ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനെ നേരത്തേ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ അബദ്ധം കാരണം ഇന്ത്യക്കു നഷ്ടമായതാണ് ഇപ്പോൾ വലിയ ചര്‍ച്ചയായി മാറുന്നത്. അദ്ദേഹം 30 റണ്‍സില്‍ നില്‍ക്കവെയായിരുന്നു വിക്കറ്റ് നേടാന്‍ ഇന്ത്യക്കു നല്ലൊരു അവസരം കിട്ടിയത്. പക്ഷെ ഇതു ഇന്ത്യ കളഞ്ഞുകുളിച്ചതോടെ രക്ഷപ്പെട്ട വില്ല്യംസണ്‍ 69 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
ടൂര്‍ണമെന്റിലുടനീളം വിക്കറ്റ് കീപ്പിങില്‍ ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രാഹുല്‍ വളരെ കുറച്ചു പിഴവുകള്‍ മാത്രമേ വരുത്തിയിട്ടുളളൂ. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള ഇന്നത്തെ സെമിയില്‍ അദ്ദേഹത്തിനു സംബന്ധിച്ചത് വലിയൊരു അബദ്ധമായിരുന്നു. 398 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു ന്യൂസിലാന്‍ഡ് ബാറ്റ് ചെയ്യവെ 18ാം ഓവറിലായിരുന്നു സംഭവം.

കുല്‍ദീപ് യാദവായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡ് അപ്പോള്‍ രണ്ടു വിക്കറ്റിനു 104 റണ്‍സെന്ന നിലയിലായിരുന്നു. 25 റണ്‍സുമായി വില്ല്യംസണും 32 റണ്‍സുമായി ഡാരില്‍ മിച്ചെലുമായിരുന്നു ക്രീസില്‍. ആദ്യ ബോളില്‍ മിച്ചെല്‍ സിംഗിളെടുത്തു. അടുത്ത ബോളില്‍ വില്ല്യംസണ്‍ ഫോറുമടിച്ചു. മൂന്നാമത്തെ ബോളില്‍ വില്ലിക്കെതിരേ ഇന്ത്യ എല്‍ബിഡബ്ല്യുവിനായി റിവ്യു എടുത്തെങ്കിലും പാളി. തേര്‍ഡ് അംപയര്‍ ഇതു തള്ളുകയായിരുന്നു.
അടുത്ത ബോളില്‍ ലെഗ് ബൈയായി കിവികള്‍ക്കു ബൗണ്ടറി ലഭിച്ചു. അഞ്ചാമത്തെ ബോളിലായിരുന്നു റണ്ണൗട്ടില്‍ നിന്നും വില്ലിയുടെ രക്ഷപ്പെടല്‍. സ്‌ട്രൈക്ക് നേരിട്ട ശേഷം സിംഗിളിനായി ശ്രമിച്ച വില്ലിയെ മിച്ചെല്‍ തിരികെ അയച്ചു. ഇതിനിടെ മുഹമ്മദ് ഷമിയുടെ മികച്ചൊരു ത്രോ നേരെ സ്റ്റംപുകളിലേക്ക്. എന്നാല്‍ ബോള്‍ സ്റ്റംപില്‍ പതിക്കും മുമ്പ് തന്നെ രാഹുലിന്റെ ഗ്ലൗസ് തട്ടി ബേല്‍സ് വീഴുകയും ലൈറ്റ് തെളിയുകയുമായിരുന്നു.

പക്ഷെ ബോള്‍ പിന്നീട് സ്റ്റംപില്‍ കൊള്ളുമ്പോള്‍ വില്ല്യംസണിന്റെ ബാറ്റ് ക്രീസ് കടന്നുവോയെന്ന കാര്യം സംശയമായിരുന്നു. തേര്‍ഡ് അംപയര്‍ വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പല തവണ റീപ്ലേകള്‍ പരിശോധിച്ചെങ്കിലും രാഹുലിന്റെ ഗ്ലൗസില്‍ തട്ടി ബേല്‍സ് നേരത്തേ താഴെ വീണതിനാല്‍ വ്യക്തമായ തെളിവ് ലഭിച്ചില്ല.
ഇതോടെ ബാറ്റര്‍ക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കിയ തേര്‍ഡ് അംപയര്‍ നോട്ടൗട്ടും വിധിക്കുകയായിരുന്നു. രാഹുലിന്റെ ഗ്ലൗസ് സ്റ്റംപുകളില്‍ പതിച്ചില്ലായിരുന്നെങ്കില്‍ വില്ല്യംസണ്‍ പുറത്താവേണ്ട ത്രോയായിരുന്നു ഇത്. ജീവന്‍ തിരിച്ചുകിട്ടിയ വില്ല്യംസണ്‍ പിന്നീട് മിച്ചെലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി ടീമിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.
33ാം ഓവറിലാണ് വില്ല്യംസണ്‍ പിന്നീട് പുറത്തായത്. അപ്പോഴേക്കും അദ്ദേഹം 69 റണ്‍സെടുത്തിരുന്നു. 73 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സറിനു ശ്രമിച്ച വില്ലിയെ ഷമിയുടെ ബൗളിങില്‍ സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിനു തൊട്ടരികെ പിടികൂടുകയായിരുന്നു.