മുംബൈ: നെതര്‍ലന്‍ഡ്‌സിനോടേറ്റ അട്ടിമറി തോല്‍വിയില്‍ നിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയര്‍ന്ന് ദക്ഷിണാഫ്രിക്ക. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 229 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 399 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 22 ഓവറില്‍ 170 റണ്‍സില്‍ കൂടാരം കയറി.
സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസനും (109) മൂന്ന് വിക്കറ്റ് വീഴ്ത്തി ജെറാള്‍ഡ് കോയിറ്റ്‌സിയുമാണ് ഇംഗ്ലണ്ടിന് വമ്പന്‍ ജയമൊരുക്കിയത്. മാര്‍ക്കോ യാന്‍സന്‍ ( 75*, 2 വിക്കറ്റ്) ഓള്‍റൗണ്ട് പ്രകടനത്തോടെ തിളങ്ങി. ദക്ഷിണാഫ്രിക്ക നെറ്റ് റണ്‍റേറ്റില്‍ വലിയ കുതിച്ചുചാട്ടം നടത്തി. 2.121 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. നിലവില്‍ ടീം മൂന്നാം സ്ഥാനത്താണ്. തോല്‍വിയോടെ ഇംഗ്ലണ്ട് ഒമ്പതാം സ്ഥാനത്തേക്കെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്ക് (4) പുറത്തായി. റീസി ടോപ്ലിക്കാണ് വിക്കറ്റ്. എന്നാല്‍ ഈ വിക്കറ്റ് നേട്ടത്തെ മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല.
രണ്ടാം വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്‌സും (85) റാസി വാന്‍ ഡെര്‍ ഡ്യൂസനും (60) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് അടിത്തറ പാകി. 61 പന്തില്‍ 8 ബൗണ്ടറി നേടിയ ഡ്യൂസനെ ആദില്‍ റഷീദ് പുറത്താക്കുമ്പോള്‍ 121 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നിരുന്നു.
75 പന്തില്‍ 9 ഫോറും 3 സിക്‌സുമടക്കം 85 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സിനെ റഷീദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം (42) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. 4 ബൗണ്ടറിയടക്കം നേടി നിലയുറപ്പിച്ച് വരികയായിരുന്ന മാര്‍ക്രത്തെ ടോപ്ലിയാണ് പുറത്താക്കിയത്.
വമ്പനടിക്കാരനായ ഡേവിഡ് മില്ലറെ (5) ടോപ്ലി പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക ഒന്ന് പരുങ്ങി. എന്നാല്‍ ഹെന്റിച്ച് ക്ലാസനും (109) മാര്‍ക്കോ യാന്‍സനും (75*) ചേര്‍ന്ന് അവസാന ഓവറുകളില്‍ തല്ലിപ്പറത്തി.
67 പന്ത് നേരിട്ട് 12 ഫോറും 4 സിക്‌സും ഉള്‍പ്പെടെ കസറിയ ക്ലാസനെ ഗുസ് ആറ്റ്കിന്‍സനാണ് പുറത്താക്കിയത്. പിന്നീടാണ് യാന്‍സന്റെ വെടിക്കെട്ട് പിറന്നത്. 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് യാന്‍സന്‍ കസറിയത്. ജെറാള്‍ഡ് കോയ്റ്റ്‌സി (3) പെട്ടെന്ന് പുറത്തായപ്പോള്‍ കേശവ് മഹാരാജ് (1*) പുറത്താവാതെ നിന്നു. ഇതോടെ 7 വിക്കറ്റിന് 399 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന ലോകകപ്പ് സ്‌കോറാണ് മുംബൈയില്‍ പിറന്നത്.

അവസാന 56 പന്തില്‍ 138 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. യാന്‍സന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. ഇംഗ്ലണ്ടിനായി റീസി ടോപ്ലി മൂന്നും ഗുസ് ആറ്റ്കിന്‍സന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ ജോണി ബെയര്‍സ്റ്റോ (10) പുറത്തായി. ലൂങ്കി എന്‍ഗിഡിക്കാണ് വിക്കറ്റ്.
വിശ്വസ്തനായ താരം ജോ റൂട്ടിനെ (2) മാര്‍ക്കോ യാന്‍സന്‍ മടക്കിയപ്പോള്‍ ഡേവിഡ് മലാനെ (6) യാന്‍സന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന്റെ കൈയിലെത്തിച്ചു. പരിക്കിന്റെ ഇടവേളക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ബെന്‍ സ്‌റ്റോക്‌സിന് (5) പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. കഗിസോ റബാഡക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് സ്റ്റോക്‌സിന്റെ മടക്കം. വെടിക്കെട്ട് ബാറ്റിങ്ങോടെ തുടങ്ങിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ക്കും (7 പന്തില്‍ 15) രക്ഷകനാവാനായില്ല.
2 ഫോറും 1 സിക്‌സും പറത്തിയ ബട്‌ലറെ ജെറാള്‍ഡ് കോയിറ്റ്‌സി ഡീകോക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു. അവസാന പ്രതീക്ഷയായിരുന്ന ഹാരി ബ്രൂക്കിനെ (17) കോയിറ്റ്‌സി എല്‍ബിയിലും കുടുക്കിയതോടെ 11.3 ഓവറില്‍ 6 വിക്കറ്റിന് 68 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. ആദില്‍ റഷീദിനെ (10) കോയിറ്റ്‌സി പുറത്താക്കിയപ്പോള്‍ ഡേവിഡ് വില്ലിയെ (12) ലൂങ്കി എന്‍ഗിഡിയും മടക്കിയയച്ചു. വാലറ്റത്ത് മികച്ച പോരാട്ടം നടത്തിയ ഗുസ് ആറ്റ്കിന്‍സനെ (21 പന്തില്‍ 35) കേശവ് മഹാരാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.
മാര്‍ക്ക് വുഡ് (17 പന്തില്‍ 43*) പുറത്താവാതെ നിന്നു. പരിക്കേറ്റ റീസെ ടോപ്ലി ബാറ്റുചെയ്യാനിറങ്ങാതിരുന്നതോടെ 22 ഓവറില്‍ 170 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ജെറാള്‍ഡ് കോയിറ്റ്‌സി മൂന്നും ലൂങ്കി എന്‍ഗിഡി, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.