ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം മോശം ബാറ്റിങാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മധ്യ ഓവറുകളിലെ സ്ലോ ബാറ്റിങ് ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറിയെന്നും ആരെങ്കിലുമൊരാള്‍ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു 240 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. ഓസീസ് ഈ ലക്ഷ്യം അനായാസം മറികടക്കുകയും ചെയ്തു.
ഏറ്റവുമധികം ധൈര്യശാലികളായ ടീമായിരിക്കും ഫൈനലില്‍ വിജയിക്കുകയെന്നു താന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണെന്നും ഇത്തവണയും ഇതു തന്നെയാണ് ഓസ്‌ട്രേലിയയുടെ വിജയം തെളിയിക്കുന്നതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ സമയം ആവശ്യമാണെന്നതു എനിക്കു മനസ്സിലാവും. പക്ഷെ 11 ഓവര്‍ മുതല്‍ 40 ഓവര്‍ വരെയെന്നത് വളരെ വലിയ സമയമാണ്. ആരെങ്കിലുമൊരാള്‍ അഗ്രസീവായി ബാറ്റ് ചെയ്യുകയെന്ന റിസ്‌ക്ക് എടുക്കേണ്ടിയിരുന്നുവെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

ഇന്ത്യയുടെ ആദ്യത്തെ ആറ്- ഏഴു ബാറ്റര്‍മാര്‍ അഗ്രസീവായി കളിക്കുകയും ടീം 150നു ഓള്‍ഔട്ടാവുകയും ചെയ്താലും എനിക്കു കുഴപ്പമില്ലായിരുന്നു. പക്ഷെ ഒരു ലോകകപ്പ് ഫൈനലില്‍ 240 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ കരുതിയെങ്കില്‍ ഇങ്ങനെയല്ല നിങ്ങള്‍ പോരാടേണ്ടത്. അഗ്രസീവ് ബാറ്റിങ് കാഴ്ച വച്ചിരുന്നെങ്കില്‍ ഒന്നുകില്‍ നമ്മള്‍ 150ന് പുറത്തായേനെ, അല്ലെങ്കില്‍ 300 റണ്‍സിനും പുറത്താവുമായിരുന്നു.
ഇന്ത്യക്കു ഇവിടെയാണ് പിഴച്ചതെന്നു ഞാന്‍ കരുതുന്നു. ഇതു കൊണ്ടു തന്നെയാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയാതെ പോവുന്നത്. ഞാന്‍ പുറത്തായാലും നിങ്ങളെല്ലാം അഗ്രസീവായി തന്നെ കളിക്കണമെന്നു ഫൈനലിനു മുമ്പ് ടീമംഗങ്ങള്‍ക്കു രോഹിത് സന്ദേശം നല്‍കണമായിരുന്നുവെന്നും ഗംഭീര്‍ വിശദമാക്കി. നാലാം വിക്കറ്റില്‍ വിരാട് കോലി- കെഎല്‍ രാഹുല്‍ ജോടി സഖ്യം ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
109 ബോളില്‍ 67 റണ്‍സാണ് ഈ സഖ്യം നേടിയത്. ഒരു ബൗണ്ടറി പോലുമില്ലാതെ 97 ബോളുകള്‍ മധ്യ ഓവറുകളില്‍ ഇന്ത്യ കളിക്കുകയും ചെയ്തിരുന്നു. ബൗണ്ടറികള്‍ കുറവായിരുന്നെങ്കിലും 63 ബോളില്‍ 54 റണ്‍സ് കോലി നേടിയിരുന്നു. അദ്ദേഹം പുറത്തായ ശേഷം ഇന്ത്യന്‍ സ്‌കോറിങിനു വീണ്ടും വേഗത കുറയുകയായിരുന്നു.

ആങ്കറുടെ റോളിലാണ് വിരാട് കോലി ഫൈനലില്‍ കളിച്ചത്. പക്ഷെ ബാക്കിയുള്ളവരെല്ലാം അഗ്രസീവായ സമീപനം ബാറ്റിങില്‍ സ്വീകരിക്കണമായിരുന്നു. കെഎല്‍ രാഹുലിന് അഗ്രസീവായി ഷോട്ടുകള്‍ കളിക്കാമായിരുന്നു. അതുകൊണ്ടു എന്തു നഷ്ടമാണ് സംഭവിക്കുക?
ചിലപ്പോള്‍ നമ്മള്‍ 150ന് പുറത്താവും. പക്ഷെ നമ്മള്‍ ധൈര്യശാലികളായി മാറുമായിരുന്നു. ചിലപ്പോള്‍ നമ്മള്‍ 310 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ലോക ചാംപ്യന്‍മാരുമാവുകയും ചെയ്യുമായിരുന്നു. ഇതു 1990കളല്ല, 240 റണ്‍സെന്നത് ഇപ്പോള്‍ നല്ല സ്‌കോറല്ല. 300 പ്ലസ് ടോട്ടലുകളാണ് നിങ്ങള്‍ക്കു ആവശ്യം. ഇന്ത്യ വേണ്ടത്ര ധൈര്യം ഫൈനലില്‍ കാണിച്ചില്ലെന്നും ഗംഭീര്‍ വിമര്‍ശിച്ചു.
ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോററായത് 66 റണ്‍സെടുത്ത രാഹുലായിരുന്നു. പക്ഷെ 107 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു നേടാനായത് ഒരേയൊരു ഫോര്‍ മാത്രമാണ്. കോലി 54 റണ്‍സ് നേടിയപ്പോള്‍ നായകന്‍ രോഹിത് വീണ്ടുമൊരു അഗ്രസീവ് ഇന്നിങ്‌സ് കാഴ്ചവച്ചു. 31 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം 47 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്.