World Cup 2023: എന്തൊരടി, രാഹുല്‍ ഷോ-ഹിറ്റ്മാന്റെ ലോക റെക്കോഡ് തകര്‍ത്തു! ഇനി ഒന്നാമന്‍
ബംഗളൂരു: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 410 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യയുടെ ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാരും ചരിത്രത്തിലാദ്യമായി 50ലധികം റണ്‍സ് നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ഇതില്‍ ശ്രേയസ് അയ്യരുടേയും (128*) കെ എല്‍ രാഹുലിന്റേയും (102) പ്രകടനമാണ് എടുത്തു പറയേണ്ടത്.
രോഹിത് ശര്‍മ (61), വിരാട് കോലി (51), ശുബ്മാന്‍ ഗില്‍ (51) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. എല്ലാവരും ലോക റെക്കോഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതില്‍ കെ എല്‍ രാഹുലിന്റെ വെടിക്കെട്ടാണ് എടുത്തു പറയേണ്ടത്. 62 പന്തിലാണ് രാഹുല്‍ സെഞ്ച്വറി നേടിയത്. ഏകദിന ലോകകപ്പിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറിയാണിത്. രോഹിത് ശര്‍മ 63 പന്തില്‍ നേടിയ സെഞ്ച്വറി റെക്കോഡാണ് രാഹുല്‍ തകര്‍ത്തത്. കര്‍ണാടകക്കാരനായ രാഹുലിന് വലിയ അനുഭവസമ്പത്തുള്ള മൈതാനമാണ് ബംഗളൂരുവിലേത്.
ഇത് മുതലാക്കിത്തന്നെ കളിക്കാന്‍ രാഹുലിനായി. ഇതോടെയാണ് ചരിത്ര റെക്കോഡിലേക്ക് രാഹുലെത്തിയത്. 64 പന്തില്‍ 11 ഫോറും 4 സിക്‌സറും ഉള്‍പ്പെടെയാണ് രാഹുല്‍ കസറിയത്. അവസാന രണ്ട് മത്സരത്തിലും രാഹുലിന് വലിയ മികവ് കാട്ടാനായിരുന്നില്ല.
എന്നാല്‍ സെമി ഫൈനലിന് തൊട്ടരിക ഫോമിലേക്കെത്താന്‍ രാഹുലിനായിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ശ്രേയസ് അയ്യരും കസറി. 94 പന്തില്‍ 10 ഫോറും 5 സിക്‌സുമാണ് ശ്രേയസ് പറത്തിയത്. ഏകദിന ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണ് ശ്രേയസ് നേടിയത്.
രാഹുലും ശ്രേയസും ചേര്‍ന്ന് അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. ഫിഫ്റ്റിക്ക് ശേഷം സെഞ്ച്വറിയിലേക്കെത്താന്‍ വെറും 22 പന്തുകളാണ് രാഹുലിന് വേണ്ടിവന്നതെന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ മധ്യനിരയുടെ നിലവിലെ ഫോം ടീമിന്റെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നതാണ്. ശ്രേയസ് അയ്യര്‍ യുവരാജ് സിങ്ങിന്റെ വമ്പനൊരു റെക്കോഡും തകര്‍ത്തു. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന മധ്യനിര ബാറ്റ്‌സ്മാനെന്ന റെക്കോഡില്‍ ശ്രേയസ് തലപ്പത്തെത്തി.

2011ലെ ലോകകപ്പില്‍ 362 റണ്‍സാണ് യുവരാജ് നേടിയത്. ഇത്തവണ നാലാം നമ്പറില്‍ ബാറ്റുചെയ്യുന്ന ശ്രേയസ് ഇതിനോടകം 421 റണ്‍സ് നേടിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ 347 റണ്‍സാണ് ഇത്തവണ നേടിയത്. ഇത്തവണ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
594 റണ്‍സുമായി വിരാട് കോലി റണ്‍വേട്ടയില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ രോഹിത് ശര്‍മ 503 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 421 റണ്‍സ് ശ്രേയസും 347 റണ്‍സ് രാഹുലും ശുബ്മാന്‍ ഗില്‍ 270 റണ്‍സുമാണ് നേടിയത്.
നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട താരങ്ങളാണ് ശ്രേയസും രാഹുലും. രണ്ട് പേരും പ്രകടനം കൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ്. സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേയും ഇതേ മികവ് ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സെമി കടമ്പ ഏറെ നാളുകളായി ഇന്ത്യക്ക് തലവേദനയാണ്. ഇതിനെ മറികടന്ന് ഇത്തവണ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും 500ലധികം റണ്‍സ് നേടിയിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം രണ്ട് ലോകകപ്പുകളില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യത്തെ താരമാണ് രോഹിത് ശര്‍മ. വിരാട് കോലി ഈ ലോകകപ്പില്‍ ഏഴാം ഫിഫ്റ്റിയാണ് നേടിയത്. ഇതോടെ ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റിയെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി. റെക്കോഡുകളുടെ ചാകരയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേടിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications