അഹമ്മദാബാദ്: വീണ്ടുമൊരു ലോക കിരീടം കൈയെത്തുംദൂരത്ത് നിന്നും വഴുതിപ്പോയതിന്റെ നിരാശയിലും ദു:ഖത്തിലുമാണ് ടീം ഇന്ത്യ. 20 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുമായി മുഖാമുഖം വന്നപ്പോള്‍ കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു രോഹിത് ശര്‍മയും സംഘവും. പക്ഷെ ഒരിക്കല്‍ക്കൂടി ഓസീസിന്റെ സമ്പൂര്‍ണ ആധിപത്യത്തിനു മുന്നില്‍ ഇന്ത്യക്കു മറുപടിയില്ലായിരുന്നു. ഇന്ത്യ നല്‍കിയ 241 റണ്‍സെന്ന വിജയലക്ഷ്യം ഓസീസിനു വെല്ലുവിളി സൃഷ്ടിച്ചില്ല. 43 ഓവറില്‍ നാലു വിക്കറ്റിനു അവര്‍ ആറാം ലോക കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയും ചെയ്തതു.
241 റണ്‍സെന്നത് പ്രതിരോധിക്കാന്‍ അത്ര എളുപ്പമുള്ള സ്‌കോറല്ലെന്നു ആരും സമ്മതിക്കും. പക്ഷെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചില പിഴവുകളും ഓസീസിനെ ജയത്തിനു വേണ്ടി സഹായിച്ചതായി കാണാം. വിചിത്രമായ ചില തീരുമാനങ്ങളും അദ്ദേഹം കളിയില്‍ സ്വീകരിച്ചിരുന്നു. എന്തൊക്കെയാണ് രോഹിത്തിന്റെ ഭാഗത്തു നിന്നുണ്ടായ ചില അബദ്ധങ്ങളെന്നു നമുക്കു നോക്കാം.

ആദ്യത്തേത് പവര്‍പ്ലേയിലെ ബൗളിങ് കോമ്പിനേഷനില്‍ രോഹിത് വരുത്തിയ സര്‍പ്രൈസ് മാറ്റമായിരുന്നു. ഇതുവരെയുള്ള മല്‍സരങ്ങളില്ലൊം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്നായിരുന്നു പവര്‍പ്ലേയില്‍ ഓവറുകള്‍ പങ്കിട്ടത്. ബോള്‍ അല്‍പ്പം പഴയതായ ശേഷമായിരുന്നു മുഹമ്മദ് ഷമിയെ പന്തെറിയാന്‍ വിളിച്ചിരുന്നത്. എന്നാല്‍ ഫൈനലില്‍ രോഹിത് ഇതു അഴിച്ചുപണിതു. ബുംറയും ഷമിയും ചേര്‍ന്നായിരുന്നു ന്യൂബോള്‍ പങ്കിട്ടത്.
പവര്‍പ്പേയില്‍ ഇവര്‍ രണ്ടു പേരെയല്ലാതെ മറ്റാരെയും രോഹിത് പരീക്ഷിച്ചില്ല. ബുംറ രണ്ടു വിക്കറ്റുകളും ഷമി ഒരു വിക്കറ്റും പവര്‍പ്ലേയില്‍ നേടിയെങ്കിലും രണ്ടോവറുകളെങ്കിലും സിറാജിനെ പരീക്ഷിക്കാമായിരുന്നു. കാരണം ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനും ബൗണ്‍സറുകള്‍ എറിയാനും മിടുക്കനുമാണ് സിറാജ്. പക്ഷെ ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലില്‍ ഫ്‌ളോപ്പായെന്ന കാരണത്താല്‍ സിറാജിലുള്ള വിശ്വാസം രോഹിത് നഷ്ടപ്പെടുത്തി.
17ാം ഓവറിലാണ് സിറാജ് ആദ്യ ഓവര്‍ എറിഞ്ഞത്. അപ്പോഴേക്കേും ബോള്‍ പഴയതാവുകയും ചെയ്തിരുന്നു. പവര്‍പ്ലേയില്‍ ഒന്ന്- രണ്ട് ഓവറുകള്‍ സിറാജിനും സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കും നല്‍കിയിരുന്നെങ്കില്‍ ബൗളിങില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടു വരാനും വിക്കറ്റെടുക്കാനും ഇന്ത്യയെ സഹായിക്കുമായിരുന്നു.

രോഹിത് ഫൈനലില്‍ വരുത്തിയ രണ്ടാമത്തെ അബദ്ധം രവീന്ദ്ര ജഡേജയെ ബൗളിങില്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നതാണ്. ജഡ്ഡു 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. വിട്ടുകൊടുത്തത് 43 റണ്‍സായിരുന്നു. ജഡ്ഡുവിനെ രോഹിത് ഉപയോിച്ച രീതി ആരെയും സംശയിപ്പിക്കും. കാരണം കൃത്യമായ ഇടവേളകളിലായിരുന്നില്ല അദ്ദേഹം ബൗള്‍ ചെയ്തതെന്നു കാണാം.
11ാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയ അദ്ദേഹം മൂന്നോവറില്‍ വഴങ്ങിയത് 11 റണ്‍സ് മാത്രമാണ്. അതിനു ശേഷം ജഡേജയെ പിന്‍വലിച്ച രോഹിത് അടുത്ത സ്‌പെല്‍ നല്‍കിയത് ഏറെ വൈകിയാണ്. 23ാം ഓവറിലാണ് പിന്നീട് അദ്ദേഹത്തെക്കൊണ്ട് ബൗള്‍ ചെയ്യിച്ചത്. അപ്പോഴേത്തും മൂന്നു വിക്കറ്റിനു 122 റണ്‍സുമായി ഓസീസ് പിടിമുറുക്കി കഴിഞ്ഞിരുന്നു.
രോഹിത് കാണിച്ച മൂന്നാമത്തെ അബദ്ധം ടൂര്‍ണമെന്റിലെ മുന്‍ മല്‍സരങ്ങളിലൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാതിരുന്നിട്ടും സൂര്യകുമാര്‍ യാദവിനെ ഫൈനലിലും നിലനിര്‍ത്തിയെന്നതാണ്. പകരം പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ അദ്ദേഹത്തിനു പരീക്ഷിക്കാമായിരുന്നു.
ഇതു ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു ഗുണം ചെയ്യുമായിരുന്നു. ഫൈനലിലും കാര്യമായൊന്നും സംഭാവന നല്‍കാതെയാണ് സ്‌കൈ പുറത്തായത്. 18 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.ഓസീസ് നിരയില്‍ ഇടംകൈയന്‍മാര്‍ ഏറെയുള്ളതിനാല്‍ അശ്വിന്റെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടാവുമായിരുന്നു.