ഒറ്റ രാത്രി കൊണ്ട് ലോക ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര. ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെതിരേ ന്യൂസിലാന്‍ഡ് ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്തപ്പോള്‍ ഹീറോസില്‍ ഒരാള്‍ 23 കാരനായ ഈ താരമായിരുന്നു. മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച രവീന്ദ്ര ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം തെറ്റിച്ചില്ല.
അറ്റാക്കിങ് ബാറ്റിങ് കാഴ്ചവച്ച താരം ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ കന്നി സെഞ്ച്വറി കുറിക്കുകയും ചെയ്തു. പുറത്താവാതെ 123 റണ്‍സാണ് ഇന്ത്യന്‍ വംശജനായ രവീന്ദ്ര അടിച്ചെടുത്തത്. വെറും 96 ബോളുകളില്‍ നിന്നായിരുന്നു ഇത്. 11 ഫോറും അഞ്ചു സിക്‌സറും ഇടംകൈയന്‍ ബാറ്ററുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ന്യൂസിലാന്‍ഡിന്റെ ഭാവി സൂപ്പര്‍ താരമായി വിശേഷിപ്പിക്കപ്പെടുന്ന രവീന്ദ്രയ്ക്കു ഇന്ത്യയുടെ രണ്ടു മുന്‍ ഇതിഹാസ ക്രിക്കറ്റര്‍മാരുമായി കൗതുകരമായ ഒരു ബന്ധമുണ്ട്. മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഈ രണ്ടു പേര്‍. ഇവരില്ലെങ്കില്‍ രചിന്‍ രവീന്ദ്രയെന്ന പേരില്‍ താരവും ഉണ്ടാവില്ലായിരുന്നു. എന്താണ് ഇതിനു പിന്നിലുള്ള കഥയെന്നു അറിയാം.
ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ മകനായി 1999ല്‍ ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണിലാണ് രവീന്ദ്ര ജനിച്ചത്. താരതത്തിന്റെ അച്ഛന്‍ ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസമാക്കിയ വളരെ കഴിവുറ്റ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്നു. ബെംഗളൂരു സ്വദേശിയായ അദ്ദേഹം 1990കളിലായിരുന്നു കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടി ന്യൂസിലാന്‍ഡിലേക്കു ചേക്കേറിയത്.
കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായിരുന്നു രവീന്ദ്രയുടെ പിതാവ്. 1990കളില്‍ ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച സച്ചിന്റെയും ദ്രാവിഡിന്റെയും കടുത്ത ആരാധകനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ മകന്‍ ജനിച്ചപ്പോള്‍ ഇരുവരുടെയും പേരില്‍ നിന്നും വാക്കുകള്‍ കടമെടുത്താണ് അദ്ദേഹം മകനു പേരിട്ടത്. രാഹുല്‍ ദ്രാവിഡിന്റെ പേരിലെ ആദ്യത്തെ രണ്ടു അക്ഷരങ്ങളായ ആര്‍എയും (ra) സച്ചിന്റെ പേരിലെ അവസാനത്തെ നാലു വാക്കുകളായ ചിനും (chin) ഒരുമിച്ച് ചേര്‍ത്ത് മകനു രചിനെന്നു പേര് നല്‍കുകയും ചെയ്തു.

ഇപ്പോഴിതാ രവീന്ദ്ര ലോകമറിയുന്ന ക്രിക്കറ്ററായി മാറിയപ്പോള്‍ പേരിനു പിന്നിലെ കൗതുകവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ന്യൂസിലാന്‍ഡിനായി ജൂനിയര്‍ ക്രിക്കറ്റിലൂടെയാണ് താരം വളര്‍ന്നുവന്നത്. അവര്‍ക്കു വേണ്ടി അണ്ടര്‍ 19 ലോകകപ്പിലും രവീന്ദ്ര കളിച്ചിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളാണ് താരത്തിനു ന്യൂസിലാന്‍ഡിന്റെ ജൂനിയര്‍ ടീമിലേക്കു ആദ്യമായി വഴി തുറന്നത്. അവിടെയും രവീന്ദ്ര മിന്നുന്ന പ്രകടനം നടത്തിയതോടെ സീനിയര്‍ ടീമിലേക്കും പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂസിലാന്‍ഡ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു രവീന്ദ്രയുടെ റെഡ് ബോളിലെ അരങ്ങേറ്റം. അന്നു കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കു വിജയം നിഷേധിക്കുന്നതില്‍ താരം നിര്‍ണായക പങ്കും വഹിച്ചിരുന്നു.
കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ വിജയമുറപ്പിച്ചിരിക്കെ അപരാജിതമായ അവസാന വിക്കറ്റില്‍ മറ്റൊരു ഇന്ത്യന്‍ വംശജനായ അജാസ് പട്ടേലിനെ കൂട്ടുപിടിച്ച് രവീന്ദ്ര ന്യൂസിലാന്‍ഡിനു വീരോചിത സമനില സമ്മാനിക്കുകയായിരുന്നു. രവീന്ദ്രയുടെ പോരാട്ടവീര്യം അന്നു ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. ന്യൂസിലാന്‍ഡിനായി മൂന്നു ടെസ്റ്റുകളും 12 ഏകദിനങ്ങളും 18 ടി20കളും രവീന്ദ്ര ഇതിനകം കളിച്ചുകഴിഞ്ഞു.