ഐസിസി ഏകദിന ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ആരാവണം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്. നേരത്തേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്തിനു ടൂര്‍ണമെന്റ് നഷ്ടമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതോടെയാണ് പുതിയൊരു വിക്കറ്റ് കീപ്പറെ ഇന്ത്യക്കു തിരയേണ്ടി വന്നിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരോടൊപ്പം പാര്‍ട്ട്‌ടൈം വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലുമാണ് ഈ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത്.
രാഹുല്‍ നിലവില്‍ പരിക്കേറ്റ് ടീമിനു പുറത്താണെങ്കിലും ലോകകകപ്പിനു മുമ്പ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹം മടങ്ങിയെത്തിയാല്‍ സഞ്ജുവിനും ഇഷാനുമായിരിക്കും അതു ക്ഷീണമാവുക. രണ്ടിലൊരാള്‍ക്കു മാത്രമേ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കുകയുള്ളൂ.

ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി രാഹുല്‍ മതിയെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. ഇഷാന്ത് ശര്‍മ, വസീം ജാഫര്‍ എന്നിവരോടൊപ്പം ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ലോകകപ്പില്‍ കെഎല്‍ രാഹുലിനെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കാണുന്നുണ്ടോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു ഇഷാന്ത് ശര്‍മയുടെ മറുപടി. റിഷഭ് പന്ത് കളിക്കുന്നില്ലെങ്കില്‍ വിക്കറ്റ് കീപ്പറുടെ സ്ലോട്ട് ലോകകപ്പില്‍ വളരെ പ്രധാനപ്പെട്ടതായി മാറും. രാഹുല്‍ നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാം ഏകദിനത്തില്‍ കളിക്കുന്നയാളാണ്.
റണ്‍സ് നേടുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ക്കു വിക്കറ്റ് കീപ്പറില്ലെങ്കില്‍ രാഹുലിന് ഈ റോള്‍ നല്‍കുകയും ഒപ്പം ഒരു എക്‌സ്ട്രാ ബാറ്ററെ കളിപ്പിക്കാനും കഴിയും. അതുകൊണ്ടു തന്നെ രാഹുല്‍ തീര്‍ച്ചയായും ഏകദിന ഫോര്‍മാറ്റില്‍ വളരെ പ്രധാനപ്പെട്ട താരമായി മാറുമെന്നും ഇഷാന്ത് വിശദീകരിച്ചു.
കെഎല്‍ രാഹുലിനെക്കൂടാതെ ലോകകപ്പില്‍ ഇന്ത്യയുടെ മറ്റു വിക്കറ്റ് കീപ്പിങ് ഓപ്ഷുകള്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും മാത്രമാണെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സേവനം ലഭ്യമല്ലെങ്കില്‍ പകരം ഈ റോളിലേക്കു ഏതൊക്കെ ഓപ്ഷനുകളാണ് ഉള്ളതെന്നാണ് നിങ്ങള്‍ നോക്കേണ്ടത്.

നിലവിലെ ഏകദിന സ്‌ക്വാഡിനെ (വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന ടീം) എടുത്താല്‍ സഞ്ജുവും ഇഷാനുമാണ് വിക്കറ്റ് കീപ്പര്‍മാരായുള്ളത്. ഇഷാന്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. പക്ഷെ അവന്റെ റോള്‍ ഓപ്പണറുടേതാണ്. അഞ്ച്, ആറ് സ്ഥാനങ്ങളിലേക്കു ഇഷാന്‍ ഒരു ഓപ്ഷനല്ലെന്നും ചോപ്ര വിലയിരുത്തി.
ലോവര്‍ ഓര്‍ഡറില്‍ ഇന്ത്യക്കുവേണ്ടി ഏകദിന ഫോര്‍മാറ്റില്‍ കളിക്കാന്‍ ശേഷിയുള്ള മറ്റൊരു താരം സഞ്ജു സാംസണാണ്. അവന്‍ വളരെ പ്രതിഭാശാലിയായ താരമാണ്, ബാറ്റ് ചെയ്യുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കാണപ്പെടാറുള്ളത്. പക്ഷെ സഞ്ജുവിന്റെ മികച്ച പ്രകടനങ്ങള്‍ ഐപിഎല്ലില്‍ നമ്മള്‍ കണ്ടിട്ടുള്ളത് മൂന്നാം നമ്പറിലാണ്. സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ അല്‍പ്പം സ്റ്റോപ്പ്- സ്റ്റാര്‍ട്ടാണെന്നും ചോപ്ര നിരീക്ഷിച്ചു.
രാഹുല്‍ തന്നെ ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി കളിക്കണമെന്ന അഭിപ്രായമാണ് വസീം ജാഫര്‍ക്കുമുള്ളത്. ഈ ടീമിനെ സംബന്ധിച്ച് രാഹുല്‍ വളരെയധികം പ്രധാനപ്പെട്ട താരമാണ്. ഏകദിന ഫോര്‍മാറ്റില്‍ കഴിഞ്ഞ ഒന്ന്, രണ്ടു വര്‍ഷങ്ങളായി അദ്ദേഹം വളരെ മികച്ച ഫോമിലുമാണ്.
വിക്കറ്റ് കീപ്പര്‍ കൂടിയായ രാഹുലിന് മുന്‍നിരയിലും മധ്യനിരയിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ സാധിക്കും. അഞ്ചാം നമ്പറില്‍ വളരെ മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്. ഫിറ്റാണെങ്കില്‍ രാഹുല്‍ നേരെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വരുമെന്നും ജാഫര്‍ വിശദീകരിച്ചു.