ചെന്നൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് കരുത്തരായ ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഓസീസിനെ 199 റണ്‍സില്‍ ഇന്ത്യ ഒതുക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 52 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയിച്ചത്. ജയം നേടിയെങ്കിലും ഇന്ത്യ നന്നായി വിറച്ചുവെന്ന് പറയാം. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പൂജ്യത്തിനാണ് പുറത്തായത്.
ജയിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ ഇന്ത്യക്കായില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ അടുത്ത മത്സരം 11ന് അഫ്ഗാനിസ്ഥാനെതിരെയാണ്. എന്നാല്‍ എല്ലാവരും കാത്തിരിക്കുന്നത് 14ാം തീയ്യതി നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനായാണ്. അഹമ്മദാബാദില്‍ നടക്കുന്ന ചിരവൈരി പോരാട്ടത്തില്‍ എന്തുവിലകൊടുത്തും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. എന്നാല്‍ ഇതൊട്ടും എളുപ്പമാവില്ല. ചില മേഖലകള്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ പ്രശ്‌നം ഇന്ത്യയുടെ ഡെത്തോവര്‍ ബൗളിങ്ങാണ്. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങളെല്ലാം നോക്കുമ്പോള്‍ കാണാനാവുന്നത് ഡെത്തോവറിലെ മോശം ബൗളിങ്ങാണ്. ടോപ് ഓഡറിനേയും മധ്യനിരയേയും പെട്ടെന്ന് പൂട്ടിക്കെട്ടുന്ന ഇന്ത്യക്ക് വാലറ്റത്തെ ബാറ്റ്‌സ്മാന്‍മാരാണ് തലവേദനയായി മാറുന്നത്. ഏഷ്യാ കപ്പിലും ഇതേ പ്രശ്‌നം കണ്ടിരുന്നു. ഇപ്പോള്‍ ലോകകപ്പിലും ഇതേ പ്രശ്‌നം ഇന്ത്യയെ വേട്ടയാടുന്നു. ഓസീസ് പേസറായ മിച്ചല്‍ സ്റ്റാര്‍ക്ക് 28 റണ്‍സാണ് നേടിയത്. ഇതില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടും.
ഓസീസിന്റെ 7 വിക്കറ്റുകള്‍ 140 റണ്‍സിനുള്ളില്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നിട്ടും 199 എന്ന സ്‌കോറിലേക്കെത്താന്‍ അവര്‍ക്കായി. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് വാലറ്റത്തെ പുറത്താക്കാന്‍ പ്രയാസമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. രണ്ടാമത്തെ കാര്യം ഇന്ത്യയുടെ ടോപ് ഓഡറിന് ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇപ്പോഴും പ്രയാസമുണ്ട്. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ ബാറ്റ്‌സ്മാന്‍മാര്‍ നന്നായി പ്രയാസപ്പെട്ടു.

ഇഷാന്‍ കിഷന്റെ വിക്കറ്റ് നേടാനും മിച്ചല്‍ സ്റ്റാര്‍ക്കിന് സാധിച്ചു. പാകിസ്താനെതിരേ ഇറങ്ങുമ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയെന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ന്യൂസീലന്‍ഡിനെതിരേ ട്രന്റ് ബോള്‍ട്ടിന്റെ ഇടം കൈ പേസ് കരുത്തിനേയും ഇന്ത്യ ഭയക്കണം. ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത കാട്ടണം. ഇന്ത്യന്‍ താരങ്ങള്‍ക്ക് അമിത ആത്മവിശ്വാസമാണുള്ളത്. ഓസീസിനെതിരേ ഇത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.
രോഹിത് ശര്‍മയുടെ എല്‍ബിഡബ്ല്യുവിലൂടെയുള്ള പുറത്താകല്‍ മികച്ച പന്തിലായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. അതിവേഗത്തില്‍ വിജയലക്ഷ്യം മറികടക്കാമെന്ന അമിത ആത്മവിശ്വാസമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പിച്ചിന്റെ സ്വഭാവം ഉള്‍ക്കൊണ്ടുകൊണ്ട് ക്ഷമകാട്ടാന്‍ ഇവര്‍ തയ്യാറായില്ല. നല്ല ബൗളര്‍മാരെ കരുതലോടെ കളിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ടോപ് ഓഡറിന് ഇത് സാധിക്കാതെ പോയി എന്നതാണ് വസ്തുത.
എന്നാല്‍ ചില പോസിറ്റീവുകളും ഇന്ത്യയുടെ പ്രകടനത്തിലുണ്ടായിരുന്നു. അതിലൊന്നാമത്തേത് ടോപ് ഓഡര്‍ തകര്‍ന്നാലും ജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് കാട്ടിക്കൊടുക്കാന്‍ താരങ്ങള്‍ക്കായി എന്നതാണ്. ഒരു കാലഘട്ടത്തില്‍ ടോപ് ഓഡര്‍ തകര്‍ന്നാല്‍ പിന്നാലെ കൂട്ടത്തകര്‍ച്ച നേരിടുകയും ടീം തോല്‍ക്കുകയും ചെയ്യുന്നതായിരുന്നു ഇന്ത്യയുടെ ശീലം. ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
മറ്റൊരു കാര്യം ഇന്ത്യയുടെ ഫീല്‍ഡിങ് മെച്ചപ്പെട്ടു. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് വലിയ തലവേദനയായിരുന്നത് ഫീല്‍ഡിങ്ങിലെ പിഴവുകളായിരുന്നു. എന്നാല്‍ ഓസീസിനെതിരേ ഗംഭീര ഫീല്‍ഡിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.