മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കെ വലിയ തിരിച്ചടിയാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. സ്റ്റാര്‍ ഓപ്പണറായ ശുബ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചതോടെ അദ്ദേഹത്തിന് ആദ്യത്തെ രണ്ട് മൂന്ന് മത്സരമെങ്കിലും നഷ്ടമായേക്കുമെന്നാണ് വിവരം. ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവര്‍ക്കെതിരായ മത്സരത്തില്‍ ഗില്‍ കളിക്കില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇതോടെ പുതിയ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് മാറാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയാണ്.
നായകന്‍ രോഹിത് ശര്‍മക്കൊപ്പം ആരാവും ഓപ്പണറെന്നതാണ് കണ്ടറിയേണ്ടത്. ഇടം കൈയന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഓപ്പണറാവാനുള്ള സാധ്യതയാണ് കൂടുതല്‍. നേരത്തെ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങി വലിയ അനുഭവസമ്പത്തുള്ള താരമാണ് ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സിലും ഇവര്‍ ഒന്നിച്ച് ഓപ്പണ്‍ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ ഇന്ത്യ സര്‍പ്രൈസ് നീക്കത്തിനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ രോഹിത്തും രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ഇത്തവണ ഗില്ലിന്റെ അഭാവത്തില്‍ അനുഭവസമ്പന്നരായ ഈ കൂട്ടുകെട്ടിനെ കളിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.
രാഹുല്‍ നിലവില്‍ നാല്, അഞ്ച് നമ്പറുകളിലാണ് ബാറ്റു ചെയ്യുന്നത്. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള രാഹുല്‍ പരിമിത ഓവറില്‍ മധ്യനിരയിലേക്ക് മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഓപ്പണിങ്ങിലേക്ക് രാഹുലിനെ പരിഗണിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇഷാന്‍ കിഷനെ ഓപ്പണറാക്കിയാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് ഒരു ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പോലുമില്ലാത്ത അവസ്ഥ വരും. ഇത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

രവീന്ദ്ര ജഡേജ ഏഴാം നമ്പറിലാണ് കളിക്കുന്നത്. ജഡേജയെ നേരത്തെ ഇറക്കിയാലും വലിയ പ്രതീക്ഷ നല്‍കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ കളിച്ച് ഏകദിനത്തില്‍ ഒരു ഫിഫ്റ്റിയാണ് ജഡേജ നേടിയത്. അതുകൊണ്ടുതന്നെ ജഡേജയുടെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ വെക്കാനാവില്ല. ഇക്കാരണത്താല്‍ത്തന്നെ ഇഷാന്‍ കിഷനെ ഇന്ത്യ അഞ്ചാം നമ്പറില്‍ കളിപ്പിക്കുകയും രാഹുലിനെ ഓപ്പണറാക്കുകയും ചെയ്യുമെന്നാണ് വിവരം.
നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാവും അവസരം ലഭിക്കുക. സൂര്യകുമാര്‍ യാദവ് പുറത്തിരിക്കും. ചെന്നൈയിലാണ് ആദ്യ മത്സരം. ഇവിടുത്തെ പിച്ച് സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നാണ് ക്രിക്ക് ബസിന്റെ റിപ്പോര്‍ട്ടുള്ളത്. അങ്ങനെ വന്നാല്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ മൂന്ന് സ്പിന്നര്‍മാരും ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ടാവും. ശാര്‍ദ്ദുല്‍ ടാക്കൂറിന് സീറ്റുണ്ടാവില്ല.
ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നെറ്റ്‌സ് പരിശീലനം നടത്തുമ്പോള്‍ ഹാര്‍ദിക്കിന്റെ കൈക്ക് പരിക്കേറ്റെന്നാണ് വിവരം. എന്നാല്‍ ഹാര്‍ദിക്കിന്റെ പരിക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹാര്‍ദിക്കിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11നെയത് മാറ്റിമറിക്കും. ഹാര്‍ദിക്കിന്റെ ഉത്തമ പകരക്കാരന്‍ ഇന്ത്യന്‍ നിരയിലില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് പരിക്കേറ്റാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്.
ഓസ്‌ട്രേലിയക്കെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാവും. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റിരുന്നു. കൂടാതെ ആതിഥേയരെന്ന സമ്മര്‍ദ്ദവും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഇത്തവണ സംതുലിതമായ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശര്‍മയെന്ന മികച്ച നായകനും ടീമിനൊപ്പമുണ്ട്. ഓസീസിനെ തോല്‍പ്പിച്ച് ലോകകപ്പിലേക്കുള്ള വരവറിയിക്കാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം.