മുംബൈ: ഏകദിന ലോകകപ്പിനെ വരവേല്‍ക്കാന്‍ ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞു. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ലോകകപ്പാണ് വരാനിരിക്കുന്നത്. 2015, 2019 ലോകകപ്പുകളില്‍ ആതിഥേയ ടീമുകളാണ് വിശ്വ ജേതാക്കളായത്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യയാണ് കിരീട ഫേവറേറ്റുകള്‍. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്.
രോഹിത് ശര്‍മക്ക് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീം സംതുലിതമായ നിരയാണ്. ഇത്തവണ മികച്ച മുന്നൊരുക്കവും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും സ്വന്തമാക്കി വലിയ ആത്മവിശ്വാസത്തിലാണ്. ഇന്ത്യ കരുത്തരുടെ നിരയാണെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരേയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ പ്രശ്‌നം വാലറ്റത്തിന്റെ ബാറ്റിങ്ങാണ്. ആറാമനായി ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങിനിറങ്ങിയാല്‍ പിന്നീട് ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരമാണ്. എന്നാല്‍ അവസാന 10 വര്‍ഷത്തെ ജഡേജയുടെ ബാറ്റിങ് പ്രകടനം നോക്കുമ്പോള്‍ ഇന്ത്യയില്‍ ഏകദിനത്തില്‍ നേടിയത് ഒരു അര്‍ധ സെഞ്ച്വറിയാണ്.
ശാര്‍ദ്ദുല്‍ ടാക്കൂറിനെയും ബാറ്റിങ്ങില്‍ വിശ്വസിക്കാനാവില്ല. ശാര്‍ദ്ദുലിന് പകരം ആര്‍ അശ്വിനെ പരിഗണിച്ചാലും ബാറ്റിങ്ങില്‍ വലിയ മാറ്റമുണ്ടായേക്കില്ല. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരിലാര്‍ക്കും ബാറ്റുകൊണ്ട് വലിയ സംഭാവനകള്‍ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടോപ് ഓഡറും മധ്യനിരയും തന്നെ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. വാലറ്റത്തിന്റെ ബാറ്റിങ്ങിലെ ദൗര്‍ബല്യം ഇന്ത്യയെ സംബന്ധിച്ച് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.

രണ്ടാമത്തെ കാര്യം റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ഇന്ത്യക്ക് പഴയ മികവില്ല. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ഇപ്പോഴും അമിതമായി ടീം ആശ്രയിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ റണ്‍സ് പിന്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും അര്‍ധ സെഞ്ച്വറി നേടിയിട്ടും പിന്നീടെത്തിയവര്‍ക്ക് അത് മുതലാക്കാനായില്ല. ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ വലിയ സ്‌കോര്‍ ടീമുകള്‍ക്ക് നേടാനായേക്കും.
അങ്ങനെ ആദ്യം ബാറ്റ് ചെയ്ത് വലിയ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നോട്ടുവെച്ചാല്‍ രോഹിത്തും കോലിയുമല്ലാതെ മറ്റാര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നതാണ് കണ്ടറിയേണ്ടത്. ശുബ്മാന്‍ ഗില്‍ ക്ലാസിക് ബാറ്റ്‌സ്മാനാണെങ്കിലും റണ്‍ചേസില്‍ ഗംഭീര റെക്കോഡ് നേടിയിട്ടുള്ളതായി കാണാനാവില്ല. ഇതും ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ്.
മൂന്നാമത്തെ കാര്യം ഡെത്തോവറിലെ ബൗളിങ്ങാണ്. സമീപകാലത്തെ പല മത്സരങ്ങളിലും ഇന്ത്യ എതിരാളികളുടെ ടോപ് ഓഡറിനേയും മധ്യനിരയേയും പെട്ടെന്ന് പുറത്താക്കുമെങ്കിലും വാലറ്റത്തിനോട് തല്ലുവാങ്ങുന്നത് കാണാനാവും. ഏഷ്യാ കപ്പിലടക്കം ഈ ദൗര്‍ബല്യം കണ്ടതാണ്. ഓസീസ് പരമ്പരയില്‍ സീന്‍ അബോട്ടും വാലറ്റത്ത് ബാറ്റുചെയ്യാനെത്തി ഇന്ത്യയെ വിറപ്പിച്ചു.
ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്ന ഇന്ത്യക്ക് ഡെത്തോവറിലും ഇതേ മികവ് തുടരേണ്ടതായുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. ഇതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഡെത്തോവറില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്.
ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ഹാര്‍ദിക് പാണ്ഡ്യ (vc), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.