന്റെ അഭാവത്തോടെ ഇന്ത്യക്ക് ആറാം നമ്പറിന് ശേഷം വിശ്വസിക്കാന്‍ സാധിക്കുന്ന ഒരു ബാറ്റ്‌സ്മാനും ഇല്ലാതായിരിക്കുകയാണ്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടെങ്കിലും അടുത്തൊന്നും അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല.
വാലറ്റത്തെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതുമാണ്. ഇത് പരിഗണിക്കുമ്പോള്‍ ടോപ് ഓഡര്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവ് എത്തുമെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. സൂര്യകുമാര്‍ കടന്നാക്രമിക്കുന്ന താരമാണെങ്കിലും വിശ്വസ്തനാണെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
ന്യൂസീലന്‍ഡിന്റെ ചില താരങ്ങള്‍ക്കെതിരേ ഇന്ത്യ പ്രത്യേകം പദ്ധതി മെനയേണ്ടതായുണ്ട്. അതിലൊരാള്‍ ഡെവോണ്‍ കോണ്‍വേയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ കോണ്‍വേക്ക് ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാം. ഭേദപ്പെട്ട ഫോമിലാണ് താരം കളിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍വേയെ ഇന്ത്യ കരുതിയിറങ്ങണം. മറ്റൊരു താരം മിച്ചല്‍ സാന്റ്‌നറാണ്. സ്പിന്‍ ഓള്‍റൗണ്ടറായ സാന്റ്‌നര്‍ക്ക് ഇന്ത്യക്കെതിരേ മികച്ച അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ താരത്തെ കരുതിത്തന്നെ ഇറങ്ങണം.